ETV Bharat / bharat

കെജ്‌രിവാളിന്‍റെ അറസ്‌റ്റിലുലഞ്ഞ് എഎപി സര്‍ക്കാര്‍; ജയിലില്‍ നിന്നും ഭരണം സാധ്യമോ? വിദഗ്‌ധര്‍ പറയുന്നതിങ്ങനെ... - Kejriwal Cant Run Govt From Jail

author img

By ETV Bharat Kerala Team

Published : Mar 22, 2024, 10:05 PM IST

മദ്യനയ അഴിമതി കേസില്‍ അറസ്‌റ്റിലായ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ജയിലില്‍ നിന്നും ഭരണം തുടരണമെന്ന് എഎപി. സ്ഥാനം ഒഴിയണമെന്ന് ഹൈക്കോടതിയില്‍ പൊതുതാത്‌പര്യ ഹര്‍ജി. ജയില്‍ നിന്നുള്ള ഭരണത്തുടര്‍ച്ചയെ കുറിച്ച് ഭരണഘടന വിദഗ്‌ധര്‍ പറയുന്നതിങ്ങനെ.

DELHI EXCISE SCAM CASE  ARVIND KEJRIWAL ARREST  ARVIND KEJRIWAL EXCISE SCAM  KEJRIWAL CANT RUN GOVT FROM JAIL
Delhi Excise Scam Case; Experts About Arvind Kejriwal's Post Continuation

ന്യൂഡല്‍ഹി: ദേശീയ രാഷ്‌ട്രീയത്തില്‍ കോളിളക്കം സൃഷ്‌ടിച്ച് മദ്യനയ അഴിമതി കേസിലെ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ അറസ്‌റ്റ്. മുഖ്യമന്ത്രി ചുമതലകള്‍ താത്കാലികമായി കൈമാറാമെന്ന് കെജ്‌രിവാള്‍ ആവശ്യപ്പെട്ടാലും ജയിലില്‍ നിന്ന് ഭരണം തുടരണമെന്ന തീരുമാനത്തിലാണ് ആംആദ്‌മി പാര്‍ട്ടി. ജയിലില്‍ നിന്നും മുഖ്യമന്ത്രി ഭരണം തുടരുകയാണെങ്കില്‍ അത് രാജ്യത്തെ രാഷ്‌ട്രീയ ചരിത്രത്തിലെ ആദ്യ സംഭവമാകും.

ഇത്തരത്തിലുള്ള ഭരണത്തെ കുറിച്ച് അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരും രംഗത്തെത്തുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഭരണഘടന വിദഗ്‌ധര്‍ക്ക് എന്താണ് പറയാനുള്ളതെന്ന് നോക്കാം.

വിദഗ്‌ധരുടെ അഭിപ്രായത്തില്‍ അരവിന്ദ് കെജ്‌രിവാളിന് ജയില്‍ നിന്ന് മുഖ്യമന്ത്രി സ്ഥാനത്ത് തുടരുകയെന്നത് അസാധ്യമായ കാര്യമാണ്. രാജ്യത്ത് മുമ്പ് ഉണ്ടായിട്ടില്ലാത്തൊരു സംഭവമാകും അത്. നിലവിലെ സാഹചര്യത്തില്‍ മുഖ്യമന്ത്രി ചുമതല ഉത്തരവാദിത്വമുള്ള മറ്റാരൊള്‍ക്ക് കൈമാറിയിട്ടില്ലെങ്കില്‍ അത് വലിയ ഭരണ തകര്‍ച്ചയ്‌ക്ക് കാരണമാകും.

ഒരു മുഖ്യമന്ത്രി അറസ്‌റ്റ് ചെയ്യപ്പെട്ടാല്‍ മറ്റൊരാളെ അതേ സ്ഥാനത്തേക്ക് നിയമിക്കണമെന്ന് നിര്‍ബന്ധമാക്കുന്ന തരത്തിലുള്ള നിയമങ്ങളൊന്നും തന്നെ നിലവില്‍ ഇല്ല. എന്നാല്‍ മുഖ്യമന്ത്രിക്കെതിരെ കുറ്റം ചുമത്തുകയോ ശിക്ഷിക്കപ്പെടുകയോ അല്ലെങ്കില്‍ സ്ഥാനത്ത് നിന്നും അയോഗ്യനാക്കപ്പെടുകയോ ചെയ്‌താല്‍ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ സാധിക്കില്ല. എന്നാല്‍ മേല്‍ പറഞ്ഞ കാര്യങ്ങള്‍ ഉണ്ടാകും വരെ തത്‌സ്ഥാനത്ത് തുടരുകയും ചെയ്യാവുന്നതാണ്.

ഇത്തരമൊരു സാഹചര്യത്തില്‍ നിയമം നിശബ്‌ദമാണെന്ന് ഭരണഘടന വിദഗ്‌ധനും മുന്‍ ലോക്‌സഭ സെക്രട്ടറി ജനറലുമായ പി ഡി റ്റി ആചാരി ചൂണ്ടിക്കാട്ടി. 'ഒരു മുഖ്യമന്ത്രി രാജിവയ്‌ക്കുന്ന നാല് സാഹചര്യങ്ങളാണുള്ളത്. ഭൂരിപക്ഷത്തിന്‍റെ പിന്തുണ നഷ്‌ടപ്പെടുന്ന അവസ്ഥ, പാർട്ടിയിൽ നിന്ന് നീക്കം ചെയ്യപ്പെടുമ്പോള്‍, മറ്റ് കാരണങ്ങളാല്‍ സ്വമേധയ രാജിവയ്ക്കുന്നത്, രാഷ്‌ട്രപതി ഭരണമുണ്ടാകുന്ന സാഹചര്യം എന്നിവയാണത്'.

