ETV Bharat / sports

എട്ടാം നമ്പറിലെ വെടിക്കെട്ട്; ഐപിഎല്ലില്‍ അപൂര്‍വ നേട്ടം സ്വന്തമാക്കി അശുതോഷ് ശര്‍മ - Ashutosh Sharma IPL Record

author img

By ETV Bharat Kerala Team

Published : Apr 19, 2024, 3:48 PM IST

ഐപിഎല്ലില്‍ അരങ്ങേറ്റ സീസണ്‍ കളിക്കുന്ന അശുതോഷ് ശര്‍മ പഞ്ചാബ് കിങ്‌സിനായി ഇതേവരെ കളിച്ച നാല് മത്സരങ്ങളില്‍ നിന്നും നേടിയത് 156 റണ്‍സ്.

IPL 2024  PBKS VS MI  അശുതോഷ് ശര്‍മ  പഞ്ചാബ് കിങ്‌സ്
Ashutosh Sharma hits most runs in an IPL season batting 8 or below

മുല്ലാന്‍പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിന് എതിരായ മത്സരത്തില്‍ പഞ്ചാബ് കിങ്‌സിന്‍റെ തോല്‍വി ഭാരം കുറച്ചത് അശുതോഷ് ശർമയുടെ അര്‍ധ സെഞ്ചുറി പ്രകടനമാണ്. എട്ടാം നമ്പറില്‍ ക്രീസിലേക്ക് എത്തിയ അശുതോഷ് 28 പന്തുകളില്‍ രണ്ട് ബൗണ്ടറികളും ഏഴ്‌ സിക്‌സറുകളും സഹിതം 61 റണ്‍സായിരുന്നു അടിച്ച് കൂട്ടിയത്. മുംബൈക്കെതിരായ ഈ അതിശയ പ്രകടനത്തിന് പിന്നാലെ ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഒരു അപൂര്‍വ റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് 25-കാരന്‍.

ഐപിഎല്ലിന്‍റെ ഒരു സീസണില്‍ എട്ടാം നമ്പറിലോ അതിന് ശേഷമോ ഇറങ്ങി 150 റണ്‍സിലധികം നേടുന്ന ആദ്യ താരമായാണ് അശുതോഷ് ശര്‍മ മാറിയത്. തന്‍റെ അരങ്ങേറ്റ സീസണില്‍ ഇതേവരെ കളിച്ച നാല് മത്സരങ്ങളില്‍ നിന്നും 156 റണ്‍സാണ് അശുതോഷിന്‍റെ സമ്പാദ്യം. 52.00 ശരാശരിയുള്ള താരത്തിന്‍റെ സ്‌ട്രൈക്ക് റേറ്റ് 205.26 ആണ്.

അശുതോഷിനെ കൂടാതെ ഗുജറാത്ത് ടൈറ്റന്‍സിന്‍റെ റാഷിദ് ഖാന് മാത്രമാണ് എട്ടാം നമ്പറിലോ അതിന് ശേഷമോ ഇറങ്ങി 100-ല്‍ ഏറെ റണ്‍സ് നേടാന്‍ കഴിഞ്ഞിട്ടുള്ളത്. കഴിഞ്ഞ സീസണില്‍ 115 റണ്‍സായിരുന്നു റാഷിദ് അടിച്ചത്. 2020 സീസണില്‍ 98 റണ്‍സ് നേടിയ ജോഫ്ര ആര്‍ച്ചര്‍, 2010 സീസണില്‍ 96 റണ്‍സ് നേടിയ ഹര്‍ഭജന്‍ സിങ്‌, 2021 സീസണില്‍ 93 റണ്‍സ് നേടിയ പാറ്റ് കമ്മിന്‍സ് എന്നിവരാണ് പിന്നിലുള്ളത്.

അതേസമയം ഐപിഎല്ലില്‍ എട്ടാമതോ അതിന് ശേഷമോ ഇറങ്ങി അർധ സെഞ്ചുറി നേടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യന്‍ താരവും മൊത്തത്തിലുള്ളവരില്‍ ആറാമനുമാണ് അശുതോഷ്. ഹർഭജൻ സിങ്ങാണ് ഐപിഎല്ലിന്‍റെ ചരിത്രത്തില്‍ തന്നെ ആദ്യമായി പ്രസ്‌തുത നമ്പറില്‍ അര്‍ധ സെഞ്ചുറി പ്രകടനം നടത്തിയത്. 2015-ല്‍ മുംബൈ ഇന്ത്യന്‍സിനായി പഞ്ചാബ് കിങ്‌സിന് എതിരെ 24 പന്തില്‍ 64 റണ്‍സായിരുന്നു ഹര്‍ഭജന്‍ അടിച്ചത്.

ALSO READ: രോഹിത്തിനെ അനുസരിച്ച് ആകാശ് മധ്‌വാള്‍; കാഴ്‌ചക്കാരനായി നിന്ന് ഹാര്‍ദിക് - വീഡിയോ കാണാം... - Rohit Sharma Vs Hardik Pandya

ക്രിസ് മോറിസ് - ഡല്‍ഹി ക്യാപിറ്റല്‍സിനായി മുംബൈക്കെതിരെ 2017-ല്‍ 17 പന്തില്‍ 52*, പാറ്റ് കമ്മിന്‍സ് - 2021-ല്‍ കൊല്‍ക്കത്തയ്‌ക്കായി മുംബൈക്കെതിരെ 34 പന്തില്‍ 66*, റാഷിദ് ഖാന്‍- 2023-ല്‍ ഗുജറാത്തിനായി മുംബൈക്കെതിരെ 32 പന്തില്‍ 79*, ആന്ദ്രെ റസല്‍ - 2024-ല്‍ കൊല്‍ക്കത്തയ്‌ക്കായി ഹൈദരാബാദിനെതിരെ 25 പന്തില്‍ 64*, എന്നിവരാണ് എലൈറ്റ് പട്ടികയില്‍ അശുതോഷിന് മുന്നിലുള്ളത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.