ETV Bharat / bharat

കാശ്‌മീരി കുടിയേറ്റക്കാർക്ക് വോട്ട് ചെയ്യാൻ ഇനി 'എം ഫോം' വേണ്ട; ചട്ടത്തില്‍ മാറ്റം വരുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍ - Changes in Kashmiri migrants Form M

author img

By PTI

Published : Apr 12, 2024, 7:14 PM IST

രാജ്യത്തെ മറ്റ് ഇടങ്ങളിലുള്ള കുടിയേറ്റക്കാര്‍ക്ക് വോട്ട് ചെയ്യുന്നതിനായി പൂരിപ്പിക്കേണ്ട ഫോം എമ്മിലും തെരഞ്ഞെടുപ്പ് കമ്മീഷൻ ഇളവുകള്‍ കൊണ്ടുവന്നിട്ടുണ്ട്.

KASHMIRI MIGRANTS  FORM M FOR KASHMIRI MIGRANTS  LOKSABHA ELECTION 2024  കാശ്‌മീരി കുടിയേറ്റക്കാരുടെ വോട്ട്
CHANGES IN KASHMIRI MIGRANTS FORM M FOR POLLS

ശ്രീനഗര്‍: ജമ്മു, ഉധംപൂർ ജില്ലകളിൽ നിന്നുള്ള കശ്‌മീരി കുടിയേറ്റക്കാർക്ക് ലോക്‌സഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ ഇനി 'ഫോം എം' പൂരിപ്പിക്കേണ്ടതില്ല. കുടിയിറക്കപ്പെട്ട ജനങ്ങൾക്ക് നിലവിലുള്ള വോട്ടിങ് രീതിയില്‍ മാറ്റം വരുത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടതോടെയാണ് ഫോം എം ഒഴിവായത്. മുമ്പ്, ജമ്മു കാശ്‌മീരിലെ എല്ലാ പാർലമെന്‍റ്, അസംബ്ലി തെരഞ്ഞെടുപ്പുകൾക്കും, കുടിയിറക്കപ്പെട്ട വോട്ടർമാർ ഫോം എം ഫയൽ ചെയ്യല്‍ നിർബന്ധമായിരുന്നു.

ഫോം എമ്മിന് പകരം വോട്ടര്‍മാര്‍ രജിസ്‌റ്റർ ചെയ്‌തിട്ടുള്ളതോ താമസിക്കുന്നതോ ആയ സോണുകളിൽ വരുന്ന പ്രത്യേക പോളിങ് സ്‌റ്റേഷനുകൾ മാപ്പ് ചെയ്യണമെന്നാണ് കമ്മീഷന്‍റെ നിര്‍ദേശം. ഡൽഹിയിലും രാജ്യത്തെ മറ്റ് സ്ഥലങ്ങളിലും താമസിക്കുന്ന കുടിയേറ്റക്കാരുടെ ഫോം എം ഫയൽ ചെയ്യുന്ന പ്രക്രിയയും കമ്മീഷൻ ലഘൂകരിച്ചിട്ടുണ്ട്. ഗസറ്റഡ് ഓഫീസർമാരുടെ സർട്ടിഫിക്കേഷന് പകരം ഇനി സ്വയം സാക്ഷ്യപ്പെടുത്തൽ മതിയാകും.

പ്രത്യേക പോളിങ് സ്‌റ്റേഷനുകളിൽ ആൾമാറാട്ടം ഒഴിവാക്കുന്നതിന്, വോട്ടർ ഐഡിയോ വോട്ടർമാരെ തിരിച്ചറിയുന്നതിനായി കമ്മീഷൻ നിർദ്ദേശിച്ച ഏതെങ്കിലും രേഖകളോ കൈവശം വെക്കണം. എന്നാല്‍ തപാൽ ബാലറ്റ് സൗകര്യത്തിൽ മാറ്റങ്ങളൊന്നുമില്ലെന്നും കമ്മീഷന്‍ അറിയിച്ചു. തപാൽ ബാലറ്റ് തേടുന്നതിന് ഫോം 12 സി പൂരിപ്പിക്കേണ്ടതുണ്ട്. ജമ്മു, ഉധംപൂർ, ഡൽഹി, മുംബൈ, നോയിഡ തുടങ്ങിയ പ്രദേശത്ത് താമസിക്കുന്ന എല്ലാ കുടിയേറ്റക്കാരും തപാല്‍ വോട്ടിനായി ഫോം 12 സി പൂരിപ്പിക്കണം.

തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ ഗ്യാനേഷ് കുമാർ, സുഖ്ബീർ സിങ് സന്ധു എന്നിവരുമായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറിന്‍റെ നേതൃത്വത്തിൽ വെള്ളിയാഴ്‌ച നടന്ന യോഗത്തിന് ശേഷമാണ് തീരുമാനം.

ഏപ്രിൽ 19 (ഉധംപൂർ), ഏപ്രിൽ 26 (ജമ്മു), മെയ് 7 (അനന്ത്നാഗ്-രജൗരി), മെയ് 13 (ശ്രീനഗർ), മെയ് 20 (ബാരാമുള്ള) എന്നീ തീയതികളിലാണ് കേന്ദ്രഭരണ പ്രദേശത്തെ ആദ്യ അഞ്ച് ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെണ്ണൽ ജൂൺ 4 ന് നടക്കും.

തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനത്തെ കാശ്‌മീരിലെ കുടിയേറ്റ പണ്ഡിറ്റ് നേതാക്കളായ ബിജെപിയുടെ മുൻ എംഎൽസി അജയ് ഭാരതിയും ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടിയുടെ (ഡിപിഎപി) സഞ്ജയ് ധറും ഉൾപ്പെടെയുള്ള നേതാക്കള്‍ സ്വാഗതം ചെയ്‌തു.

Also Read : 2024 ലോക്‌സഭ തെരഞ്ഞെടുപ്പ്: കാശ്‌മീരില്‍ ഇത്തവണയും സിപിഎം മത്സരിക്കില്ല

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.