ETV Bharat / bharat

പൗരത്വനിയമത്തില്‍ മമത ബാനര്‍ജി നുണപ്രചാരണം നടത്തുന്നുവെന്ന് രാജ്‌നാഥ് സിങ്; ആര്‍ക്കും സിഎഎയെ തടയാനാകില്ലെന്നും പ്രതിരോധ മന്ത്രി - RAJNATH SINGH SLAMS MAMATA BANERJEE

author img

By ETV Bharat Kerala Team

Published : Apr 21, 2024, 8:09 PM IST

മമതയ്ക്കെതിരെ ആഞ്ഞടിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ജനങ്ങളോട് സത്യം പറഞ്ഞും രാഷ്‌ട്രീയ പ്രവര്‍ത്തനം നടത്താനാകുമെന്ന് സിങ്.

MAMATA BANERJEE  RAJNATH SINGH  MALDA  CAA
"Mamata Banerjee spreading lies over CAA...no power can stop it": Rajnath Singh in Malda

മാല്‍ഡ(പശ്ചിമ ബംഗാള്‍): പൗരത്വ ഭേദഗതി നിയമത്തില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നുണ പ്രചാരണം നടത്തുന്നുവെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. മതഭ്രാന്ത് നിമിത്തം ആക്രമിക്കപ്പെട്ട ന്യൂനപക്ഷങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കാനാണ് ഈ നിയമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പശ്ചിമ ബംഗാളില്‍ മൂന്ന് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ പ്രതിരോധ മന്ത്രി പങ്കെടുത്തു. രണ്ടെണ്ണം ബംഗ്ലാദേശ് അതിര്‍ത്തിക്ക് സമീപമായിരുന്നു. ആദ്യ യോഗം ഗൗരിശങ്കര്‍ ഘോഷിന് വേണ്ടി മുര്‍ഷിദാബാദിലായിരുന്നു ആദ്യ യോഗം. രണ്ടാമത്തെ പരിപാടി ഖാജെന്‍ മുര്‍മുവിന് വേണ്ടി മാല്‍ഡ ഉത്തര മണ്ഡലത്തിലായിരുന്നു. പാര്‍ട്ടി സ്ഥാനാര്‍ത്ഥി രാജു ബിസ്‌തയ്ക്ക് വേണ്ടി ഡാര്‍ജിലിങിലായിരുന്നു മൂന്നാമത്തെ പരിപാടി.

പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്‌ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ കടുത്ത ആക്രമണങ്ങള്‍ക്കിരയായ മതന്യൂനപക്ഷങ്ങള്‍ക്ക് സുരക്ഷയൊരുക്കാനാണ് സിഎഎ. അവരും നമ്മുടെ ആളുകളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകത്ത് ഒരു ശക്തിക്കും ഈ നിയമം ഇല്ലാതാക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിഎഎ നിരോധിക്കുമെന്ന മമതയ്ക്കുള്ള മറുപടി ആയിരുന്നു അത്. ജനങ്ങളോട് സത്യം പറഞ്ഞ് കൊണ്ടും രാഷ്‌ട്രീയപ്രവര്‍ത്തനം നടത്താനാകുമെന്നും അദ്ദേഹം പറഞ്ഞു. മമത ദീദീ എന്ന് വിളിച്ച് കൊണ്ടായിരുന്നു പ്രതിരോധമന്ത്രിയുടെ പരാമര്‍ശങ്ങള്‍.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാതെ കുടിയേറ്റ തൊഴിലാളികള്‍ മടങ്ങരുതെന്ന് അടുത്തിടെ മുഖ്യമന്ത്രി മമത ആവശ്യപ്പെട്ടിരുന്നു. വോട്ട് ചെയ്യാതിരുന്നാല്‍ ബിജെപി സര്‍ക്കാര്‍ നിങ്ങളുടെ പൗരത്വം നീക്കം ചെയ്യുമെന്നും മമത മുന്നറിയിപ്പ് നല്‍കിയിരുന്നു.

