ETV Bharat / bharat

മൂന്നാം തവണയും മൃഗീയ ഭൂരിപക്ഷം ലക്ഷ്യമിട്ട് ബിജെപി ; പാര്‍ട്ടിയുടെ കരുത്തും ദൗര്‍ബല്യങ്ങളും അറിയാം

author img

By ETV Bharat Kerala Team

Published : Mar 16, 2024, 10:29 PM IST

ഇക്കുറി നാനൂറിലേറെ സീറ്റുകള്‍ എന്നതാണ് ബിജെപി ലക്ഷ്യമിടുന്നത്. ഈ ലക്ഷ്യത്തിലേക്ക് എത്താന്‍ ബിജെപിക്ക് ആകുമോ ? എന്തൊക്കെ കടമ്പകളാണ് മുന്നിലുള്ളത്, പരിശോധിക്കാം.

BJP  A SWOT analysis  Lok Sabha seats  third straight poll win
മൂന്നാം തവണയും മൃഗീയ ഭൂരിപക്ഷം ലക്ഷ്യമിട്ട് ബിജെപി: പാര്‍ട്ടിയുടെ കരുത്തും ദൗര്‍ബല്യങ്ങളും ഒരു വിശകലനം

ന്യൂഡല്‍ഹി : തുടര്‍ച്ചയായ മൂന്നാംതവണയും അധികാരമുറപ്പിക്കുക എന്ന ലക്ഷ്യവുമായാണ് ബിജെപി ഇക്കുറി കളത്തിലിറങ്ങുന്നത്. ഇക്കുറി നാനൂറ് സീറ്റ് കടക്കുക എന്നതാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ആവര്‍ത്തിക്കുന്നത്. തങ്ങളുടെ കരുത്ത് പ്രകടമാക്കി ഇത് നേടാനുള്ള തീവ്ര യജ്ഞത്തിലാണ് ബിജെപി. ജനകീയ പ്രതിച്ഛായ നഷ്‌ടമായ പ്രതിപക്ഷം, ബിജെപിക്ക് നല്‍കുന്ന പ്രതീക്ഷ ചെറുതല്ല(BJP).

രാജ്യത്തെ ജനാധിപത്യ പ്രക്രിയയില്‍ ഒരു തവണ മാത്രമാണ് ഏതെങ്കിലുമൊരു പാര്‍ട്ടി നാനൂറ് എന്ന അക്കം കടന്നത്. ഇന്ദിരാവധത്തെ തുടര്‍ന്ന് രാജ്യത്തുണ്ടായ സഹതാപതരംഗത്തില്‍ കോണ്‍ഗ്രസ് 1984ല്‍ 543 അംഗ ലോക്‌സഭയില്‍ 414 സീറ്റുകള്‍ സ്വന്തമാക്കി.

ഇന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപനം നടത്തിയതോടെ ഔദ്യോഗികമായി രാജ്യത്ത് തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് തുടക്കമായിരിക്കുന്നു. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന വോട്ടെടുപ്പിന്‍റെ ആദ്യഘട്ടം ഏപ്രില്‍ 19ന് അരങ്ങേറുന്നതോടെ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ ഉത്സവത്തിന് തുടക്കമാകും. 102 സീറ്റുകളിലേക്കാണ് ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുക. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍( Lok Sabha seats).

2019ല്‍ പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലും ഹിന്ദി ഹൃദയ ഭൂമിയിലും നിന്നായി 303 സീറ്റുകളാണ് ബിജെപി കൈപ്പിടിയില്‍ ഒതുക്കിയത്. എന്നാല്‍ ഇക്കുറി ഇത് ആവര്‍ത്തിക്കാന്‍ ബിജെപിക്ക് ആകില്ലെന്നാണ് മറുപക്ഷത്തിന്‍റെ വിശ്വാസം. 2019ലെ പൊതുതെരഞ്ഞെടുപ്പിന് ശേഷം ദക്ഷിണേന്ത്യയിലും പശ്ചിമബംഗാള്‍ പോലുള്ള സംസ്ഥാനങ്ങളിലും നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ഇത്തരത്തില്‍ മേല്‍ക്കൈ നേടാന്‍ ബിജെപിക്ക് കഴിഞ്ഞില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം നടത്താന്‍ ബിജെപിക്ക് കഴിയില്ലെന്നും പ്രതിപക്ഷ കക്ഷികള്‍ ഒന്നിച്ച് അണിനിരന്നാല്‍ ബിജെപിക്ക് മേല്‍ വിജയം നേടാനാകുമെന്നും ഇവര്‍ കരുതുന്നു( third straight poll win).

