ETV Bharat / bharat

യുപി പൊലീസ് കോൺസ്റ്റബിൾ റിക്രൂട്ട്‌മെൻ്റ് പരീക്ഷയില്‍ കൃത്രിമം: 22 പേർ അറസ്റ്റിൽ, രണ്ട് കോൺസ്റ്റബിൾമാരും

author img

By ETV Bharat Kerala Team

Published : Feb 19, 2024, 10:29 AM IST

യുപി പൊലീസ് കോൺസ്റ്റബിൾ റിക്രൂട്ട്‌മെൻ്റ് പരീക്ഷയിൽ കൃത്രിമം കാണിക്കാൻ ഒരുങ്ങുകയായിരുന്ന സോൾവർ സംഘത്തിലെ 20 പേരും രണ്ട്‌ കോൺസ്റ്റബിൾമാരും അറസ്റ്റിലായി

Uttar pradesh Solver gang  UP Police recruitment  UP Police test  യുപി പൊലീസ് റിക്രൂട്ട്‌മെൻ്റ്  യുപി പൊലീസ് ടെസ്റ്റ് ക്രമക്കേട്
Uttar pradesh police test fraud case Solver gang accused arrested

ഫിറോസാബാദ്: ഉത്തർപ്രദേശിൽ നടന്ന പൊലീസ് റിക്രൂട്ട്‌മെൻ്റ് പരീക്ഷയിൽ (Uttar pradesh police test) ക്രമക്കേട് നടത്തിയ 22 പേർ പൊലീസ് പിടിയിൽ. രണ്ട് കോൺസ്റ്റബിൾമാരെയും 20 സോൾവർ ഗ്യാങ്ങ് (Solver gang) അംഗങ്ങളെയുമാണ് ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്‌തത്. ഷിക്കോഹബാദിൽ നിന്നാണ് രണ്ട് കോൺസ്റ്റബിൾമാരുൾപ്പെടെ അഞ്ച് പേർ പിടിയിലായത്.

നിരഞ്ജൻ, സുമിത് എന്നിവരാണ് പിടിയിലായ കോൺസ്റ്റബിൾമാർ. ഫെബ്രുവരി 17, 18 തീയതികളിലാണ് ഉത്തർപ്രദേശിൽ പൊലീസ് റിക്രൂട്ട്മെന്‍റ് പരീക്ഷ നടന്നത്. കോൺസ്റ്റബിൾ നിരഞ്ജൻ 3-4 പേർക്ക് വേണ്ടി പരീക്ഷ എഴുതി, പകരമായി ഓരോരുത്തരിൽ നിന്നായി 3 ലക്ഷം രൂപ വാങ്ങിയെന്നാണ് നിഗമനം.

സുമിത് എന്ന വ്യക്തിക്ക് വേണ്ടിയാണ് കോൺസ്റ്റബിൾ അനൂജ് പരീക്ഷ എഴുതാനിരുന്നത്. എന്നാൽ പരീക്ഷ എഴുതുന്നതിന് മുൻപ് തന്നെ ഇയാളെ പിടികൂടി. 'എല്ലാ തെളിവുകളും തങ്ങളുടെ പക്കലുണ്ട്. നിയമനടപടികൾ സ്വീകരിച്ചുവരികയാണ്'. ഇവരെയെല്ലാം ജയിലിലേക്ക് അയക്കുമെന്ന് അഡീഷണൽ സൂപ്രണ്ട് ഓഫ് പൊലീസ് പറഞ്ഞു.

