ETV Bharat / bharat

കർഷകർക്ക് കുരുക്ക് മുറുകുന്നു; സമരത്തിനിടെ പൊതുമുതൽ നശിപ്പിച്ചാൽ നഷ്‌ടപരിഹാരം പ്രതിഷേധക്കാർ നൽകണമെന്ന് അംബാല പൊലീസ്‌

author img

By ETV Bharat Kerala Team

Published : Feb 23, 2024, 8:05 AM IST

കർഷക പ്രക്ഷോഭത്തിനിടെ പൊതുമുതൽ നശിപ്പിച്ചാൽ നഷ്‌ടപരിഹാരം പ്രതിഷേധക്കാർ തന്നെ നൽകണമെന്നാണ് അംബാല പൊലീസ്‌ ഇറക്കിയ പ്രസ്‌താവനയിൽ പറയുന്നത്

Farmers Protest  Protestors pay loss public property  പൊതുമുതൽ നശിപ്പിച്ചാൽ  കർഷകസമരം  അംബാല പൊലീസ്‌
Protestors

അംബാല (ഹരിയാന): മിനിമം താങ്ങുവിലയുൾപ്പെടെയുളള ആവശ്യങ്ങൾ ഉന്നയിച്ച് വിവിധ കർഷക സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്ന ഡൽഹി ചലോ മാർച്ചിൽ സമരക്കാർക്കെതിരെ ഭരണകൂടത്തിന്‍റെ പോര്‌ മുറുകുന്നു. പ്രക്ഷോഭത്തിനിടെ പൊതുമുതൽ നശിപ്പിച്ചാൽ നഷ്‌ടപരിഹാരം പ്രതിഷേധക്കാർ നൽകണമെന്ന് അംബാല ജില്ലയിലെ ഹരിയാന പൊലീസ്‌ അറിയിച്ചു. അല്ലാത്തപക്ഷം പ്രതിഷേധക്കാരുടെ സ്വത്തും ബാങ്ക് അക്കൗണ്ടും കണ്ടുകെട്ടിയും നഷ്‌ടപരിഹാരം ഈടാക്കുമെന്നും പൊലീസ് പ്രസ്‌താവനയിലൂടെ അറിയിച്ചിട്ടുണ്ട്.

ഫെബ്രുവരി 13നാണ് കര്‍ഷക സംഘടനകളുടെ പ്രതിഷേധം ആരംഭിച്ചത്. അന്ന് മുതല്‍ ഡൽഹിയിലേക്കുള്ള മാർച്ചുമായി ബന്ധപ്പെട്ട് ശംഭു അതിർത്തിയിൽ ഏർപ്പെടുത്തിയ ബാരിക്കേഡ് തകർക്കാൻ കർഷക സംഘടനകൾ നിരന്തരമായ ശ്രമങ്ങൾ നടത്തി വരികയാണ്. കൂടാതെ, മേഖലയില്‍ ക്രമസമാധാനം തകര്‍ക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.

പ്രതിഷേധങ്ങള്‍ ആരംഭിച്ചതിന് പിന്നാലെ സർക്കാർ-സ്വകാര്യ സ്വത്തുക്കൾക്ക് ഒട്ടേറെ നാശനഷ്‌ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. പ്രതിഷേധങ്ങളെ തുടര്‍ന്നുണ്ടായ നാശനഷ്‌ടങ്ങൾ വിലയിരുത്തിവരികയാണ്. ഈ സമരത്തിനിടെ സർക്കാർ-സ്വകാര്യ സ്വത്തുക്കൾക്ക് നാശനഷ്‌ടം വരുത്തിയാൽ പ്രതിഷേധക്കാരുടെ സ്വത്തുക്കളും ബാങ്ക് അക്കൗണ്ടുകളും കണ്ടുകെട്ടി ഈ നഷ്‌ടം നികത്തുമെന്ന് ഭരണകൂടം നേരത്തെ തന്നെ അറിയിച്ചിരുന്നു.

പ്രക്ഷോഭങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമിടെ പൊതുമുതൽ നശിപ്പിച്ചാല്‍ അവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന് സുപ്രീം കോടതിയുടെ വകുപ്പുകൾ പ്രകാരം 1984-ലെ പൊതുമുതൽ നശിപ്പിക്കുന്നത് തടയൽ നിയമത്തിൽ (Prevention of Damage to Public Property Act 1984) ഭേദഗതിയുണ്ട്. പ്രതിഷേധങ്ങള്‍ക്കിടെയുണ്ടാകുന്ന നാശനഷ്‌ടത്തിന് പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്‌തവരോ ആ സംഘടനയുടെ ഭാരവാഹികളോ ആയിരിക്കും ഉത്തരവാദികളെന്നും പൊലീസ് പ്രസ്‌താവനയില്‍ പറയുന്നു.

സർക്കാർ സ്വത്തുക്കൾക്ക് നാശനഷ്‌ടമുണ്ടായാൽ നഷ്‌ടപരിഹാരം നൽകുന്നതിന് സ്വത്ത് അറ്റാച്ച് ചെയ്‌ത് നഷ്‌ടമുണ്ടാക്കുന്ന വ്യക്തിയുടെ ബാങ്ക് അക്കൗണ്ടുകൾ കണ്ടുകെട്ടാനുള്ള വ്യവസ്ഥ ഹരിയാന പബ്ലിക് അഡ്‌മിനിസ്‌ട്രേഷൻ്റെ പ്രോപ്പർട്ടി റിക്കവറി ആക്‌ട് 2021ല്‍ (Public Administration's Property Recovery Act 2021) ഉണ്ടെന്നും പൊലീസ് വ്യക്തമാക്കി. ഈ കാരണങ്ങള്‍ കൊണ്ട് തന്നെ സമരക്കാര്‍ക്കെതിരെ ശക്തമായ നടപടികളാണ് ഭരണകൂടം സ്വീകരിക്കുന്നത്. പ്രതിഷേധങ്ങള്‍ക്കിടെ ഏതെങ്കിലും സമുദായത്തിന്‍റെ സ്വത്തിന് നാശനഷ്‌ടം സംഭവിച്ചിട്ടുണ്ടെങ്കില്‍ അവയുടെ വിശദാംശങ്ങള്‍ ഭരണകൂടത്തിന് കൈമാറാം.

അതേസമയം, സര്‍ക്കാര്‍ വസ്‌തുക്കള്‍ക്കെതിരായ നഷ്‌ടപരിഹാരം ഈടാക്കുന്നതിനായി പ്രതിഷേധക്കാരുടെ ബാങ്ക് അക്കൗണ്ട് കണ്ടുകെട്ടാനുള്ള നടപടികള്‍ അധികൃതര്‍ ആരംഭിച്ചിട്ടുണ്ട്. കൂടാതെ കർഷക നേതാക്കൾക്കെതിരെ ദേശീയ സുരക്ഷാ നിയമവും (NSA) പൊലീസ് ആരംഭിച്ചിട്ടുണ്ട്.

Also Read : കര്‍ഷക സമരം; രാജ്യവ്യാപകമായി ഇന്ന് 'ബ്ലാക്ക് ഫ്രൈഡേ' ആചരിക്കാൻ എസ്‌കെഎം, ഹൈവേകളില്‍ ട്രാക്‌ടര്‍ മാര്‍ച്ച്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.