ETV Bharat / bharat

കർഷക സമരം : ട്രാക്‌ടർ മാർച്ചിന് സംയുക്ത കിസാൻ മോർച്ച, കര്‍ശന സുരക്ഷ

author img

By ETV Bharat Kerala Team

Published : Feb 26, 2024, 11:44 AM IST

Farmers Portest  SKMs Tractor March Today  Tractor March  കർഷക സമരം  ട്രാക്‌ടർ മാർച്ച്
farmers protest

ഉച്ചയ്ക്ക് 12 മുതൽ വൈകീട്ട് നാല് മണി വരെ രാജ്യത്തുടനീളം ട്രാക്‌ടർ മാർച്ച് സംഘടിപ്പിക്കും

ന്യൂഡൽഹി : പ്രക്ഷോഭത്തിലുള്ള കർഷകർക്ക് പിന്തുണയുമായി രാജ്യത്തുടനീളം സംയുക്ത കിസാൻ മോർച്ച (എസ്‌കെഎം) ആഹ്വാനം ചെയ്‌ത ട്രാക്‌ടർ മാർച്ച് (SKMs Tractor March Today) ഇന്ന് നടക്കും. രാജ്യത്തെ ഹൈവേകളിൽ ഉച്ചയ്ക്ക് 12 മുതൽ വൈകീട്ട് നാല് മണി വരെയാണ് കർഷക സംഘടനകൾ ട്രാക്‌ടർ മാർച്ച് നടത്തുന്നത് (Farmers Protest). അതേസമയം, കർഷകർ ഡൽഹിയിലേക്ക് കടക്കാതിരിക്കാൻ സ്ഥാപിച്ച ബാരിക്കേഡുകൾ ഭാഗികമായി ഡൽഹി പൊലീസ് നീക്കി. ഇന്‍റർനെറ്റ് സേവന നിരോധനവും പിൻവലിച്ചിട്ടുണ്ട്.

ട്രാക്‌ടർ മാർച്ചിന് മുന്നോടിയായി ഡൽഹി-നോയിഡ അതിർത്തി മേഖലയിൽ ഗതാഗതക്കുരുക്ക് സംബന്ധിച്ച് യാത്രക്കാർക്ക് നോയിഡ പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രദേശത്ത് സുരക്ഷ ഉറപ്പാക്കാനായി നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുമുണ്ട്. ഇത് കൂടാതെ, ഡൽഹിയിലെയും നോയിഡയിലെയും പ്രധാന പ്രവേശന കവാടങ്ങളിലും എക്‌സിറ്റ് പോയിൻ്റുകളിലും അധിക ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുമുണ്ട്.

അതിർത്തികൾ ഭാഗികമായി തുറന്നു : ഡൽഹിയുടെ തിക്രി, സിംഗു അതിർത്തികളിലെ ബാരിക്കേഡുകളാണ് ഭാഗികമായി തുറന്നത്. ഇതോടെ ഹരിയാനയിൽ നിന്ന് ഡൽഹിയിലേക്ക് കടക്കാൻ സാധിക്കും. ഇതോടൊപ്പം പഞ്ചാബ് അതിർത്തിയിലെ ബാരിക്കേഡുകളും നീക്കം ചെയ്‌തു.

ഇൻ്റർനെറ്റ് നിരോധനം നീക്കി : ഹരിയാനയിലെ ഏഴ് ജില്ലകളിലെ ഇൻ്റർനെറ്റ് നിരോധനം നീക്കി. കർഷക സമരത്തോടനുബന്ധിച്ച് ഫെബ്രുവരി 11ന് രാവിലെ ആറ് മണി മുതൽ അംബാല, കുരുക്ഷേത്ര, കൈതാൽ, ജിന്ദ്, ഹിസാർ, ഫത്തേഹാബാദ്, സിർസ എന്നിവിടങ്ങളിൽ ഇൻ്റർനെറ്റ് വിച്ഛേദിക്കപ്പെട്ടിരുന്നു. രണ്ടാഴ്‌ചയ്‌ക്ക് ശേഷമാണ് ഇന്‍റർനെറ്റ് പുനഃസ്ഥാപിച്ചത്.

കർഷക സമരത്തിനിടെ അതിർത്തിയിലുണ്ടായ സംഘർഷത്തിൽ മൂന്ന് പൊലീസുകാരുൾപ്പടെ ഏഴ് പേരാണ് മരിച്ചത്. പഞ്ചാബിലെ കർഷകരായ ഗ്യാൻ സിംഗ് (65), മഞ്ജിത് സിംഗ് (72), ശുഭ്‌കരണ്‍ സിംഗ് (21), ദർശൻ സിംഗ് (62) പൊലീസ് ഉദ്യോഗസ്ഥരായ ഹിരാലാൽ (58), കൗശൽ കുമാർ (56), വിജയ് കുമാർ (40) എന്നിവരാണ് മരിച്ചത്.

യുവ കർഷകനായ ശുഭ്‌കരണ്‍ സിംഗ് വെടിയേറ്റ് മരിച്ച സംഭവത്തിൽ കടുത്ത പ്രതിഷേധം അലയടിച്ചിരുന്നു. കർഷകർക്ക് നേരെ വെടിയുതിർത്ത ഹരിയാന പൊലീസിനും അർധസൈനിക വിഭാഗത്തിനുമെതിരെ കേസെടുക്കണമെന്നായിരുന്നു കർഷകരുടെ ആവശ്യം.

കർഷകർക്ക് നേരെ വെടിയുതിർക്കുന്നവർക്കെതിരെയും പഞ്ചാബിൽ കടന്ന് കർഷകരെ മർദിക്കുകയും ട്രാക്‌ടറുകൾ തകർക്കുകയും ചെയ്യുന്നവർക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് സംയുക്ത കിസാൻ മോർച്ച പ്രസിഡന്‍റ് ജഗ്‌ജിത് ദല്ലേവാൾ പറഞ്ഞിരുന്നു.

വിളകള്‍ക്ക് താങ്ങുവില ഉറപ്പാക്കുന്നതിനുള്ള നിയമം പാസാക്കുക, സ്വാമിനാഥന്‍ കമ്മിഷനിലെ നിര്‍ദേശങ്ങളായ കാര്‍ഷിക പെന്‍ഷന്‍ ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ നടപ്പാക്കുക, കര്‍ഷക സമരത്തില്‍ പങ്കെടുത്ത കര്‍ഷകര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കുക, ലഖിംപൂര്‍ ഖേരിയില്‍ കൊല്ലപ്പെട്ടവര്‍ക്ക് നീതി ഉറപ്പാക്കുക, കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക, സ്വതന്ത്ര വ്യാപാര കരാറുകള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കര്‍ഷക സംഘടനകള്‍ സമരത്തിനിറങ്ങിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.