ETV Bharat / international

ഫ്രാന്‍സിന്‍റെ പരമോന്നത സിവിലിയൻ ബഹുമതി ശശി തരൂരിന്

author img

By ETV Bharat Kerala Team

Published : Feb 21, 2024, 8:35 AM IST

കോൺഗ്രസ് എംപിയും മുൻ യു എൻ നയതന്ത്രജ്ഞനുമായ ശശി തരൂരിന് ഫ്രാൻസിന്‍റെ പരമോന്നത സിവിലിയൻ ബഹുമതിയായ "ഷെവലിയർ ഡി ലാ ലെജിയൻ ഡി ഹോണർ" ലഭിച്ചു. നിരവധി പുസ്‌തകങ്ങളുടെ രചയിതാവും തിരുവനന്തപുരത്ത് നിന്നുള്ള കോൺഗ്രസ് എംപിയുമായ ശശി തരൂരിനെ ഫ്രഞ്ച് വസതിയിൽ നടന്ന ചടങ്ങിൽ ഫ്രഞ്ച് സെനറ്റ് ചെയർമാൻ ജെറാർഡ് ലാർച്ചർ ആദരിച്ചു.

india france ties  highest civlian honour  Chevalier de la Legion d honneur  Gerard Larcher  Shashi Tharoor mp
France Confers 'Francophone' Shashi Tharoor With Highest Civilian Honour

ന്യൂഡല്‍ഹി : കോൺഗ്രസ് എംപിയും മുൻ യുഎൻ നയതന്ത്രജ്ഞനുമായ ശശി തരൂരിന് ഫ്രാൻസിന്‍റെ പരമോന്നത സിവിലിയൻ ബഹുമതിയായ "ഷെവലിയർ ഡി ലാ ലെജിയൻ ഡി ഹോണർ" ലഭിച്ചു ( Shashi Tharoor With Highest France Civilian Honour). മുൻ കേന്ദ്രമന്ത്രിയായിരുന്ന ശശി തരൂരിന് ഫ്രഞ്ച് സർക്കാർ 2022 ഓഗസ്‌റ്റിൽ അവാർഡ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും ചൊവ്വാഴ്‌ചയാണ് (20-02-2024) അദ്ദേഹത്തിന് അവാർഡ് സമ്മാനിച്ചത്.

നിരവധി പുസ്‌തകങ്ങളുടെ രചയിതാവും തിരുവനന്തപുരത്ത് നിന്നുള്ള കോൺഗ്രസ് എംപിയുമായ ശശി തരൂരിനെ ഫ്രഞ്ച് വസതിയിൽ നടന്ന ചടങ്ങിൽ ഫ്രഞ്ച് സെനറ്റ് ചെയർമാൻ ജെറാർഡ് ലാർച്ചർ ആദരിച്ചു. "ഇന്തോ-ഫ്രഞ്ച് ബന്ധം കൂടുതൽ ആഴത്തിലാക്കാനുള്ള തരൂരിന്‍റെ അശ്രാന്ത പരിശ്രമം, അന്താരാഷ്‌ട്ര സമാധാനത്തിനും സഹകരണത്തിനും വേണ്ടിയുള്ള പ്രതിബദ്ധത, ഫ്രാൻസിന്‍റെ ദീർഘകാല സുഹൃത്ത് എന്നിവയ്ക്കുള്ള അംഗീകാരമായാണ് പരമോന്നത ഫ്രഞ്ച് സിവിലിയൻ അവാർഡ് അദ്ദേഹത്തിന് ലഭിച്ചതെന്ന് ഇന്ത്യയിലെ ഫ്രഞ്ച് എംബസി പ്രസ്‌താവനയിൽ പറഞ്ഞു.

നയതന്ത്രജ്ഞൻ, ഗ്രന്ഥകാരൻ, രാഷ്‌ട്രീയ പ്രവർത്തകൻ എന്നീ നിലകളിൽ തന്‍റെ ജീവിതത്തിലൂടെ, അറിവും, ബുദ്ധിശക്തിയും കൊണ്ട് ശശി തരൂർ ലോകത്തെ ആശ്ലേഷിച്ചെന്ന് ഫ്രഞ്ച് സെനറ്റ് ചെയർമാൻ ജെറാർഡ് ലാർച്ചർ തരൂരിനെ ആദരിച്ചുകൊണ്ട് പറഞ്ഞു. യുനൈറ്റഡ് നേഷൻസിലെ നയതന്ത്രജ്ഞനായിരിക്കെ, ലോകത്തിലെ ഏറ്റവും കഠിനമായ ചില പ്രതിസന്ധികളോട് പ്രതികരിക്കാൻ അദ്ദേഹം പ്രവർത്തിച്ചു. മാത്രമല്ല സമകാലിക ഇന്ത്യൻ ഒഡീസിയുടെ ആത്മാവ് ഉൾക്കൊള്ളുന്ന കൃതികൾ രചിച്ച പ്രശസ്‌ത എഴുത്തുകാരനാണ് അദ്ദേഹം. കൂടാതെ അണ്ടർ സെക്രട്ടറി ജനറലായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. ഇതെല്ലാം കൊണ്ടാണ് ഈ ബഹുമതി ലഭിച്ചതെന്നും പ്രസ്‌താവനയില്‍ കൂട്ടിച്ചേർത്തു.

