ETV Bharat / bharat

'എല്ലാവരും ഖേദിക്കും, രാജ്യത്തെ കള്ളപ്പണത്തിലേക്ക് തള്ളിവിടുന്നു': ഇലക്‌ടറൽ ബോണ്ട് റദ്ദാക്കിയതിൽ പ്രധാനമന്ത്രി - PM Narendra Modi on Electoral Bonds

author img

By ETV Bharat Kerala Team

Published : Apr 15, 2024, 8:46 PM IST

ഇലക്‌ടറൽ ബോണ്ട് സ്‌കീമുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ കള്ളം പ്രചരിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി. 'ഒരു രാഷ്‌ട്രം, ഒരു തെരഞ്ഞെടുപ്പ്' നടപ്പാക്കുന്നതിൽ സർക്കാർ പ്രതിബദ്ധരാണെന്നും പ്രധാനമന്ത്രി

PM MODI ON ONE NATION ONE ELECTION  PM MODI ABOUT ED  ELECTORAL BONDS SCHEME  പ്രധാനമന്ത്രി നരേന്ദ്ര മോദി
PM Modi

ന്യൂഡൽഹി: ഇലക്‌ടറൽ ബോണ്ട് റദ്ദാക്കിയത് തെരഞ്ഞെടുപ്പ് കാലത്ത് രാജ്യത്തെ കള്ളപ്പണത്തിലേക്ക് തള്ളിവിട്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാവരും ഈ തീരുമാനത്തിൽ ഖേദിക്കുമെന്നും എഎൻഐയ്‌ക്ക് നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി മോദി പറഞ്ഞു. സുപ്രീം കോടതി റദ്ദാക്കിയ ഇലക്‌ടറൽ ബോണ്ട് സ്‌കീമുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ കള്ളം പ്രചരിപ്പിക്കുകയാണെന്നും പ്രധാനമന്ത്രി ആരോപിച്ചു.

തെരഞ്ഞെടുപ്പിൽ കള്ളപ്പണം തടയുകയാണ് ഇലക്‌ടറൽ ബോണ്ട് പദ്ധതിയെന്നും, പ്രതിപക്ഷം ആരോപണങ്ങൾ ഉന്നയിച്ച് ഒളിച്ചോടാനാണ് ആഗ്രഹിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. അന്വേഷണ ഏജൻസികളുടെ നടപടിക്ക് ശേഷം സംഭാവന നൽകിയ 16 കമ്പനികളിൽ നിന്നുള്ള തുകയുടെ 37 ശതമാനം മാത്രമാണ് ബിജെപിക്ക് ലഭിച്ചത്. 63 ശതമാനം ബിജെപിയെ എതിർക്കുന്ന പ്രതിപക്ഷ പാർട്ടികൾക്കാണ് ലഭിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു. അതേസമയം രാഷ്‌ട്രീയ പാർട്ടികൾക്ക് സംഭാവന നൽകിയവരെ തുറന്നു കാണിക്കാൻ ഈ പദ്ധതി കാരണമായതിനാല്‍ ഇതൊരു വിജയഗാഥയായി കാണണമെന്നും മോദി കൂട്ടിച്ചേർത്തു. പറഞ്ഞു. പദ്ധതിയിൽ ഏറെ പുരോഗതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഒരു രാഷ്‌ട്രം, ഒരു തെരഞ്ഞെടുപ്പ്: ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ തങ്ങൾ നൽകിയ പ്രധാന വാഗ്‌ദാനങ്ങളിലൊന്നായ 'ഒരു രാഷ്‌ട്രം, ഒരു തെരഞ്ഞെടുപ്പ്' നടപ്പാക്കുന്നതിൽ സർക്കാർ പ്രതിബദ്ധതരാണെന്നും നരേന്ദ്ര മോദി വ്യക്തമാക്കി. ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്നതുമായി ബന്ധപ്പെട്ട് റിപ്പോർട്ട് തയ്യാറാക്കാൻ മുൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദിൻ്റെ അധ്യക്ഷതയിൽ രൂപീകരിച്ച സമിതിക്ക് വളരെ അനുകൂലവും നൂതനവുമായ നിർദേശങ്ങൾ ലഭിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

