ETV Bharat / bharat

സിഎഎ ഒരിക്കലും തിരിച്ചെടുക്കില്ല, നടപ്പാക്കുക തന്നെ ചെയ്യും : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

author img

By ETV Bharat Kerala Team

Published : Mar 14, 2024, 10:48 AM IST

രാജ്യത്ത് പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നത് ബിജെപിയാണ്. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അത് നടപ്പിലാക്കുക തന്നെ ചെയ്യും : അമിത്ഷാ

CAA  Citizenship Amendment Act  BJP  INDIA
"CAA will never be taken back", Home Minister Amit Shah makes categorical statement

ന്യൂഡല്‍ഹി : രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നതില്‍ നിന്ന് പിന്നോട്ടില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കി കേന്ദ്രം. സിഎഎ ഒരിക്കലും തിരിച്ചെടുക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ (Home Minister Amit Shah) പറഞ്ഞു.

'രാജ്യത്ത് ഇന്ത്യന്‍ പൗരത്വം ഉറപ്പാക്കുന്നതിന് കേന്ദ്രസര്‍ക്കാരിന് പരമാധികാരവും, അവകാശവുമുണ്ട്. അതില്‍ ഞങ്ങള്‍ ഒരു കാരണവശാലും വിട്ടുവീഴ്‌ച ചെയ്യില്ല. സിഎഎ ഒരിക്കലും തിരിച്ചെടുക്കില്ല. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ നിയമം അസാധുവാക്കുമെന്ന് പറയുന്നത് കേട്ടു. ഇന്ത്യാസഖ്യം അധികാരത്തില്‍ വരാനുള്ള സാധ്യത വളരെ കുറവാണ്. പ്രതിപക്ഷത്തിന് തന്നെ അത് വ്യക്തമായി അറിയുകയും ചെയ്യാം.

രാജ്യത്ത് പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നത് ബിജെപിയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അത് നടപ്പിലാക്കുക തന്നെ ചെയ്യും. ഇത് റദ്ദാക്കുക എന്നത് അസാധ്യമായ കാര്യമാണ്'- അമിത് ഷാ വ്യക്തമാക്കി (Citizenship Amendment Act). സിഎഎ ഭരണഘടനാവിരുദ്ധമാണെന്ന ആരോപണം അമിത് ഷാ തള്ളി. ഇത് ഭരണഘടനാവ്യവസ്ഥകള്‍ ലംഘിക്കുന്ന നിയമം അല്ല. പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് രാജ്യമെമ്പാടുമുള്ള ജനങ്ങളില്‍ അവബോധം സൃഷ്‌ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അവര്‍ എപ്പോഴും സംസാരിക്കുന്നത് ആര്‍ട്ടിക്കിള്‍ 14-നെ കുറിച്ചാണ്. ആ ആര്‍ട്ടിക്കിളില്‍ രണ്ട് ക്ലോസുകളുണ്ടെന്ന് അവര്‍ മറക്കുന്നു. പൗരത്വ ഭേദഗതി നിയമം ഒരിക്കലും ആര്‍ട്ടിക്കിള്‍ 14 ലംഘിക്കുന്നില്ല. ഇവിടെ വ്യക്തവും, ന്യായയുക്തവുമായ ഒരു വര്‍ഗ്ഗീകരണമുണ്ട്. പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്‌ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിൽ മതപരമായ പീഡനം നേരിടുന്ന വലിയ വിഭാഗം തന്നെയുണ്ട്. അവര്‍ ഇന്ത്യയിലേക്ക് വരാന്‍ ആഗ്രഹിക്കുന്നു. വിഭജനം കാരണം അവിടെ തുടരുന്നവര്‍ക്കുള്ള നിയമം ആണിത് - അമിത് ഷാ പറഞ്ഞു.

ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി സിഎഎ പെട്ടെന്ന് നടപ്പിലാക്കുകയാണെന്ന് പറയുന്നവര്‍ സമയത്തെ കുറിച്ച് ഓര്‍ത്താണ് ആശങ്കപ്പെടുന്നത്. രാഹുല്‍ ഗാന്ധിയും, മമത ബാനര്‍ജിയും, അരവിന്ദ് കെജ്‌രിവാളും ഉള്‍പ്പെടുന്ന എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും നുണകളുടെ രാഷ്ട്രീയം മാത്രമാണ് പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. പ്രീണന രാഷ്ട്രീയം കളിച്ച് തങ്ങളുടെ വോട്ടുബാങ്ക് ഉറപ്പിക്കാനാണ് പ്രതിപക്ഷം ആഗ്രഹിക്കുന്നതെന്നും അമിത്ഷാ കുറ്റപ്പെടുത്തി (Citizenship Amendment Act).

രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുമെന്നും പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്‌ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുമെന്നും 2019 ലെ പ്രകടന പത്രികയില്‍ ബിജെപി വ്യക്തമാക്കിയിട്ടുള്ളതാണ്. ബിജെപിക്ക് വ്യക്തവും സ്‌പഷ്‌ടവുമായ അജണ്ടയുണ്ട്. 2019 ല്‍ പൗരത്വ ഭേദഗതി ബില്‍ പാര്‍ലമെന്‍റിന്‍റെ ഇരു സഭകളിലും പാസാക്കിയതാണ്. എന്നാല്‍ കൊവിഡ് മഹാമാരി കാരണമാണ് രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നത് വൈകിയത്.

പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്‌ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിൽ മതപരമായ പീഡനം നേരിടുന്ന അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കും. പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങള്‍ക്ക് അവകാശങ്ങളും, നീതിയും ഉറപ്പാക്കുക എന്നതാണ് ബിജെപിയുടെ പ്രധാന ലക്ഷ്യം. അവിടെ രാഷ്ട്രീയ നേട്ടത്തെക്കുറിച്ചുള്ള ചോദ്യത്തിനോ ഉത്തരത്തിനോ പ്രസക്തി ഇല്ലെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.

ഒരു പൗരന്‍റെയും അവകാശങ്ങള്‍ തിരിച്ചെടുക്കാന്‍ വ്യവസ്ഥയില്ലാത്തതിനാല്‍ രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ ഭയപ്പെടേണ്ടതില്ലെന്ന് ഞാന്‍ പലതവണ പറഞ്ഞതാണ്. ഇന്ത്യന്‍ പൗരത്വം നല്‍കാനാണ് സിഎഎ ലക്ഷ്യമിടുന്നത് (Citizenship Amendment Act). സിഎഎ മുസ്ലിം വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയ എഐഎംഐഎമ്മിന്‍റെ അസദ്ദുദ്ദീന്‍ ഒവൈസി, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി തുടങ്ങിയ പ്രതിപക്ഷ നേതാക്കളെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ വിമര്‍ശിച്ചു.

പൗരത്വ ഭേദഗതി നിയമം നടപ്പാക്കാതിരിക്കാന്‍ സംസ്ഥാനങ്ങള്‍ക്കാകുമോ : പാർലമെന്‍റ് പാസാക്കിയ ഏത് നിയമവും നടപ്പാക്കാൻ നിയമപരമായി സംസ്ഥാനങ്ങൾ ബാധ്യസ്ഥരാണ്. അതുകൊണ്ടുതന്നെ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കില്ലെന്ന് ചില സംസ്ഥാനങ്ങള്‍ സ്വീകരിച്ച നിലപാട് വാക്കുകളിൽ ഒതുങ്ങും. പൗരത്വം നൽകുന്നത് കേന്ദ്ര സർക്കാരിന്‍റെ പ്രത്യേക അവകാശമായതിനാൽ സിഎഎ നടപ്പാക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുന്നത് സംസ്ഥാനങ്ങൾക്ക് വെല്ലുവിളിയാകും. പൗരത്വം നൽകുന്നതിൽ നിന്ന് കേന്ദ്രത്തെ തടയാൻ സംസ്ഥാനങ്ങൾക്ക് സാധിക്കില്ല.

പൗരത്വ ഭേദഗതി നിയമം എന്ത് ? : പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്‌ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് 2014 ഡിസംബര്‍ 31ന് മുന്‍പ് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, പാഴ്‌സി, ജൈന, ബുദ്ധ, ക്രൈസ്‌തവ മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് പൗരത്വാവകാശം നല്‍കുന്നതാണ് നിയമം. മുൻപ് കുറഞ്ഞത് 11 വര്‍ഷം രാജ്യത്ത് സ്ഥിര താമസമായവര്‍ക്ക് മാത്രമാണ് പൗരത്വം നല്‍കിയിരുന്നത്. എന്നാല്‍ നിലവിലെ ഭേദഗതി പ്രകാരം ഇത് ആറുവര്‍ഷമായി ചുരുങ്ങും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.