ETV Bharat / bharat

'കെജ്‌രിവാളിനെ രക്ഷിക്കാൻ ഡല്‍ഹിയില്‍ എത്തി, 21 പേര്‍ക്ക് ജീവൻ നഷ്‌ടമായതില്‍ പ്രശനമില്ല'; പഞ്ചാബ് മുഖ്യമന്ത്രിക്കെതിരെ അനുരാഗ് താക്കൂര്‍ - Punjab Hooch Tragedy

author img

By ETV Bharat Kerala Team

Published : Mar 25, 2024, 8:04 AM IST

പഞ്ചാബ് മദ്യദുരന്തം: മുഖ്യമന്ത്രി ഭഗവന്ത് മാനിനെ വിമര്‍ശിച്ച് കേന്ദ്ര മന്ത്രി അനുരാഗ് താക്കൂര്‍.

SPURIOUS LIQUOR DEATH  PUNJAB HOOCH TRAGEDY  UNION MINISTER ANURAG THAKUR  PUNJAB CHIEF MINISTER BHAGWANT MANN
Union Minister Anurag Thakur criticises Punjab Chief Minister

ന്യൂഡൽഹി: പഞ്ചാബിലെ സംഗ്രൂർ ജില്ലയിൽ വ്യാജമദ്യം കഴിച്ച് 21 പേർ മരിച്ച സംഭവത്തിൽ മുഖ്യമന്ത്രി ഭഗവന്ത് മാനിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ. ആം ആദ്‌മി നേതാവും, ദില്ലി മന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിനെ രക്ഷിക്കാൻ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ ഡൽഹിയിലെത്തി. എന്നാൽ അദ്ദേഹത്തിന്‍റെ സംസ്ഥാനത്തെ ഒരു ജില്ലയിലെ ഗ്രാമത്തിലുണ്ടായ ദുരന്തത്തെ കുറിച്ച് പ്രതികരിക്കാൻ പഞ്ചാബ് മുഖ്യമന്ത്രി തയ്യാറായിട്ടില്ലെന്ന് അനുരാഗ് താക്കൂർ പറഞ്ഞു.

'ഒരു സംസ്ഥാനത്ത് 21 പേർ അനധികൃത മദ്യം മൂലം മരിച്ച സാഹചര്യത്തിൽ, അവരുടെ മുഖ്യമന്ത്രി ഡൽഹിയിൽ കിടന്ന് ഉറങ്ങുകയാണ്. മദ്യപാനത്തിനെതിരെ രണ്ട് വാക്ക് പോലും സംസാരിക്കാനോ, മരണങ്ങളിൽ ഒരു നടപടി എടുക്കാനോ അദ്ദേഹം തയ്യാറായിട്ടില്ല. അരവിന്ദ് കെജ്‌രിവാളിനെ രക്ഷിക്കാൻ അദ്ദേഹം ദില്ലിയിലെത്തി.

21 പേരുടെ ജീവൻ പോയതിൽ പഞ്ചാബ് മുഖ്യമന്ത്രിക്ക് പ്രശ്‌നമില്ല. അദ്ദേഹം മദ്യനയ അഴിമതി കേസിൽ അറസ്‌റ്റിലായ കെജ്‌രിവാളിനെ സംരക്ഷിക്കാൻ വേണ്ടി ഡൽഹിയിലാണ്'- അനുരാഗ് താക്കൂർ പറഞ്ഞു.

അതേസമയം, പഞ്ചാബില്‍ ഇന്നലെയുണ്ടായ വ്യാജമദ്യ ദുരന്തത്തില്‍ ഇതുവരെ 21 പേര്‍ മരിച്ചെന്നാണ് റിപ്പേര്‍ട്ട്. നിരവധി പേര്‍ ഇപ്പോഴും ചികിത്സയിലാണ്. സംഭവത്തിൽ അനധികൃത മദ്യം വിറ്റതിന് നാല് പേരെ അറസ്‌റ്റ്‌ ചെയ്‌തിരുന്നു.

