ETV Bharat / bharat

പ്രാണ പ്രതിഷ്‌ഠയ്‌ക്ക് ശേഷം പ്രധാനമന്ത്രി ആദ്യമായി അയോധ്യയില്‍; റോഡ്‌ഷോ, പ്രത്യേക പ്രാർഥനയും പൂജയും - PM Modi Ayodhya visit

author img

By ETV Bharat Kerala Team

Published : May 5, 2024, 1:10 PM IST

PM MODI AT AYODHYA  PM MODI CAMPAIGNS  MODI RAM MANDIR VISIT  പ്രധാനമന്ത്രി അയോധ്യയിലേക്ക്
PM MODI AYODHYA VISIT (Source: ANI)

ഉത്തർപ്രദേശിലെ ഇറ്റാവയും ധൗരഹ്‌റയും മോദി സന്ദർശിക്കും. അയോധ്യയിലെ വോട്ടെടുപ്പ് മെയ് 20ന്

ന്യൂഡൽഹി : ജാർഖണ്ഡിലെയും അയൽപ്രദേങ്ങളിലെയും പ്രചാരണത്തിന് ശേഷം, തൻ്റെ സ്വദേശമായ ഗുജറാത്തിലെ പ്രചാരണത്തിനും അവസാനമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്‌ച ഉത്തർപ്രദേശിലെ ഇറ്റാവയിലേക്ക്. സമാജ്‌വാദി പാർട്ടിയുടെ (എസ്‌പി) ശക്തികേന്ദ്രമായ ഇറ്റാവയിൽ കൂടുതൽ പ്രചാരണ പരിപാടികൾക്ക് പ്രധാനമന്ത്രി നേതൃത്വം നൽകും. ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശിലെ ധൗരഹ്‌റയും ഒപ്പം അയോധ്യയും മോദി സന്ദർശിക്കും.

ജാർഖണ്ഡിലെയും ബിഹാറിലെയും തൻ്റെ പൊതുയോഗങ്ങൾ അവസാനിപ്പിച്ച ശേഷമാണ് പ്രധാനമന്ത്രി മോദി ശനിയാഴ്‌ച വൈകുന്നേരം യുപിയിലെത്തിയത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം കാൺപൂരിൽ അദ്ദേഹം വിപുലമായ റോഡ്‌ഷോ നടത്തി. ഇന്ന് ഉച്ചയ്‌ക്ക് 2.45ഓടെ ഇറ്റാവയിൽ ഒരു പൊതുയോഗത്തെ മോദി അഭിസംബോധന ചെയ്യും, തുടർന്ന് 4.45ഓടെ ധൗരഹ്‌റയിൽ മറ്റൊരു പൊതുയോഗവും നടത്തും.

കൂടാതെ, സന്ദർശന വേളയിൽ അയോധ്യയിലെ രാം മന്ദിറിൽ വൈകിട്ട് 7 മണിയോടെ പ്രധാനമന്ത്രി മോദി പ്രാർഥനയും പൂജയും നടത്തും. രാം ലല്ല ദർശനത്തിന് ശേഷം അയോധ്യയിൽ ഏകദേശം 2 കിലോമീറ്ററാകും പ്രധാനമന്ത്രി റോഡ് ഷോ നടത്തുക. സുഗ്രീവ കോട്ടയിൽ നിന്ന് ആരംഭിച്ച് ലതാ ചൗക്ക് വരെ പ്രധാനമന്ത്രി മോദിയുടെ രാംപാതയിലെ റോഡ് ഷോ തുടരും.

റോഡ് ഷോയുടെ റൂട്ട് 40 ബ്ലോക്കുകളായി തിരിച്ചിട്ടുണ്ട്. പരിപാടിയിൽ സിന്ധികളും പഞ്ചാബികളും കർഷകരും സ്‌ത്രീകളും അവരുടെ പരമ്പരാഗത വേഷവിധാനങ്ങളിൽ അണിനിരക്കും. ഈ വർഷം ജനുവരി 22ന് രാം ലല്ലയുടെ ജന്മസ്ഥലത്ത് നടന്ന 'പ്രാണ പ്രതിഷ്‌ഠ'യ്‌ക്ക് ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രി മോദിയുടെ അയോധ്യ സന്ദർശനം.

രാം ലല്ലയുടെ ദർശനത്തിനും റോഡ്‌ഷോയ്ക്കുമായി പ്രധാനമന്ത്രി മോദിയുടെ അയോധ്യ സന്ദർശനത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ നടക്കുന്നതായി രാമക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ് പറഞ്ഞു. 'രാം ലല്ല ദർശനത്തിനുള്ള വഴിയായ ഗേറ്റ് നമ്പർ 11 പൂക്കൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ബിർള മന്ദിർ മുതൽ ലത മങ്കേഷ്‌കർ ചൗക്ക് വരെയുള്ള 2 കിലോമീറ്റർ ദൂരത്തിൽ പ്രധാനമന്ത്രിയുടെ കൂറ്റൻ ഹോർഡിങ്ങുകൾ ഒരുക്കിയിട്ടുണ്ട്. രാം ലല്ല ദർശൻ മാർഗും അലങ്കരിച്ചിരിക്കുന്നു'- മുഖ്യ പുരോഹിതൻ വ്യക്തമാക്കി.

പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി ഞായറാഴ്‌ച പുലർച്ചെ മുതൽ ക്ഷേത്രനഗരിയിലേക്ക് വൻ ഭക്തജനപ്രവാഹമാണ് ഒഴുകുന്നത്. അതുകൊണ്ടുതന്നെ പ്രദേശത്ത് സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി വരുന്നതിനാൽ പ്രദേശത്തെ സോണുകളായും സെക്‌ടറുകളായും ഉപമേഖലകളായും തിരിച്ചിട്ടുണ്ടെന്ന് സുരക്ഷ ക്രമീകരണങ്ങളെക്കുറിച്ച് സംസാരിച്ച അയോധ്യ സീനിയർ പൊലീസ് സൂപ്രണ്ട് (എസ്എസ്‌പി) രാജ് കരൺ നയ്യാർ വ്യക്തമാക്കി. പൊലീസിനൊപ്പം ഭീകരവിരുദ്ധ സേനയും (എടിഎസ്) കമാൻഡോകളും എല്ലാ തയ്യാറെടുപ്പുകളും നിരീക്ഷിക്കുന്നുണ്ട്. വിമാനത്താവളത്തിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

അതേസമയം അയോധ്യയിലെ വോട്ടെടുപ്പ് മെയ് 20ന് നടക്കും. ലോക്‌സഭ തെരഞ്ഞെടുപ്പ് ജൂൺ 1 വരെ ഏഴ് ഘട്ടങ്ങളിലായാണ് നടക്കുന്നത്. എല്ലാ സീറ്റുകളിലെയും വോട്ടെണ്ണൽ ജൂൺ 4ന് നടക്കും.

ALSO READ: 'ലോകം ഭരിക്കാനുള്ള അവസരം നഷ്‌ടമാക്കരുത്, മൂന്നാം വട്ട വികസിത് ഭാരത് പ്രവര്‍ത്തനങ്ങള്‍ ആദ്യ നൂറുദിനത്തില്‍': പ്രധാനമന്ത്രിയുമായി പ്രത്യേക അഭിമുഖം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.