ETV Bharat / bharat

നിസ്‌കാരത്തിന്‍റെ പേരില്‍ വിദേശവിദ്യാര്‍ഥികള്‍ അക്രമിക്കപ്പെട്ട സംഭവം: കര്‍ശന നടപടിയെന്ന് വിദേശകാര്യമന്ത്രാലയം

author img

By ETV Bharat Kerala Team

Published : Mar 17, 2024, 10:42 PM IST

ഗുജറാത്ത് സര്‍വകലാശാലയില്‍ വിദേശവിദ്യാര്‍ഥികള്‍ അക്രമിക്കപ്പെട്ട സംഭവത്തില്‍ കര്‍ശന നടപടിയെന്ന് വ്യക്തമാക്കി വിദേശകാര്യമന്ത്രാലയവും രംഗത്ത്. ഉത്തരവാദികളായ മുഴുവന്‍ പേരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും അധികൃതര്‍.

Foreign Students Attacked  The Ministry of External Affairs  Offering Namaz  Gujarat University
Foreign Students At Gujarat University Attacked For Offering Namaz; 2 Arrested; MEA Issues Statement

ന്യൂഡല്‍ഹി: അഹമ്മദാബാദ് സര്‍വകലാശാലയില്‍ നിസ്‌കരിച്ചതിന്‍റെ പേരില്‍ വിദേശ വിദ്യാര്‍ഥികള്‍ അക്രമിക്കപ്പെട്ട സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. ആക്രമണത്തില്‍ രണ്ട് വിദേശവിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ ഗുജറാത്ത് പൊലീസ് അറസ്‌റ്റ് ചെയ്‌തതിന് തൊട്ടുപിന്നാലെയാണ് വിദേശകാര്യമന്ത്രാലയത്തിന്‍റെ പ്രസ്‌താവന.

പരിക്കേറ്റ ഒരു വിദ്യാര്‍ഥിയെ ആശുപത്രിയില്‍ നിന്ന് വിട്ടയച്ചതായും വിദേശകാര്യമന്ത്രാലയ വക്‌താവ് രണ്‍ധീര്‍ ജെയ്‌സ്വാള്‍ പറഞ്ഞു. കൂടുതല്‍ പ്രതികള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. സംസ്ഥാന സര്‍ക്കാര്‍ അക്രമികള്‍ക്കെതിരെ കര്‍ശന നടപടികള്‍ കൈക്കൊണ്ട് തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.

ശനിയാഴ്‌ച രാത്രി 10.50 നാണ് സംഭവമുണ്ടായതെന്ന് അഹമ്മദാബാദ് പൊലീസ് കമ്മീഷണര്‍ ജി എസ് മാലിക് പറഞ്ഞു. പുറത്ത് നിന്ന് 25 പേരോളമടങ്ങുന്ന ഒരുസംഘം ഹോസ്‌റ്റല്‍ പരിസരത്ത് കടന്ന് കയറി വിദേശ വിദ്യാര്‍ഥികള്‍ നിസ്‌കരിക്കുന്നത് തടയുകയായിരുന്നു. നിസ്‌കരിക്കാന്‍ പള്ളിയില്‍ പോകാനും അവര്‍ പറഞ്ഞു. തുടര്‍ന്ന് തര്‍ക്കമുണ്ടാകുകയും അവരെ അപമാനിക്കുകയും കല്ലെറിയുകയും ചെയ്‌തു.

ശ്രീലങ്കയിലും താജിക്കിസ്ഥാനിലും നിന്നുള്ള വിദ്യാര്‍ഥികള്‍ക്കാണ് പരിക്കേറ്റത്. അജ്ഞാതരായ 25 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. നിയമവിരുദ്ധമായ സംഘം ചേരല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, കടന്ന് കയറ്റം, ആക്രമിച്ച് മുറിവേല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. തിരിച്ചറിഞ്ഞ ഹിതേഷ് മെവാദ, ഭാരത് പട്ടേല്‍ എന്നിവരെയാണ് ഇതുവരെ അറസ്‌റ്റ് ചെയതതെന്നും പൊലീസ് അറിയിച്ചു.

സര്‍വകലാശാലയില്‍ മുന്നൂറോളം വിദേശ വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്. അഫ്‌ഗാനിസ്ഥാന്‍, താജിക്കിസ്ഥാന്‍, ശ്രീലങ്ക, ആഫ്രിക്കയിലെ വിവിധ രാജ്യങ്ങള്‍ തുടങ്ങിയിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളാണിവര്‍. സംഭവം നടന്ന ഹോസ്‌റ്റലില്‍ 75 വിദേശവിദ്യാര്‍ഥികള്‍ താമസിക്കുന്നുണ്ട്. സംഭവത്തിന് പിന്നിലുള്ള മുഴുവന്‍ പേരെയും അറസ്‌റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. പൊലീസ് ജോയന്‍റ് കമ്മീഷണര്‍ ആണ് കേസിന് മേല്‍നോട്ടം വഹിക്കുന്നത്.

Also Read: ഗുജറാത്ത് സർവ്വകലാശാലയിൽ നിസ്‍കാരത്തിൻ്റെ പേരിൽ ആക്രമണം; വിദേശ വിദ്യാർഥികൾക്ക് പരിക്ക്

സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഒന്‍പതംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് കമ്മീഷണര്‍ മാലിക് പറഞ്ഞു. ആഭ്യന്തര സഹമന്ത്രി ഹര്‍ഷ് സങ്‌വി പൊലീസ് ഉദ്യോഗസ്ഥരുമായി നേരിട്ട് ചര്‍ച്ച നടത്തിയെന്നും കമ്മീഷണര്‍ അറിയിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചിട്ടുമുണ്ട്. സംഭവത്തെ സര്‍ക്കാരും പൊലീസും ഗൗരവമായാണ് കാണുന്നതെന്നും അന്വേഷണം നടക്കുകയാണെന്നും ഗുജറാത്ത് സര്‍വകലാശാല വൈസ് ചാന്‍സലര്‍ നീരജ ഗുപ്‌ത പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.