ETV Bharat / bharat

പ്രസവാവധിയിൽ കരാർ ജീവനക്കാരോട് വേർതിരിവ് പാടില്ല; നിർണായക ഉത്തരവുമായി കൽക്കട്ട ഹൈക്കോടതി

author img

By ETV Bharat Kerala Team

Published : Feb 28, 2024, 3:39 PM IST

പ്രസവാനുകൂല്യങ്ങളിൽ സ്ഥിരം, കരാർ ജീവനക്കാർക്കിടയിൽ വേർതിരിവ് അനുവദനീയമല്ലെന്ന് കൽക്കട്ട ഹൈക്കോടതി. ആനുകൂല്യം നിഷേധിക്കുന്നത് ഭരണഘടനയിലെ ആർട്ടിക്കിൾ 14ൻ്റെ ലംഘനമാണെന്നും കോടതി.

Maternity Benefits  പ്രസവ അവധി  പ്രസവാനുകൂല്യം  Calcutta High Court  കൽക്കട്ട ഹൈക്കോടതി
Cal HC on Differentiation in Maternity Benefits

കൊൽക്കത്ത: ജീവനക്കാരുടെ പ്രസാവാവധിയിൽ കരാർ ജോലിക്കാരോട് വേർതിരിവ് പാടില്ലെന്ന് കൽക്കട്ട ഹൈക്കോടതി. റിസർവ് ബാങ്ക് തങ്ങളുടെ കരാർ ജീവനക്കാരിക്ക് പ്രസവാവധി അനുവദിക്കാതിരുന്നതുമായി ബന്ധപ്പെട്ട കേസിലാണ് കോടതിയുടെ നിർണായക ഉത്തരവ്. സ്ഥിരം ജീവനക്കാരും കരാർ ജീവനക്കാരും തമ്മിൽ വേർതിരിവ് പാടില്ലെന്നും റിസർവ് ബാങ്ക് നടപടി തെറ്റാണെന്നും ചൂണ്ടിക്കാട്ടിയ കോടതി, പരാതിക്കാരിയായ എക്‌സിക്യൂട്ടീവ് ഇന്‍റേണിന് നഷ്‌ടപരിഹാരം നൽകാനും ഉത്തരവിട്ടു (Calcutta High Court on Differentiation in Maternity Benefits).

പരാതിക്കാരി 2011 ഓഗസ്‌റ്റ് 16 മുതൽ മൂന്ന് വർഷത്തേക്ക് റിസർവ് ബാങ്കിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്‌തിരുന്നു. ഇക്കാലയളവിൽ 180 ദിവസത്തേക്ക് തനിക്ക് ശമ്പളത്തോടുകൂടിയ പ്രസവാവധി അനുവദിക്കുന്നതിൽ റിസർവ് ബാങ്കിന്‍റെ ഭാഗത്തുനിന്നുണ്ടായ വീഴ്‌ച ചൂണ്ടിക്കാട്ടിയാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്.

ഒരു സ്ത്രീയുടെ പ്രസവത്തിനും പ്രസവാവധിക്കുമുള്ള അവകാശത്തില്‍ സ്‌ഥിരം ജീവനക്കാരും കരാർ ജീവനക്കാരും തമ്മിൽ ഒരു വ്യത്യാസവും അനുവദനീയമല്ലെന്ന് ജസ്‌റ്റീസ് രാജ ബസു ചൗധരി തിങ്കളാഴ്‌ച പുറപ്പെടുവിച്ച വിധിന്യായത്തിൽ നിരീക്ഷിച്ചു. ആനുകൂല്യം നിഷേധിക്കപ്പെട്ട കാലയളവ് ശമ്പളത്തോടുകൂടിയ അവധിയായി കണക്കാക്കി പരാതിക്കാരിക്ക് നഷ്‌ടപരിഹാരം നൽകാനും കോടതി ബാങ്കിനോട് നിർദ്ദേശിച്ചു.

റിസർവ് ബാങ്കിൻ്റെ മാസ്‌റ്റർ സർക്കുലർ പ്രകാരമാണ് പ്രസവകാല ആനുകൂല്യം അനുവദിക്കുന്നതെന്ന് നിരീക്ഷിച്ച കോടതി പരാതിക്കാരിക്ക് അത്തരം ആനുകൂല്യങ്ങൾ നൽകാതിരുന്നത് വിവേചനപരമായ പ്രവൃത്തിയാണെന്ന് ചൂണ്ടിക്കാട്ടി. ഈ നടപടി ഒരു തരത്തിനുള്ളിൽ തന്നെ മറ്റൊരു തരം സൃഷ്‌ടിക്കലാണ്, ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 14ൻ്റെ ലംഘനമാണിത്. ഇത് അനുവദനീയമല്ലെന്നും കോടതി പറഞ്ഞു.