പരീക്ഷയ്ക്ക് ഒരു ദിവസം മാത്രം ശേഷിക്കെ (ഫെബ്രുവരി 16 വെള്ളിയാഴ്‌ച) സോൾവർ സംഘത്തിലെ എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. അറസ്റ്റിലായ പ്രതികളിൽ നിന്ന് 6 ലക്ഷം രൂപയും 21 ലക്ഷം രൂപയുടെ ചെക്കുകളും 17 മാർക്ക് ഷീറ്റുകളുടെയും സർട്ടിഫിക്കറ്റുകളുടെയും ഫോട്ടോക്കോപ്പികളും 29 പൊലീസ് റിക്രൂട്ട്‌മെൻ്റ് അഡ്‌മിറ്റ് കാർഡുകളും കണ്ടെടുത്തിരുന്നു. ഇതുകൂടാതെ, എട്ട് ആധാർ കാർഡുകൾ, മൊബൈൽ, വൈഫൈ റൂട്ടർ, പ്രിൻ്റർ എന്നിവയും കണ്ടെടുത്തു.

കണ്ടെടുത്ത പണവും ചെക്കുകളും പൊലീസ് റിക്രൂട്ട്‌മെൻ്റിലെ ഉദ്യോഗാർഥികളിൽ നിന്ന് സ്വരൂപിച്ചതാണെന്ന് പൊലീസ് പറഞ്ഞു. നോൺഹാര പൊലീസ് സ്റ്റേഷൻ പരിധിയിലെ മിർദാദ്‌പൂർ ഗ്രാമത്തിൽ നിന്നാണ് എട്ട് പ്രതികളെയും വെള്ളിയാഴ്‌ച അറസ്റ്റ് ചെയ്‌തത്. നോൺഹാര പൊലീസ് സ്‌റ്റേഷനിലെ ഒരു ഗ്രാമത്തിൽ വാടകയ്‌ക്ക് താമസിക്കാനെത്തിയ ചിലർ സംശയാസ്‌പദമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതായി വിവരം ലഭിച്ചിരുന്നുവെന്ന് എസ്‌പി ഓംവീർ സിംഗ് പറഞ്ഞു.

ഈ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ എട്ട് പേരെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പരീക്ഷയിൽ ക്രമക്കേട് നടത്താനായി അവരുടെ ഏജൻ്റുമാർ എല്ലായിടത്തും വ്യാപിച്ചിരിക്കുന്നു. പ്രതികൾ മുമ്പും ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്നാണ് ചോദ്യം ചെയ്യലിൽ നിന്ന് വ്യക്തമാകുന്നത്.

ഉദ്യോഗാർഥികളിൽ ചിലർ പ്രതികളുമായി സമ്പർക്കം പുലർത്തിയിരുന്നു. അവരിൽ ഒരാളാണ് ഇത് സംബന്ധിച്ച വിവരം പൊലീസിനെ അറിയിച്ചത്. ഇത്തരക്കാരുടെ കെണിയിൽ വീഴരുതെന്ന് എസ്‌പി എല്ലാവരോടും അഭ്യർഥിച്ചു. നിലവിൽ പിടികൂടിയ മുഴുവൻ പ്രതികളെയും ജയിലിലേക്ക് അയക്കാനുള്ള നടപടി നടന്നുകൊണ്ടിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

ഡിസംബർ 23നാണ് 'മിഷൻ റോസ്‌ഗാർ' പ്രകാരം ഉത്തർ പ്രദേശ് സർക്കാർ സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ പൊലീസ് റിക്രൂട്ട്‌മെൻ്റിന് വിജ്ഞാപനം പുറപ്പെടുവിച്ചത്. ഉത്തർപ്രദേശ് പൊലീസിൽ കോൺസ്റ്റബിൾമാരുടെ ഒഴിവുള്ള 60,000-ലധികം തസ്‌തികകളിലേക്കുള്ള അപേക്ഷകളാണ് ക്ഷണിച്ചത്. എല്ലാ ജില്ലകളിലുമായി 2,385 പരീക്ഷ കേന്ദ്രങ്ങൾ സ്ഥാപിച്ചിരുന്നു. ഏകദേശം 48 ലക്ഷത്തിലധികം ഉദ്യോഗാർഥികൾ പരീക്ഷയിൽ പങ്കെടുത്തു.

Also read: യുപി പൊലീസ് റിക്രൂട്ട്മെന്‍റ് പരീക്ഷയില്‍ ക്രമക്കേട്: നൂറിലേറെ പേര്‍ അറസ്റ്റില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.