അഴിമതി ചൂണ്ടിക്കാട്ടിയും രാജ്‌നാഥ് തൃണമൂല്‍ കോണ്‍ഗ്രസിനെയും കോണ്‍ഗ്രസിനെയും കടന്നാക്രമിച്ചു. കഴിഞ്ഞ പത്ത് വര്‍ഷമായി കേന്ദ്രം ഭരിക്കുന്ന ബിജെപിക്കെതിരെ ഒരു അഴിമതി ആരോപണം പോലും ഉയര്‍ന്നിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. ഒരാള്‍ക്ക് പോലും അത്തരം ഒരു ആരോപണം ഉയര്‍ത്താനായിട്ടില്ല. കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും തമ്മില്‍ യാതൊരു വ്യത്യാസവും ഇല്ലെന്നും സിങ് പറഞ്ഞു.

സന്ദേശ്ഖാലി സംഭവത്തെ പ്രതിരോധമന്ത്രി ശക്തമായി അപലപിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നിരവധി സ്‌ത്രീകള്‍ പീഡന പരാതികളും ഭൂമി പിടിച്ചെടുക്കല്‍ ആരോപണവുമായി രംഗത്തെത്തിയിരുന്നു. ബിജെപി അധികാരത്തില്‍ വന്നാല്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ ആരും ധൈര്യപ്പെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പശ്ചിമ ബംഗാള്‍ ഒരു കാലത്ത് അക്കാദമിക പണ്ഡിതന്‍മാരുടെ പേര് കൊണ്ട് പ്രശസ്‌തമായിരുന്നു. എന്നാലിന്ന് കുറ്റവാളികളാണ് സംസ്ഥാനത്ത് അരങ്ങ് തകര്‍ക്കുന്നത് എന്നും അദ്ദേഹം ആരോപിച്ചു. പശ്ചിമ ബംഗാള്‍ മുഴുവന്‍ അരാജകത്വം നടമാടുകയാണ്. സന്ദേശ്ഖാലിയില്‍ സ്‌ത്രീകള്‍ക്കെതിരെ നടന്ന ആക്രമണങ്ങളില്‍ ലോകം മുഴുവന്‍ ലജ്ജിക്കുന്നു. ആഗോളതലത്തില്‍ ഇന്ത്യയുടെ പ്രതിച്ഛായയും മോശമാക്കി. സന്ദേശ്ഖാലി വിഷയത്തില്‍ മാനവരാശി മുഴുവന്‍ ലജ്ജിക്കുന്നു.

ഇവിടെ ഒരു ബിജെപി സര്‍ക്കാരുണ്ടായാല്‍ സന്ദേശ്ഖാലി പോലുള്ളവ ആവര്‍ത്തിക്കാന്‍ ആരും ധൈര്യപ്പെടില്ല. അടുത്ത തെരഞ്ഞെടുപ്പ് മുതല്‍ വനിതകള്‍ക്ക് 33 ശതമാനം സംവരണം നല്‍കുമെന്നും പാര്‍ലമെന്‍റ് പാസാക്കിയ വനിത സംവരണ ബില്‍ ചൂണ്ടിക്കാട്ടി രാജ്‌നാഥ് സിങ് പറഞ്ഞു.

Also Read: ജീവന്‍ കൊടുക്കേണ്ടി വന്നാലും സിഎഎ, എന്‍ആര്‍സി നടപ്പാക്കില്ല; അമിത് ഷായെ വെല്ലുവിളിച്ച് മമത ബാനര്‍ജി രംഗത്ത്

പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് ശക്തമായ അടിത്തറയാണ് ഉള്ളത്. 2014ല്‍ 42 സീറ്റുകളില്‍ 34ഉം ഇവര്‍ നേടിയിരുന്നു. എന്നാല്‍ 2019ല്‍ ബിജെപിക്ക് മികച്ച പ്രകടനം നടത്താനായി. പതിനെട്ട് സീറ്റുകള്‍ അവര്‍ സ്വന്തമാക്കി. ടിഎംസിക്ക് കേവലം 22 സീറ്റുകളിലേക്ക് ഒതുങ്ങേണ്ടി വന്നു. ഏഴ് ഘട്ടങ്ങളിലും പശ്ചിമ ബംഗാളില്‍ വോട്ടെടുപ്പ് നടക്കുന്നുണ്ട്. ഈ മാസം 19ന് നടന്ന തെരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റുകളിലേക്ക് വോട്ടെടുപ്പ് നടന്നിരുന്നു. ജൂണ്‍ നാലിനാണ് മുഴുവന്‍ മണ്ഡലങ്ങളിലെയും ഫലപ്രഖ്യാപനം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.