'ഒരു രാഷ്‌ട്രം, ഒരു തെരഞ്ഞെടുപ്പ് എന്നത് ഞങ്ങളുടെ പ്രതിബദ്ധതയാണ്. ഞങ്ങൾ പാർലമെൻ്റിലും ഇതിനെക്കുറിച്ച് സംസാരിച്ചു. ഇതിനായി ഞങ്ങൾ ഒരു കമ്മിറ്റിയും രൂപീകരിച്ചു. കമ്മിറ്റി അതിൻ്റെ റിപ്പോർട്ടും സമർപ്പിച്ചുകഴിഞ്ഞു'. ബോർഡ് കമ്മിറ്റിക്ക് നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും ഈ റിപ്പോർട്ട് നടപ്പിലാക്കാൻ കഴിഞ്ഞാൽ രാജ്യത്തിന് വളരെയധികം പ്രയോജനം ലഭിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ഇഡി ശരിയായ പാതയില്‍: 'ബിജെപി സർക്കാർ പ്രതിപക്ഷ നേതാക്കളെ ജയിലിലേക്ക് അയച്ചു' എന്ന ആരോപണങ്ങളും മോദി നിഷേധിച്ചു. എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റ് രജിസ്‌റ്റർ ചെയ്‌ത കേസുകളിൽ കൂടുതലും രാഷ്‌ട്രീയവുമായി യാതൊരു ബന്ധവുമില്ലാത്ത വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും എതിരെയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശപ്പെട്ടു.

സത്യസന്ധനായ വ്യക്തിക്ക് ഭയപ്പെടേണ്ട കാര്യമില്ലെന്നും എന്നാൽ അഴിമതിയിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് പാപഭയം ഉണ്ടെന്നും മോദി പറഞ്ഞു. 'ഇഡി കേസുകളിൽ 3 ശതമാനം മാത്രമാണ് രാഷ്‌ട്രീയ നേതാക്കൾ ഉൾപ്പെട്ടിരിക്കുന്നതെന്നും 97 ശതമാനം കേസുകളും രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത് രാഷ്‌ട്രീയത്തിൽ പെടാത്തവർക്കെതിരെയാണെന്നും രാജ്യം മനസിലാക്കണം,' പ്രധാനമന്ത്രി പറഞ്ഞു. ഒന്നുകിൽ അവർ മയക്കുമരുന്ന് മാഫിയയാണ്, അല്ലെങ്കില്‍ അഴിമതിയിൽ ഏർപ്പെട്ട ഉദ്യോഗസ്ഥരാണ്, അതുമല്ലെങ്കില്‍ ബിനാമി സ്വത്ത് ഉണ്ടാക്കിയവരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റിനെ അഭിനന്ദിച്ച പ്രധാനമന്ത്രി 2014ൽ താൻ ചുമതലയേറ്റ ശേഷം അഴിമതി തടയുന്നതിൽ കേന്ദ്ര ഏജൻസി കാര്യമായ സംഭാവനകൾ നൽകിയിട്ടുണ്ടെന്നും പറഞ്ഞു.

ജനങ്ങൾക്ക് നൽകിയ വാഗ്‌ദാനങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ട പ്രതിപക്ഷത്തിനെതിരെയും പ്രധാനമന്ത്രി നരേന്ദ്ര മോദി ആഞ്ഞടിച്ചു. രാഷ്‌ട്രീയക്കാർ അവർ ജനങ്ങളോട് പറയുന്ന പ്രസ്‌താവനകളുടെ ഉടമസ്ഥാവകാശം ഏറ്റെടുക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. താൻ ധൈര്യം കാണിച്ചതിന്‍റെ ഫലമായാണ് ആര്‍ട്ടിക്കിൾ 370 ഇല്ലാതാക്കിയതെന്നും, ജമ്മു കശ്‌മീരിൻ്റെ വിധിതന്നെ മാറിയെന്നും പ്രധാനമന്ത്രി പറഞ്ഞു.

Also Read:

  1. ബുള്ളറ്റ് ട്രെയിന്‍, അന്താരാഷ്‌ട്ര രാമായണോത്സവം, ഏകീകൃത സിവില്‍ കോഡ്...; 'സങ്കൽപ് പത്ര' പുറത്തിറക്കി ബിജെപി
  2. തിരുവനന്തപുരത്ത് പോരടിക്കുന്നവര്‍ തിരുനെൽവേലിയിൽ സഖ്യകക്ഷികൾ: സിപിഎമ്മിനെയും കോണ്‍ഗ്രസിനെയും കടന്നാക്രമിച്ച് മോദി
  3. 'പ്രധാനമന്ത്രി ഓരോ ദിവസവും പുതിയ കുത്തിത്തിരുപ്പുകള്‍ ഉണ്ടാക്കുന്നു'; കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ്
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.