ഇവർക്ക് പുറമെ നാലുപേർ കൂടി പിടിയിലായതായി പൊലീസ് അറിയിച്ചു. ഗുജ്‌റാൻ ഗ്രാമത്തിൽ നിന്നുള്ള സുഖ്‌വീന്ദർ എന്ന സുഖി, മൻപ്രീത് എന്ന മന്നി, ഉംരെവാൾ ഗ്രാമത്തിൽ നിന്നുള്ള ഗുലാൽ സിങ്, വില്ലേജ് തായ്‌പൂർ സ്വദേശി ഹർമൻപ്രീത് സിങ് എന്നിവരാണ് പ്രതികളെന്ന് പൊലീസ് തിരിച്ചറിഞ്ഞു. രണ്ടാമത് പിടിയിലായ പ്രതികളിൽ ഒരു സ്‌ത്രീയുമുണ്ടെന്ന് സംഗ്രൂർ എസ്എസ്‌പി സർതാജ് സിങ് ചാഹൽ പറഞ്ഞു. ചൗവാസ് ജാഖേപാലിലെ ബബ്ബി എന്ന പ്രദീപ് സിങ്, സോമ, സഞ്ജു, റോഗ്ല ഗ്രാമത്തിലെ അർഷ് എന്ന അർഷ്‌ദീപ് സിങ് എന്നിവരാണ് പിടിയിലായത്.

വ്യാജ മദ്യ ദുരന്തം ഉണ്ടായ ദിവസം പൊലീസ് സംഘവും പ്രാദേശിക ഭരണകൂടവും ഉടൻ തന്നെ ഗ്രാമത്തിലെത്തി മദ്യപിച്ചവരെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. സംഭവത്തിൽ എഫ്ഐആർ രജിസ്‌റ്റർ ചെയ്‌ത്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഗ്രൂർ ഡെപ്യൂട്ടി കമ്മിഷണർ മജിസ്‌റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ടെന്നും അത് എസ്‌ഡിഎമ്മിൻ്റെ നേതൃത്വത്തിൽ നടക്കുന്നെന്നും റിപ്പോർട്ട് ഉടൻ തങ്ങൾക്ക് സമർപ്പിക്കുമെന്നും ഡിജിപി അർപിത് ശുക്ല അറിയിച്ചു.

ഹർമൻപ്രീത് സിങ്ങിന്‍റെ വസതിയിൽ നടത്തിയ റെയ്‌ഡിൽ വന്‍തോതിൽ എത്തനോൾ, തൊപ്പികൾ, വിവിധ ബ്രാൻഡുകളുടെ മദ്യത്തിൻ്റെ ലേബലുകൾ, പാക്കേജിങ് മെഷീനുകൾ, ഒഴിഞ്ഞ കുപ്പികൾ, എന്നിവ കണ്ടെടുത്തതായും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തില്‍ പ്രതികളെ എല്ലാവരെയും കണ്ടെത്തുന്നതിനായി ഒരു ഉന്നതതല സമിതി രൂപീകരിച്ചിട്ടുണ്ട്. എഡിജിപി ഗുരിന്ദർ ധില്ലൻ ഐപിഎസിൻ്റെ നേതൃത്വത്തിൽ ഡിഐജി പട്യാല റേഞ്ച് ഹർചരൺ ഭുള്ളർ ഐപിഎസ്, എസ്എസ്‌പി സംഗ്രൂർ സർതാജ് ചാഹൽ ഐപിഎസ്, അഡിഷനൽ കമ്മിഷണർ (എക്‌സൈസ്) നരേഷ് ദുബെ എന്നിവരടങ്ങുന്ന നാലംഗ പ്രത്യേക അന്വേഷണ സംഘത്തിനാണ് കേസിന്‍റെ ചുമതല.

Also read : പഞ്ചാബ് മദ്യദുരന്തം; മരണസംഖ്യ 20 ആയി ഉയർന്നു - Punjab Hooch Tragedy

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.