വിദേശകാര്യ സഹമന്ത്രി, മാനവ വിഭവശേഷി വികസനം എന്നീ വകുപ്പുകളും തരൂർ വഹിച്ചിട്ടുണ്ട്. വിദേശകാര്യം, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി എന്നിവയുൾപ്പെടെ പ്രധാന പാർലമെന്‍ററി സ്‌റ്റാൻഡിങ് കമ്മിറ്റികളിലും അദ്ദേഹം സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. നിരവധി നോൺ-ഫിക്ഷൻ, ഫിക്ഷൻ പുസ്‌തകങ്ങളുടെ രചയിതാവാണ് ശശി തരൂരെന്നും, അവയിൽ ചിലത് ഫ്രഞ്ചിലേക്ക് വിവർത്തനം ചെയ്‌തിട്ടുണ്ട് എന്നും എംബസി പറഞ്ഞു.

നയതന്ത്രജ്ഞനായി മാറിയ രാഷ്‌ട്രീയക്കാരൻ ഐക്യരാഷ്‌ട്രസഭയിൽ നിരവധി സ്ഥാനങ്ങളിലും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. കമ്മ്യൂണിക്കേഷൻസ് ആൻഡ് സ്പെഷ്യൽ പ്രോജക്‌ടുകളുടെ ഡയറക്‌ടറായും സെക്രട്ടറി ജനറൽ കോഫി അന്നന്‍റെ എക്‌സിക്യൂട്ടീവ് അസിസ്‌റ്റന്‍റായും തരൂർ നിയമിതനായിട്ടുണ്ട്.

തരൂരിന് ആദരം നൽകി, ഫ്രഞ്ച് സെനറ്റ് ചെയർമാൻ ജെറാർഡ് ലാർച്ചർ അദ്ദേഹത്തെ "ഫ്രാൻസിന്‍റെ സുഹൃത്ത്" എന്നും രാജ്യത്തെക്കുറിച്ചും അതിന്‍റെ സംസ്‌കാരത്തെക്കുറിച്ചും ആഴത്തിലുള്ള ധാരണയുള്ള 'ഫ്രാങ്കോഫോൺ' എന്നും വിശേഷിപ്പിച്ചു. 'ആൻ എറ ഓഫ് ഡാർക്‌നെസ്', 'പാക്‌സ് ഇൻഡിക്ക', 'ദി ഗ്രേറ്റ് ഇന്ത്യൻ നോവൽ' എന്നിവയാണ് തരൂർ എഴുതിയ പുസ്‌തകങ്ങളുടെ കൂട്ടത്തിൽ ഏറ്റവും പ്രചാരമുള്ളവ. ഫ്രാങ്കോ - ഇന്ത്യൻ ബന്ധത്തിന്‍റെ ആഴത്തിലുള്ള അംഗീകാരമാണ് ഈ അവാർഡ് എന്ന് ശശി തരൂർ പറഞ്ഞു.

"ഷെവലിയർ ഡി ലാ ലെജിയൻ ഡി ഹോണർ" സ്വീകരിക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഫ്രാൻസിനെയും അവിടത്തെ ജനങ്ങളെയും അവരുടെ സംസ്‌കാരത്തെയും ഭാഷയേയും പ്രത്യേകിച്ച് അവരുടെ സാഹിത്യത്തെയും സിനിമയേയും അഭിനന്ദിക്കുന്ന ഒരാളെന്ന നിലയിൽ, നിങ്ങളുടെ രാജ്യത്തിന്‍റെ പുരസ്‌കാരം ലഭിച്ചതിൽ ഞാൻ അങ്ങേയറ്റം വിനീതനാണ്. പരമോന്നത സിവിലിയൻ ബഹുമതി ഒരു ഇന്ത്യക്കാരന് സമ്മാനിച്ചത് ഫ്രാന്‍സ്-ഇന്ത്യ ബന്ധത്തിന്‍റെ ആഴമേറിയതിനാലുള്ള അംഗീകാരമാണെന്ന് ശശി തരൂർ എം പി പറഞ്ഞു. ഇന്തോ-ഫ്രാൻസ് സൗഹൃദം കൂടുതൽ പരിപോഷിപ്പിക്കുന്നതിനുള്ള തന്‍റെ ശ്രമങ്ങൾ തുടരാൻ താൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'ഈ ബഹുമതി ഒരർഥത്തിൽ വ്യക്തിഗത നേട്ടങ്ങളുടെ ആഘോഷം മാത്രമല്ല, സാംസ്‌കാരിക വിനിമയവും നയതന്ത്ര ബന്ധങ്ങളും വളർത്തിയെടുക്കുന്നതിൽ നമ്മുടെ ഇരു രാജ്യങ്ങളുടെയും കൂട്ടായ പരിശ്രമങ്ങളെ പ്രതിഫലിപ്പിക്കുന്നു' എന്ന് ശശി തരൂർ എം പി പറഞ്ഞു. ഈ സൗഹൃദം പരിപോഷിപ്പിക്കുന്നതിന് ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനും, ആഗോള സമൂഹത്തിൻ്റെ പുരോഗതിക്കും നമ്മുടെ അടിസ്ഥാന മാനവികതയ്ക്ക് അടിവരയിടുന്ന പൊതു മൂല്യങ്ങൾ സംരക്ഷിക്കുന്നതിനുമായി എന്‍റെ സ്വന്തം ശ്രമങ്ങൾ തുടരാൻ ഞാൻ ആഗ്രഹിക്കുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.

ALSO READ : 'സ്നോലിഗോസ്റ്റർ'; നിതീഷ് കുമാറിൻ്റെ കൂറുമാറ്റത്തെ ഒറ്റവാക്കിൽ വിശേഷിപ്പിച്ച് ശശി തരൂർ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.