മുഖ്യമന്ത്രി തത്‌സ്ഥാനത്ത് തുടരുകയാണെങ്കില്‍ വിവിധ യോഗങ്ങളില്‍ അടക്കം അധ്യക്ഷനാകേണ്ടതുണ്ട്. ജയില്‍ കഴിയുന്ന ഒരാള്‍ക്ക് എങ്ങനെ അതിന് സാധിക്കുമെന്നും ആചാരി ചോദിച്ചു. മാത്രമല്ല സംസ്ഥാനത്തിന്‍റെ മേല്‍നോട്ട അധികാരം അദ്ദേഹത്തിലര്‍പ്പിതമാണ്. അതെല്ലാം എങ്ങനെ സാധ്യമാകും. വിവിധ ഫയലുകള്‍ ദിവസവും ഒപ്പിടാനുണ്ടാകും. ഇത്തരം കാര്യങ്ങളെല്ലാം ഉള്ളത് കൊണ്ട് ജയിലില്‍ നിന്നുള്ളൊരു ഭരണം പ്രായോഗികമാകില്ലെന്നും ആചാരി വ്യക്തമാക്കി. മുഖ്യമന്ത്രി തടവിലാക്കപ്പെട്ടാല്‍ മന്ത്രിസഭ യോഗങ്ങളില്‍ അധ്യക്ഷത വഹിക്കാനും സുപ്രധാന തീരുമാനങ്ങള്‍ എടുക്കാനും മറ്റൊരാളെ നിയോഗിക്കണമെന്നും ആചാരി കൂട്ടിച്ചേര്‍ത്തു.

ഒരു സര്‍ക്കാരിന് ഒരു മുഖ്യമന്ത്രിയെയാണ് വേണ്ടതെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ രാകേഷ് ദ്വിവേദി പറഞ്ഞു. ജയിലില്‍ അല്ല അദ്ദേഹം ഉണ്ടാകേണ്ടത് ഓഫീസിലാണ്. ജയിലില്‍ കഴിയവേ കെജ്‌രിവാള്‍ എങ്ങനെ ദൈംദിന കാര്യങ്ങളില്‍ സജീവമാകുമെന്നും അദ്ദേഹം ചോദിച്ചു. ഒരു മുഖ്യമന്ത്രി അറസ്‌റ്റിലാകുമ്പോള്‍ എന്താണ് ചെയ്യേണ്ടതെന്ന കാര്യം ഭരണഘടനയില്‍ പറഞ്ഞിട്ടില്ല. എന്നാല്‍ ഭരണം താറുമാറാകാതിരിക്കാന്‍ മറ്റാരെയെങ്കിലും നോമിനേറ്റ് ചെയ്യണമെന്നും രാകേഷ്‌ ദ്വിവേദ് പറഞ്ഞു.

ഭൂമി തട്ടിപ്പ് കേസില്‍ അറസ്‌റ്റിലായ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതാവ് ഹേമന്ത് സോറനെ പരാമര്‍ശിച്ച് ജാര്‍ഖണ്ഡില്‍ സംഭവിച്ചത് പോലെ മുഖ്യമന്ത്രിക്ക് രാജിവയ്‌ക്കാമെന്നും ദ്വിവേദി പറഞ്ഞു. അറസ്‌റ്റിന് മുമ്പ് സോറന്‍ സ്ഥാനം രാജി വച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇഡി ഓഫീസിലേക്ക് അദ്ദേഹത്തെ കൊണ്ടുപോയത്.

കെജ്‌രിവാൾ ജയിലിൽ തത്‌സ്ഥാനത്ത് തുടരുകയാണെങ്കില്‍ അത് ഭരണഘടന തകര്‍ച്ചയ്‌ക്ക് തുല്യമാണെന്നും ദ്വിവേദി പറഞ്ഞു. സര്‍ക്കാരിന് സഭയോടും പൊതുജനങ്ങളോടും കൂട്ടായ ഉത്തരവാദിത്വമുണ്ട്. ജയിലില്‍ നിന്നുള്ള ഭരണം അതിന്‍റെയെല്ലാം ലംഘനമാകും.

Also Read: മുഖ്യമന്ത്രിമാരുടെ അറസ്‌റ്റ് ആദ്യമായല്ല; രാജ്യത്ത് അറസ്‌റ്റിലായ മുഖ്യമന്ത്രിമാര്‍ ആരൊക്കെ...?

ഒരു മുഖ്യമന്ത്രിക്കും ജയിലിൽ നിന്ന് സർക്കാരിനെ നയിക്കാനാവില്ലെന്ന് ചാണക്യ നാഷണൽ ലോ യൂണിവേഴ്‌സിറ്റി (സിഎൻഎൽയു) വൈസ് ചാൻസലർ പ്രൊഫസർ ഫൈസാൻ മുസ്‌തഫ പറഞ്ഞു. രാജ്യത്തിന്‍റെ ചരിത്രത്തിൽ ഒരിക്കലും ഇത് സംഭവിച്ചിട്ടില്ല. ആരെങ്കിലും 24 മണിക്കൂറിൽ കൂടുതൽ അറസ്‌റ്റിലാണെങ്കിൽ അയാളെ സസ്പെൻഡ് ചെയ്യും. കെജ്‌രിവാളിന് ജയിലിൽ നിന്ന് സർക്കാരിനെ നയിക്കാമെന്നത് വളരെ തെറ്റായ ആശയമാണെന്നും അദ്ദേഹം തുടരുകയാണെങ്കിൽ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്താൻ കേന്ദ്ര സർക്കാരിനോട് എൽജിക്ക് ശുപാർശ ചെയ്യാമെന്നും മുസ്‌തഫ വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.