ETV Bharat / bharat

യൂക്കോ ബാങ്ക് ഐഎംപിഎസ് തട്ടിപ്പ്; 67 ഇടങ്ങളില്‍ സിബിഐ റെയ്‌ഡ്

author img

By ETV Bharat Kerala Team

Published : Mar 7, 2024, 10:33 PM IST

2023 നവംബറില്‍, 7 സ്വകാര്യ ബാങ്കുകളില്‍ നടന്ന 820 കോടി രൂപയുടെ ഐഎംപിഎസ് ഇടപാടുകള്‍ നിരവധി യൂക്കോ ബാങ്ക് അക്കൗണ്ട് ഉടമകളുടെ അക്കൗണ്ടുകളിൽ തെറ്റായി നിക്ഷേപിക്കപ്പെട്ടു എന്നാണ് പരാതി.

CBI raid  Bribery  സിബിഐ  യൂക്കോ ബാങ്ക്
CBI Conducts Searches At 67 Locations In UCO Bank IMPS Scam, two arrested in another bribery case

ന്യൂഡൽഹി : യൂക്കോ ബാങ്കിലെ 820 കോടി രൂപയുടെ ഐഎംപിഎസ് തട്ടിപ്പുമായി ബന്ധപ്പെട്ട് രാജസ്ഥാനിലെയും മഹാരാഷ്ട്രയിലെയും 7 നഗരങ്ങളിലെ 67 സ്ഥലങ്ങളിൽ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) റെയ്‌ഡ് നടത്തി.

ജോധ്പൂർ, ജയ്‌പൂർ, ജലോർ, നാഗൗർ, ബാർമർ, ഫലോഡി, മഹാരാഷ്ട്രയിലെ പൂനെ എന്നീ സ്ഥലങ്ങളിലുൾപ്പെടെയാണ് മാർച്ച് 6 ന് സിബിഐ റെയ്‌ഡ് നടത്തിയത്. യൂക്കോ ബാങ്കും ഐഡിഎഫ്‌സിയുമായി ബന്ധപ്പെട്ട 130 ഓളം കുറ്റകരമായ രേഖകളും 40 മൊബൈൽ ഫോണുകൾ, 2 ഹാർഡ് ഡിസ്‌കുകൾ, 1 ഇന്‍റര്‍നെറ്റ് ഡോംഗിൾ എന്നിവയുൾപ്പെടെ 43 ഡിജിറ്റൽ ഉപകരണങ്ങളും റെയ്‌ഡില്‍ പിടിച്ചെടുത്തു. സംശയം തോന്നിയ 30 പേരെ സ്ഥലത്ത് നിന്നും കണ്ടെത്തി പരിശോധിച്ചതായും സിബിഐ അറിയിച്ചു.

കഴിഞ്ഞ വർഷം നവംബർ 21 ന് ആണ് യൂക്കോ ബാങ്കിൽ നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ സിബിഐ കേസെടുത്തത്. 2023 നവംബർ 10 മുതൽ 13 വരെ, 7 സ്വകാര്യ ബാങ്കുകളിലെ 14,600 അക്കൗണ്ട് ഉടമകള്‍ നടത്തിയ ഐഎംപിഎസ് ഇടപാട് നാല്‍പത്തിയൊന്നായിരത്തിലധികം യൂക്കോ ബാങ്ക് അക്കൗണ്ട് ഉടമകളുടെ അക്കൗണ്ടുകളിൽ തെറ്റായി നിക്ഷേപിക്കപ്പെട്ടു എന്നാണ് പരാതി.

ബാങ്കുകളിൽ നിന്ന് ഡെബിറ്റ് ചെയ്യാതെ തന്നെ 820 കോടി രൂപ യൂക്കോ ബാങ്ക് അക്കൗണ്ടുകളിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെട്ടു.സാഹചര്യം മുതലെടുത്ത് നിരവധി അക്കൗണ്ട് ഉടമകൾ വിവിധ ബാങ്കിംഗ് ചാനലുകൾ വഴി പണം പിൻവലിച്ചതായും സിബിഐ പറയുന്നു.

2023 ഡിസംബറിൽ കൊൽക്കത്തയിലും മംഗലാപുരത്തും യൂക്കോ ബാങ്ക് ഉദ്യോഗസ്ഥര്‍, സ്വകാര്യ വ്യക്തികള്‍ എന്നിവരുപ്പെട്ട 13 സ്ഥലങ്ങളിൽ സിബിഐ തിരച്ചിൽ നടത്തിയിരുന്നു.ഇതിന്‍റെ തുടര്‍ച്ചയായാണ് ഇപ്പോഴത്തെ റെയ്‌ഡ്.

