ETV Bharat / bharat

ഭൂമി തട്ടിപ്പും ലൈംഗിക പീഡന പരാതിയും; തൃണമൂൽ കോൺഗ്രസ് നേതാവ് ശിബ പ്രസാദ് ഹസ്ര കസ്‌റ്റഡിയിൽ

author img

By ETV Bharat Kerala Team

Published : Feb 19, 2024, 8:22 AM IST

എട്ട് ദിവസത്തേക്കാണ് പ്രതിയായ ശിബ പ്രസാദ് ഹസ്രയെ കസ്‌റ്റഡിയിൽ വിടാൻ കോടതി ഉത്തരവിട്ടത്

sexual harassment of women  TMC Leader Shiba Prasad Hajra  ഷിബ പ്രസാദ് ഹജ്റ  പീഡന പരാതി  തൃണമൂൽ കോൺഗ്രസ് നേതാവ്
TMC Leader

ബരാസത്‌ (പശ്ചിമ ബംഗാൾ) : സന്ദേശ്ഖാലിയിൽ ഭൂമി തട്ടിയെടുക്കുകയും സ്‌ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്‌ത കേസിലെ മുഖ്യപ്രതികളിലൊരാളായ തൃണമൂൽ കോൺഗ്രസ് നേതാവ് ശിബ പ്രസാദ് ഹസ്ര കസ്‌റ്റഡിയിൽ. ഇന്നലെ പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ്‌ ജില്ലയിലെ കോടതിയാണ് അദ്ദേഹത്തെ എട്ട് ദിവസത്തേക്ക് പൊലീസ് കസ്‌റ്റഡിയിൽ വിടാൻ ഉത്തരവിട്ടത് (TMC Leader Shiba Prasad Hajra Remanded To 8 Days Of Police Custody).

നോർത്ത് 24 പർഗാനാസ് ജില്ലയിലെ ജില്ല പരിഷത്ത് അംഗം കൂടിയായ ഹസ്രയെ ശനിയാഴ്‌ച സന്ദേശ്ഖാലിയിലെ ഒളിത്താവളത്തിൽ നിന്നാണ് പിടികൂടിയത്. ഐപിസിയുടെ 354 എ (ലൈംഗിക പീഡനം), 376 ഡി (കൂട്ടബലാത്സംഗം), 307 (കൊലപാതകശ്രമം) തുടങ്ങി വിവിധ വകുപ്പുകൾ പ്രകാരമാണ് പൊലീസ് പ്രതിയെ അറസ്‌റ്റ്‌ ചെയ്‌തത്.

ക്രിമിനൽ നടപടിച്ചട്ടത്തിലെ 164-ാം വകുപ്പ് പ്രകാരം അതിജീവിത മജിസ്‌ട്രേറ്റിന് മുമ്പാകെ മൊഴി രേഖപ്പെടുത്തിയതിന് ശേഷമാണ് അവസാനത്തെ രണ്ട് വകുപ്പുകൾ കൂട്ടി ചേർത്തത്. ഐപിസി 354 ബി (പൊതുസ്ഥലത്ത് സ്ത്രീയെ നഗ്നയാക്കാൻ ശ്രമിക്കുക), 341 (തെറ്റായ സംയമനം), 323 (സ്വമേധയാ വേദനിപ്പിക്കൽ), 509 (സ്ത്രീയെ അപമാനിക്കൽ) തുടങ്ങിയ വകുപ്പുകൾ പ്രകാരവും ഹസ്രയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്.

ഫെബ്രുവരി 26ന് ഇയാളെ വീണ്ടും കോടതിയിൽ ഹാജരാക്കും. പ്രതിയെ ബസിർഹട്ടിലെ കോടതിയിൽ ഹാജരാക്കി 10 ദിവസത്തെ കസ്‌റ്റഡിയിൽ വയ്‌ക്കാൻ പൊലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ എട്ട് ദിവസത്തെ പൊലീസ് കസ്‌റ്റഡിയാണ് അനുവദിച്ചത്. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഹസ്രയെ അറസ്റ്റ് ചെയ്‌തതെന്നും അദ്ദേഹം സ്വാധീനമുള്ള ആളാണെന്നും ജാമ്യം അനുവദിച്ചാൽ സന്ദേശ്ഖാലിയിലെ ക്രമസമാധാനത്തെ ബാധിക്കുമെന്നും പൊലീസ് കോടതിയെ അറിയിച്ചു.

സന്ദേശ്ഖാലി ബ്ലോക്ക് II ന്‍റെ തൃണമൂൽ കോണ്‍ഗ്രസ്‌ ബ്ലോക്ക് പ്രസിഡൻ്റ് കൂടിയാണ് പിടിയിലായ ഹസ്ര. പ്രതിയുടെ അറസ്‌റ്റിന് പിന്നാലെ പ്രാദേശിക എംഎൽഎക്കാണ് ബ്ലോക്ക് പ്രസിഡൻ്റ് സ്ഥാനം കൈമാറിയത്. അതേസമയം കേസിലെ പ്രതിയായ ഉത്തം സർദാറിനെ ഒരാഴ്‌ച മുൻപ് പൊലീസ് അറസ്‌റ്റ്‌ ചെയ്‌തിരുന്നു. മറ്റൊരു പ്രതിയായ ഷാജഹാൻ ഷെയ്ഖ് ഒളിവിലുമാണ്.

കേസിൽ ഇതുവരെ 18 പേരെ അറസ്‌റ്റ്‌ ചെയ്‌തിട്ടുണ്ട്. ഫെബ്രുവരി ആദ്യവാരം മുതൽ സ്ത്രീകൾക്കെതിരായ ലൈംഗിക അതിക്രമങ്ങളും ഭൂമി തട്ടിയെടുക്കലും ആരോപിച്ച് സന്ദേശ്ഖാലി പ്രദേശത്തിലെ ഗ്രാമങ്ങൾ പ്രതിഷേധങ്ങൾക്ക് സാക്ഷ്യം വഹിച്ചിരുന്നു. ജനുവരി 5 ന് റേഷൻ വിതരണ അഴിമതി അന്വേഷണവുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റ് (ED) ഉദ്യോഗസ്ഥർ ഷെയ്‌ഖിൻ്റെ സ്ഥാപനങ്ങൾ പരിശോധിക്കാൻ പോയതിനെ തുടർന്നും സന്ദേശ്ഖാലി ശ്രദ്ധയിൽപ്പെട്ടിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.