ETV Bharat / sports

കിവീസിനോട് തോറ്റ് തുന്നംപാടി, ഷഹീൻ അഫ്രീദിയുടെ സ്ഥാനം തെറിച്ചു; പാകിസ്ഥാൻ നായകനായി വീണ്ടും ബാബര്‍ അസം - BABAR AZAM RECLAIM PAK CAPTAINCY

author img

By ETV Bharat Kerala Team

Published : Mar 31, 2024, 1:02 PM IST

BABAR AZAM  PAKISTAN NEW CAPTAIN  PAKISTAN T20I CRICKET TEAM  SHAHEEN AFRIDI
BABAR AZAM RECLAIM PAK CAPTAINCY

പാകിസ്ഥാൻ ഏകദിന-ടി20 ടീമുകളുടെ ക്യാപ്‌റ്റനായി ബാബര്‍ അസമിനെ വീണ്ടും നിയമിച്ചു.

കറാച്ചി : ടി20 ലോകകപ്പിന് മുന്‍പായി ക്യാപ്‌റ്റൻ സ്ഥാനത്ത് വീണ്ടും അഴിച്ചുപണിയുമായി പാകിസ്ഥാൻ ക്രിക്കറ്റ് ടീം. ഏകദിന, ടി20 ടീമുകളുടെ നായകനായ ഷഹീൻ അഫ്രീദിയെ പുറത്താക്കി മുൻ ക്യാപ്‌റ്റൻ ബാബര്‍ അസമിനെയാണ് പാക് ക്രിക്കറ്റ് ബോര്‍ഡ് വീണ്ടും ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ഏകദിന ലോകകപ്പില്‍ പാകിസ്ഥാന് സെമി ഫൈനലിന് യോഗ്യത നേടാൻ സാധിക്കാതെ വന്നതോടെയായിരുന്നു ബാബര്‍ അസം ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞത്.

ബാബര്‍ സ്ഥാനമൊഴിഞ്ഞതോടെ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഷഹീൻ അഫ്രീദിയ്‌ക്കും ടെസ്റ്റില്‍ ഷാന്‍ മസൂദിനെയും പാകിസ്ഥാൻ നായകന്മാരായി ചുമതലപ്പെടുത്തി. എന്നാല്‍, വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ പുതിയ നായകന് കീഴില്‍ മികവിലേക്ക് ഉയരാൻ പാകിസ്ഥാന് സാധിച്ചില്ല. അടുത്തിടെ അവസാനിച്ച ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ അഫ്രീദിയ്ക്ക് കീഴില്‍ ദയനീയ പ്രകടനമായിരുന്നു പാകിസ്ഥാൻ ടീം കാഴ്‌ചവച്ചത്.

അഞ്ച് മത്സരങ്ങളുടെ പരമ്പര പാകിസ്ഥാൻ 4-1ന് കൈവിട്ടു. കൂടാതെ, പാകിസ്ഥാൻ സൂപ്പര്‍ ലീഗിലും അഫ്രീദിയ്‌ക്ക് കീഴില്‍ കളിക്കാനെത്തിയ ലാഹോര്‍ ക്യുലാന്‍ഡേഴ്‌സിന് മികവിലേക്ക് ഉയരാനായില്ല. കഴിഞ്ഞ മാസം നടന്ന ടൂര്‍ണമെന്‍റില്‍ 10 മത്സരങ്ങളില്‍ ഒരു ജയം മാത്രമായിരുന്നു ടീം നേടിയത്.

ടി20 ലോകകപ്പിന് മുന്‍പ് ഏപ്രിലില്‍ ന്യൂസിലന്‍ഡിനെതിരെ നാട്ടില്‍ അഞ്ച് ടി20 മത്സരങ്ങള്‍ പാകിസ്ഥാൻ കളിക്കും. നായകനായി തിരിച്ചെത്തുന്ന ബാബറിന് കീഴിലാകും പാകിസ്ഥാൻ ടീം ഈ മത്സരങ്ങള്‍ക്ക് ഇറങ്ങുക. ഏപ്രില്‍ 18 മുതല്‍ 27 വരെയാണ് മത്സരങ്ങള്‍.

Also Read : ഫാന്‍ ഫൈറ്റ് അതിരുവിടുന്നു, ഇതു സിനിമാ സംസ്‌കാരം; തുറന്നടിച്ച് ആര്‍ അശ്വിന്‍ - R Ashwin Supports Hardik Pandya

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.