പരിശോധയ്ക്ക് സായുധ സേനയടക്കം 120 രാജസ്ഥാൻ പൊലീസുകാരെ വിന്യസിച്ചിരുന്നു. 130 സിബിഐ ഉദ്യോഗസ്ഥരും വിവിധ വകുപ്പുകളിൽ നിന്നുള്ള 80 സാക്ഷികളും ഉൾപ്പെടെ 40 ടീമുകൾ അടങ്ങുന്ന 210 ഉദ്യോഗസ്ഥരും റെയ്‌ഡില്‍ പങ്കെടുത്തു.

ബാങ്ക് ഫീൽഡ് ഓഫീസർ ഉൾപ്പെടെ രണ്ട് പേരെ കൈക്കൂലി കേസിൽ സിബിഐ അറസ്റ്റ് ചെയ്‌തു

ഉത്തർപ്രദേശില്‍ കൈക്കൂലിക്കേസില്‍ രണ്ട് ബാങ്ക് ഉദ്യോഗസ്ഥരെ സി.ബി.ഐ അറസ്റ്റ് ചെയ്‌തു. അലിഗഡ് പാലി റാസാപൂർ ബ്രാഞ്ചിലെ ഗ്രാമീൺ ബാങ്ക് ഓഫ് ആര്യവാർട്ടിലെ ഫീൽഡ് ഓഫീസറും ബാങ്കില്‍ ദിവസ വേതനത്തില്‍ ജോലി ചെയ്യുന്ന ആളുമാണ് അറസ്റ്റിലായത്.

പരാതിക്കാരനിൽ നിന്നും പിതാവിൽ നിന്നും കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഫീൽഡ് ഓഫീസർ മോഹിത് അഗർവാളിനെതിരെ സിബിഐ കേസ് രജിസ്റ്റർ ചെയ്‌തത്.

പരാതിക്കാരിയുടെ പിതാവിന്‍റെ പേരിലുള്ള പഴയ കെസിസി ലോൺ അക്കൗണ്ടിന്‍റെ കുടിശ്ശിക തീർക്കാനാണ് ഫീല്‍ഡ് ഓഫീസര്‍ കൈക്കൂലി ആവശ്യപ്പെട്ടത്. ലോൺ അക്കൗണ്ട് എൻപിഎ (നോൺ പെർഫോമിംഗ് അസറ്റ്) ആയി പ്രഖ്യാപിക്കുകയും അക്കൗണ്ടിലെ കുടിശ്ശിക 10,03,232 രൂപ ആണെന്ന് ബാങ്ക് തെറ്റായി കാണിച്ചുവെന്നും സിബിഐ പറഞ്ഞു.

കെസിസി വായ്‌പ കുടിശ്ശിക തീർക്കുന്നതിനായി ഫീൽഡ് ഓഫീസർ പരാതിക്കാരന്‍റെ പിതാവിന്‍റെ പേരിൽ രണ്ട് പുതിയ കെസിസി ലോൺ അക്കൗണ്ടുകൾ തുറക്കുകയും 8 ലക്ഷം രൂപയും ഒന്നര ലക്ഷം രൂപയും പഴയ കെസിസി ലോൺ അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്‌തു. തുടര്‍ന്ന് ഫീൽഡ് ഓഫീസർ, ചെയ്‌തുകൊടുത്ത സഹായത്തിന് പരാതിക്കാരനോട് 20,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. പിന്നീട് കൈക്കൂലി 18,000 രൂപയായി കുറച്ചതായും സിബിഐ പറഞ്ഞു.

പരാതി ലഭിച്ച സിബിഐ ഫീല്‍ഡ് ഓഫീസര്‍ക്കായി വലവിരിക്കുകയായിരുന്നു. ഫീൽഡ് ഓഫീസർ, കൈക്കൂലി പണം ബാങ്കിലെ ദിവസ വേതനക്കാരന് കൈമാറാൻ പരാതിക്കാരനോട് നിർദ്ദേശിച്ചു. ഇയാളാണ് കൈക്കൂലി വാങ്ങിയത്. തുടര്‍ന്ന് സിബിഐ രണ്ട് പ്രതികളെയും സിബിഐ അറസ്റ്റ് ചെയ്യുകയായിരുന്നു. ഉത്തർപ്രദേശിലെ ഹത്രാസിലുള്ള ഇരുവരുടെയും താമസ സ്ഥലങ്ങളിലും സിബിഐ പരിശോധന നടത്തി.
Also Read : സന്ദേശ്‌ഖാലി കേസ്; പ്രതിയായ ടിഎംസി നേതാവ് ഷെയ്‌ഖ് ഷാജഹാനെ സിബിഐയ്‌ക്ക് കൈമാറി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.