ETV Bharat / bharat

ജീവന്‍ കൊടുക്കേണ്ടി വന്നാലും സിഎഎ, എന്‍ആര്‍സി നടപ്പാക്കില്ല; അമിത് ഷായെ വെല്ലുവിളിച്ച് മമത ബാനര്‍ജി രംഗത്ത് - Mamata challenges Amit Shah

author img

By ETV Bharat Kerala Team

Published : Apr 12, 2024, 7:54 PM IST

മോദിക്കും അമിത്‌ ഷായ്‌ക്കുമെതിരെ ആഞ്ഞടിച്ച് ബംഗാള്‍ മുഖ്യമന്ത്രി. ധൈര്യമുണ്ടെങ്കില്‍ മുഖാമുഖം ചര്‍ച്ചയ്ക്ക് വരാന്‍ വെല്ലുവിളി. ഡല്‍ഹിയില്‍ പോയി ഇരക്കാന്‍ മനസില്ലെന്നും മമത.

MAMATA BANERJEE  AMIT SHAH  CAA NRC UCC  UNION HOME MINISTER
Mamata Banerjee challenges Amit Shah on CAA NRC UCC

അലിപുര്‍ദുവാര്‍(പശ്ചിമ ബംഗാള്‍): കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി. പൗരത്വ ഭേദഗതി നിയമത്തില്‍ മമത ബാനര്‍ജി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന കേന്ദ്രമന്ത്രി അമിത്‌ ഷായുടെ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് മമത രംഗത്ത് എത്തിയിരിക്കുന്നത്. ആരുടെയും പേര് എടുത്ത് പറയാതെ ആയിരുന്നു മമതയുടെ പരാമര്‍ശങ്ങള്‍. തന്‍റെ ജീവന്‍ കൊടുക്കേണ്ടി വന്നാലും സംസ്ഥാനത്ത് സിഎഎയും എന്‍ആര്‍സിയും യൂണിഫോം പൊതുസിവില്‍കോഡും നടപ്പാക്കില്ലെന്ന് മമത വ്യക്തമാക്കി.

'ഒരു ദിവസം വരൂ, എന്നോട് മുഖാമുഖം സംസാരിക്കൂ. നമുക്കൊരു ടെലിവിഷന്‍ ചാനലിന്‍റെ ചര്‍ച്ചയ്ക്ക് ഇരിക്കാം. നിങ്ങളുടെ മനസിലുള്ളത് മുഴുവന്‍ പറയൂ. ഞാന്‍ എന്‍റെ മനസിലുള്ളതും പറയാം. ഞാന്‍ പറയും ഞാന്‍ മുഖത്ത് നോക്കി ചര്‍ച്ച ചെയ്യും, ആര് ജയിക്കുമെന്നും തോല്‍ക്കുമെന്നും നമുക്ക് നോക്കാം. എന്നിട്ട് ജനങ്ങള്‍ തീരുമാനിക്കട്ടെ ആരാണ് കള്ളം പറയുന്നതെന്ന്.' മമത രൂക്ഷമായ ഭാഷയില്‍ പറഞ്ഞു.

നേരത്തെ അഭിഷേക് ബാനര്‍ജിയും ബിജെപി നേതാക്കളെ ചര്‍ച്ചയ്ക്ക് വെല്ലുവിളിച്ചിരുന്നു. ഇപ്പോഴിതാ മമതയും ഡല്‍ഹിയിലെ ബിജെപി നേതാക്കളെ ചര്‍ച്ചയ്ക്ക് വെല്ലുവിളിച്ചിരിക്കുകയാണ്. മോദിക്ക് യാതൊരു ഉറപ്പും നല്‍കാനാകുന്നില്ല. 2014ല്‍ ബിജെപി അധികാരത്തില്‍ വരുമ്പോള്‍ അഞ്ച് തേയിലത്തോട്ടങ്ങള്‍ തുറന്ന് തരുമെന്നായിരുന്നു വാഗ്‌ദാനം. എന്നാല്‍ രണ്ടെണ്ണം പോലും തുറക്കാനായില്ല. എന്നാല്‍ തന്‍റെ സര്‍ക്കാര്‍ 59 തേയിലത്തോട്ടങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നുവെന്നും മമത ചൂണ്ടിക്കാട്ടി. ബിജെപി കൊള്ളക്കാരുടെ സംഘമാണ്. അവരെല്ലാം കവര്‍ന്നെടുക്കുന്നു. എല്ലാം വിറ്റുതുലയ്ക്കുന്നുവെന്നും മമത കൂട്ടിച്ചേര്‍ത്തു.

ഭവന പദ്ധതിപ്രകാരമുള്ള പണം നല്‍കുന്നില്ല. റോഡുകള്‍ പണിയാനും പണം നല്‍കുന്നില്ല. തൊഴിലുറപ്പ് തൊഴിലാളികള്‍ക്കുള്ള കൂലി മൂന്ന് വര്‍ഷമായി നല്‍കിയിട്ട്. എന്നാല്‍ 59 ലക്ഷം കുടുംബങ്ങള്‍ക്കുള്ള ആ പണം താന്‍ നല്‍കുന്നു. ഡല്‍ഹിയില്‍ ചെന്ന് യാചിക്കാന്‍ എനിക്ക് വയ്യ, യാചിക്കണമെങ്കില്‍ അതെന്‍റെ ജനങ്ങളോടാകും ഡല്‍ഹിയിലല്ലെന്നും അവര്‍ വ്യക്തമാക്കി.

Also Read: ലോക്‌സഭ തെരഞ്ഞെടുപ്പ് 2024: വൃദ്ധര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വീട്ടിലിരുന്ന് തന്നെ വോട്ടു ചെയ്യാമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍

ദിവസങ്ങള്‍ക്ക് മുമ്പ് ബാലൂര്‍ഘട്ടിലെ ഒരു തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലാണ് ആഭ്യന്തരമന്ത്രി അമിത് ഷായും മറ്റ് ബിജെപി നേതാക്കളും മമതയ്‌ക്കെതിരെ ആഞ്ഞടിച്ചത്. ഇതിനുള്ള മറുപടിയാണ് മമത ഇന്ന് കല്‍ചിനിയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ നല്‍കിയത്. നേരത്തെ പശ്ചിമബംഗാള്‍ തീവ്രവാദികളുടെ സുരക്ഷിത ഇടമായി മാറിയിരിക്കുന്നുവെന്ന ആരോപണവും ബിജെപി ഉയര്‍ത്തിയിരുന്നു. മറ്റൊരു റാലിയില്‍ ഇതിനെതിരെയും മമത രൂക്ഷമായി പ്രതികരിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.