എന്നാല്‍ ബിജെപി എപ്പോഴും രാഷ്‌ട്രീയ നിരീക്ഷകരെ അത്ഭുതപ്പെടുത്താറാണ് പതിവ്. തങ്ങളുടെ സംഘടനാമികവും ഇച്ഛാശക്തിയും സര്‍വോപരി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കരുത്തുറ്റ നേതൃത്വവും കൊണ്ട് മികച്ച തെരഞ്ഞെടുപ്പ് പ്രകടനം നടത്താന്‍ ബിജെപിക്ക് പലപ്പോഴും സാധിക്കുന്നു. ഭരണകക്ഷിയുടെ കരുത്തും ദൗര്‍ബല്യവും അവസരങ്ങളും, ഭീഷണികളും സംബന്ധിച്ച ഒരു വിശകലനം.

ബിജെപിയുടെ കരുത്ത്

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വം : പ്രതിപക്ഷ നേതാക്കളേക്കാള്‍ തലപ്പൊക്കമുള്ള മോദിയുടെ നേതൃത്വം അവര്‍ പോലും അംഗീകരിക്കുന്നുണ്ട്. മോദിയുടെ ജനകീയത ലോക്‌സഭ തെരഞ്ഞെടുപ്പില്‍, ബിജെപിക്ക് ശക്തമായ സംഘടന അടിത്തറയില്ലാത്ത സംസ്ഥാനങ്ങളായ പശ്ചിമബംഗാളിലും ഒഡിഷയിലും 2014ലും, തെലങ്കാനയില്‍ 2019ലും സഹായകമായി.

2014 മുതല്‍ പ്രാദേശിക, സംസ്ഥാന തലങ്ങളില്‍ കരുത്തുറ്റ തെരഞ്ഞെടുപ്പ് പ്രചാരകരെ ഇറക്കാന്‍ സംഘടനാസംവിധാനം ഉപയോഗിക്കുന്നുണ്ട്. ദേശീയ നേതൃത്വത്തിന്‍റെ മേല്‍നോട്ടത്തിലാണ് ഇത്. ഇത് പാര്‍ട്ടിയെ ജനകീയമാക്കുന്നതില്‍ വലിയ പങ്കാണ് വഹിച്ചിട്ടുള്ളതെന്നത് നിസ്‌തര്‍ക്കമാണ്.

ബിജെപി അധികാരത്തിലില്ലാത്ത സംസ്ഥാനങ്ങളില്‍ പോലും അവരുടെ മേല്‍ക്കോയ്മ മറ്റ് നേതാക്കള്‍ അംഗീകരിക്കുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. രാജസ്ഥാനിലും ഛത്തീസ്ഗഡിലും ബിജെപി അധികാരത്തില്‍ തിരിച്ചെത്തിയത് ഇതിന് ഒരുദാഹരണമാണ്. തെരഞ്ഞെടുപ്പ് പോരാട്ടങ്ങളിലെ വെല്ലുവിളിക്കാനാകാത്ത മേല്‍ക്കോയ്മ ബിജെപിയുടെ മറ്റൊരു കരുത്താണ്. പ്രത്യേകിച്ച് ലോക്‌സഭ തെരഞ്ഞെടുപ്പില്‍.

ദേശീയതയിലും സാംസ്കാരികതയിലും ഊന്നിയുള്ള പാര്‍ട്ടി അജണ്ട വലിയവിഭാഗം ജനങ്ങളില്‍ ആഴത്തില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ബിജെപി സര്‍ക്കാരിന്‍റെ ക്ഷേമപദ്ധതികള്‍ പാവപ്പെട്ട ജനങ്ങള്‍ക്കിടയില്‍ ബിജെപിക്കും മോദിക്കും വലിയ സ്വീകാര്യത ഉണ്ടാക്കിയിട്ടുണ്ട്.

ദൗര്‍ബല്യങ്ങള്‍

ബിജെപി പല സംസ്ഥാനങ്ങളിലും യുവ നേതാക്കളെ മുന്നോട്ട് കൊണ്ടുവരുന്നുണ്ട്. എന്നാല്‍ ഇവര്‍ക്ക് തങ്ങളുടെ മുന്‍ഗാമികളെ പോലെ മികവ് പ്രകടിപ്പിക്കാനുന്നില്ലെന്നത് യാഥാര്‍ത്ഥ്യമാണ്. രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ, മധ്യപ്രദേശിലെ മോഹന്‍ യാദവ്, ഹരിയാനയുടെ നയാബ് സിങ് സൈനി എന്നിവര്‍ കഴിവ് തെളിയിക്കേണ്ടിയിരിക്കുന്നു.

ബിജെപിയുടെ ഹിന്ദുത്വ, ദേശീയത എന്നിവയോട് രാജ്യത്തെ ഭൂരിപക്ഷം പേര്‍ക്കും അഭിപ്രായ ഭിന്നതയുണ്ട്. ദക്ഷിണ-പൂര്‍വ ഇന്ത്യയിലെ സാംസ്കാരിക-ഭാഷാ ന്യൂനപക്ഷങ്ങളുടെ ഇടയില്‍ ഇവയ്ക്ക് കാര്യമായ സ്വാധീനമുണ്ടാക്കാനായിട്ടില്ല. ഇവിടെ പ്രതിപക്ഷം ഏറെ കരുത്തരാണ് എന്നതും ശ്രദ്ധേയമാണ്.

