ETV Bharat / bharat

ഇരുന്നൂറോളം മുത്തശ്ശിമാര്‍ ഒന്നിച്ച് 'പിറന്നാള്‍' കേക്ക് മുറിച്ചു; വ്യത്യസ്‌തമായി ഈ ആഘോഷം - Unique Birthday Celebration

author img

By ETV Bharat Kerala Team

Published : May 15, 2024, 5:55 PM IST

Updated : May 15, 2024, 7:42 PM IST

ഛത്തീസ്‌ഗഢിലെ ധംതാരിയില്‍ കോൺ ഗാർഡനില്‍ ഒന്നിച്ച് കേക്ക് മുറിച്ച് പിറന്നാളാഘോഷിച്ച് ഇരുന്നൂറോളം മുത്തശ്ശിമാര്‍.

BIRTHDAY OF ELDER LADIES  DHAMTARI SINDHI SAMAJ BDAY  UNIQUE BDAY CELEBRATION  മുത്തശ്ശിമാരുടെ പിറന്നാള്‍ ആഘോഷം
Birthday celebration in dhamtari Chhattisgarh (Source : Etv Bharat Network)

ഇരൂന്നൂറോളം മുത്തശ്ശിമാര്‍ ഒന്നിച്ച് കേക്ക് മുറിച്ച് ആഘോഷിച്ച പിറന്നാള്‍ ദിനം (Source : Etv Bharat Network)

ഛത്തീസ്‌ഗഢ് : 70 വയസ് മുതൽ 108 വയസുവരെ പ്രായമുള്ള ഇരുന്നൂറോളം സ്‌ത്രീകള്‍ ഒന്നിച്ച് 'പിറന്നാള്‍' കേക്ക് മുറിച്ച ഒരു ഗംഭീര ആഘോഷം. നൃത്തവും പാട്ടുമായി മുത്തശ്ശിമാര്‍ ആര്‍ത്തുല്ലസിച്ചു. ആടിയും പാടിയും അവര്‍ അവരുടെ ജന്മദിനം അവിസ്‌മരണീയമാക്കി. ഛത്തീസ്‌ഗഢിലെ ധംതാരിയില്‍ കോൺ ഗാർഡനിലാണ് വ്യത്യസ്‌തമായ പിറന്നാളാഘോഷം നടന്നത്. സിന്ധ് ശക്തി മഹിളാ സംഘടനയുടെ നേതൃത്വത്തിലാണ് ആഘോഷം സംഘടിപ്പിച്ചത്.

പിറന്നാളാഘോഷിക്കുന്ന മുത്തശ്ശിമാര്‍ക്കുള്ള സമ്മാനങ്ങളും ഇവിടെ ഒരുക്കിയിരുന്നു. മാറിയ കാലത്തെ ജീവിതശൈലിയിൽ പലരും മുതിർന്നവരെ ശ്രദ്ധിക്കുന്നില്ല. അതിനാലാണ് മുതിർന്നവർക്കായി ഇത്തരത്തില്‍ ഒരു സംയുക്ത പരിപാടി സംഘടിപ്പിച്ചതെന്ന് സിന്ധി സൊസൈറ്റി പറഞ്ഞു. വിവിധ വീടുകളിൽ നിന്നെത്തിയ വയോധികരെ തിലകം ചാർത്തിയാണ് ആഘോഷത്തിലേക്ക് സ്വീകരിച്ചത്. മുത്തശ്ശിമാര്‍ ഒരുമിച്ച് കേക്ക് മുറിച്ച്, പരസ്പരം മധുരം പങ്കുവെച്ചു.

'പ്രായമായ സ്‌ത്രീകൾ അവരുടെ ജീവിതം വീട്ടിലിരുന്ന് ചെലവഴിക്കുകയാണ്. ഇത്തരത്തിലൊരു ഇവന്‍റ് തീർച്ചയായും അവരെ പുറത്ത് എത്തിക്കും. പരസ്പരം കണ്ടുമുട്ടുന്നതില്‍ അവര്‍ ആന്ദിക്കും, സന്തോഷം പങ്കുവെക്കും.

സ്‌ത്രീകൾക്കായി ഒരു തരത്തിലുള്ള വിനോദ പരിപാടികളും ഇവിടെയില്ല. എല്ലാ മുതിർന്നവരെയും ഈ പരിപാടിയിലേക്ക് ഞങ്ങള്‍ ക്ഷണിച്ചിട്ടുണ്ട്. ഇരുന്നൂറോളം പ്രായമായ സ്‌ത്രീകൾ ഈ പരിപാടിയിൽ പങ്കെടുത്തു. അവരുടെയെല്ലാം മുഖത്ത് പുഞ്ചിരി നിങ്ങള്‍ക്ക് കാണാം'- സിന്ധ് ശക്തി മഹിളാ സംഘടന പ്രതിനിധി പാർവതി വാധ്വാനി പറഞ്ഞു.

വീട്ടിലെ മുതിർന്നവർക്ക് ദീർഘായുസ് ലഭിക്കാന്‍ അവർക്ക് സന്തോഷം നല്‍കേണ്ടത് വളരെ പ്രധാനമാണെന്ന് സിന്ധി കമ്യൂണിറ്റിയിലെ മഹേഷ് റോഹ്‌റയും റോമി സാവ്‌ലാനിയും പറയുന്നു. പ്രായമായവരെ ചിരിപ്പിക്കണം, ജീവിതം സന്തോഷത്തോടെ മുന്നോട്ട് കൊണ്ട് പോകാന്‍ അവരെ പ്രചോദിപ്പിക്കണം. വാർദ്ധക്യത്തിലെ പിന്തുണയാണ് അവർക്ക് ജീവിക്കാനുള്ള ധൈര്യം നൽകുന്നത്. അവരുടെ ജന്മദിനം എപ്പോഴാണെന്ന് അവർക്ക് തന്നെ അറിയില്ല. അതുകൊണ്ടാണ് ഈ പരിപാടി സംഘടിപ്പിച്ചതെന്നും അവര്‍ പറഞ്ഞു.

തന്‍റെ ജനന തീയതിയും പ്രായവും കൃത്യമായി ഓർമ്മയില്ലെന്നാണ് പരിപാടിയിൽ പങ്കെടുക്കാനെത്തിയ ഭുരാ ബായി പറഞ്ഞത്. അവര്‍ക്ക് 102 വയസുണ്ടെന്നും, അതല്ല 92 വയസേ ഉള്ളൂവെന്നും ഗ്രാമ വാസികള്‍ പറയുന്നുണ്ട്. എന്നാല്‍ ജന്മദിനം ഇന്ന് ആഘോഷ പൂര്‍വം കൊണ്ടാടി എന്ന് അവര്‍ പറഞ്ഞു. തനിക്ക് വളരെ സന്തോഷമായെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വീട്ടിലുള്ള എല്ലാവരും പുറത്തേക്ക് പോകുമെങ്കിലും ആരും തന്നെ കൊണ്ടുപോകാറില്ലെന്ന് ഭുരാ ബായി പറഞ്ഞു. ഈ പരിപാടിക്ക് വന്നതില്‍ വളരെ സംതൃപ്‌തി തോന്നിയെന്നും മുത്തശ്ശി പറഞ്ഞു.

Also Read : മക്കളും കൊച്ചുമക്കളും സാക്ഷി; 80കാരന്‍ വിത്തലിന് മനംപോലെ മംഗല്യം - 80 Year Old Groom And 65 Old Bride

Last Updated : May 15, 2024, 7:42 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.