ഹർജിക്കാരിക്ക് പ്രസവാവധി അനുവദിക്കാതിരിക്കുന്നത് 1961ലെ മെറ്റേണിറ്റി ബെനഫിറ്റ് നിയമത്തിൻ്റെ അർത്ഥത്തിൽ കുറ്റകരമാണെന്നും കോടതി പറഞ്ഞു. നിയമത്തിൻ്റെ 5(1) വകുപ്പ് പ്രകാരം, ഓരോ സ്ത്രീക്കും പ്രസവാനുകൂല്യങ്ങൾ ലഭിക്കാൻ അർഹതയുണ്ടെന്നും, അത് നൽകാൻ തൊഴിലുടമ ബാധ്യസ്ഥനാണെന്നും നിയമത്തിൽ പറയുന്നു.

ഹർജിക്കാരിക്ക് പ്രസവാനുകൂല്യമെന്ന അടിസ്ഥാന അവകാശം നിഷേധിക്കാനും, നഷ്‌ടപരിഹാരം നൽകാതെ അവധി നീട്ടാനും ആർബിഐയെ അനുവദിക്കുകയാണെങ്കിൽ, അത് ഒരു ജീവനക്കാരിയെ അവളുടെ ഗർഭാവസ്ഥയിൽ ജോലി ചെയ്യാൻ നിർബന്ധിക്കുന്നതിന് തുല്യമാകുമെന്നും ജസ്‌റ്റീസ് ബസു ചൗധരി പറഞ്ഞു. അത് അവളെയും അവളുടെ ഭ്രൂണത്തെയും അപകടത്തിലാക്കും. ഇത് അനുവദിച്ചാൽ സാമൂഹിക നീതിയുടെ ലക്ഷ്യം വ്യതിചലിക്കുമെന്നും കോടതി നിരീക്ഷിച്ചു.

1961-ലെ മെറ്റേണിറ്റി ബെനഫിറ്റ് നിയമത്തെ മറികടക്കാൻ തൊഴിൽ കരാറിന് കഴിയില്ലെന്ന് ഹർജിക്കാരിയെ പ്രതിനിധീകരിച്ച അഭിഭാഷക മാലിനി ചക്രവർത്തി കോടതിയിയിൽ വാദിച്ചു. ഇത് ഒരു കേന്ദ്ര നിയമമാണെന്നും തൊഴിൽ കരാർ ഉൾപ്പെടെയുള്ള മറ്റ് നിയമങ്ങളിൽ ഇത് വ്യക്തമായ സ്വാധീനം ചെലുത്തുന്നുവെന്നും അവർ വാദിച്ചു. അവരുടെ വാദത്തെ എതിർത്ത റിസർവ് ബാങ്ക് അഭിഭാഷകൻ, 2011 ജൂൺ 13 ന് പരാതിക്കാരിയുമായി ഉണ്ടാക്കിയ തൊഴിൽ കരാർ ഉയർത്തിയാണ് വാദിച്ചത്.

Also Read: സ്വകാര്യ വിദ്യാഭ്യാസ മേഖലയിലും പ്രസവാവധി ആനുകൂല്യം; ആദ്യ സംസ്ഥാനമായി കേരളം

ഈ കരാർ മെഡിക്കൽ ആനുകൂല്യങ്ങൾ നൽകുന്നതിന് മാത്രമായി പരിമിതപ്പെടുത്തിയതാണെന്നും പ്രസവാനുകൂല്യങ്ങൾ അനുവദിക്കാൻ വ്യവസ്ഥയില്ലെന്നും അദ്ദേഹം വാദം ഉയർത്തി ജോലിയിൽ ചേരുമ്പോൾ ഈ വ്യവസ്ഥകളുടെ ഒരു പകർപ്പ് പരാതിക്കാരി അംഗീകരിച്ചതാണെന്നും അതിനാൽ പിന്നീടൊരു ഘട്ടത്തിൽ അതിൽ നിന്ന് വ്യതിചലിക്കാൻ അവളെ അനുവദിക്കാനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.