അവസരങ്ങള്‍

ബിജെപിക്ക് മുന്‍ തെരഞ്ഞെടുപ്പുകളില്‍ ഉണ്ടായിരുന്നതിനേക്കാള്‍ വലിയ അവസരമാണ് ഇക്കുറി മുന്നിലുള്ളത്. ഒരു പാര്‍ട്ടിയോടും മുന്നണിയോടും സ്ഥായിയായ ചായ്‌വ് പ്രകടിപ്പിക്കാത്തവരെ വന്‍തോതില്‍ തങ്ങളിലേക്ക് ആകര്‍ഷിച്ച് പുതിയ ഇടങ്ങളില്‍ വോട്ട് വര്‍ദ്ധിപ്പിക്കാനുള്ള സാഹചര്യം രാജ്യത്ത് നിലവിലുണ്ട്.

പ്രതിപക്ഷ സഖ്യമായ ഇന്ത്യാബ്ലോക്കിന് വലിയ ചലനങ്ങളുണ്ടാക്കാന്‍ സാധിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. സഖ്യത്തിലെ മുഖ്യ കക്ഷിയായ കോണ്‍ഗ്രസിന്‍റെ തകര്‍ച്ച തന്നെയാണ് ശക്തമായ ഒരു മുന്നണിയായി ഇന്ത്യാസഖ്യത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാത്തതിന് കാരണം. അതുകൊണ്ടുതന്നെ ശക്തമായ എതിരാളികള്‍ ഇല്ലെന്നത് ബിജെപിയുടെ സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

ആന്ധ്രാപ്രദേശില്‍ ചന്ദ്രബാബു നായിഡുവുമായുള്ള സഖ്യവും തെലങ്കാനയിലെ ബിആര്‍എസിനുണ്ടായ വീഴ്ചകളും തമിഴ്‌നാട്ടില്‍ എഐഎഡിഎംകെയ്ക്കുണ്ടായ അപചയവും ഈ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് നേട്ടമുണ്ടാക്കാനുള്ള സാഹചര്യം ഉണ്ടാക്കുന്നുണ്ട്. ദക്ഷിണേന്ത്യയില്‍ മോദിയുടെ ആവര്‍ത്തിച്ചുള്ള പ്രചാരണ പരിപാടികളും ഏറെ ജനങ്ങളെ ഈ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കുന്നുണ്ടെന്ന് പറയാതെ വയ്യ.

ഭീഷണികള്‍

തെരഞ്ഞെടുപ്പ് ബോണ്ട് സംവിധാനം വേണ്ടെന്ന സുപ്രീം കോടതി നിര്‍ദ്ദേശവും ഫണ്ടിലൂടെ രാഷ്‌ട്രീയ കക്ഷികള്‍ക്ക് ലഭിച്ച പണത്തിന്‍റെ കണക്കുകള്‍ പുറത്തുവന്നതും പ്രതിപക്ഷം ബിജെപിക്കെതിരെ ആയുധമാക്കാനിടയുണ്ട്. ഇതിന് പുറമെ സര്‍ക്കാരിന്‍റെ അഴിമതിയും അന്വേഷണ ഏജന്‍സികളുടെ ദുരുപയോഗവും പ്രതിപക്ഷത്തിന് ഭരണകക്ഷിയെ ആക്രമിക്കാനുള്ള അവസരം നല്‍കുന്നുണ്ട്.

2019ല്‍ ബിജെപി മികച്ച പ്രകടനം കാഴ്‌ചവച്ച ചില വലിയ സംസ്ഥാനങ്ങളായ കര്‍ണാടക, മഹാരാഷ്‌ട്ര എന്നിവിടങ്ങളില്‍ ഇപ്പോള്‍ പ്രതിപക്ഷം കൂടുതല്‍ കരുത്തരാണെന്നത് ബിജെപിക്ക് ആശങ്കയുണ്ടാക്കുന്നുണ്ട്. ബിഹാറില്‍ ആര്‍ജെഡിയും ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടിയും പിന്നാക്ക, ദളിത് കാര്‍ഡിറക്കി കളിക്കുന്നതും ബിജെപിക്ക് ഭീഷണിയാണ്. പ്രതിപക്ഷ പാര്‍ട്ടികള്‍ ദൈനംദിന പ്രശ്‌നങ്ങളായ തൊഴിലില്ലായ്‌മയും വിലക്കയറ്റവും പോലുള്ളവ എടുത്തുകാട്ടി പ്രചാരണം കൊഴുപ്പിച്ചാല്‍ ബിജെപിയുടെ ആവനാഴിയില്‍ അമ്പുകളുണ്ടാകില്ലെന്നതും പാര്‍ട്ടിയെ അലട്ടുന്നുണ്ട്.

Also Read: ലോക്‌സഭ തെരഞ്ഞെടുപ്പ് 2024: അറിയാം 2019ലെ കക്ഷിനില

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.