ETV Bharat / bharat

അയോധ്യ ധാം ട്രെയിനില്‍ തീർഥാടകരെ ഭീഷണിപ്പെടുത്തിയ സംഭവം: ഒരാൾ അറസ്റ്റിൽ

author img

By ETV Bharat Kerala Team

Published : Feb 24, 2024, 10:25 AM IST

റെയില്‍വേ പൊലീസില്‍ പരാതിപ്പെട്ടെങ്കിലും പൊലീസ് നടപടിയൊന്നും എടുത്തില്ല. ഇത് ശ്രദ്ധയിൽപ്പെട്ട തീർഥാടകർ റെയിൽവേ പൊലീസിനോട് രോഷാകുലരാകുകയും പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് ഒരു മണിക്കൂറോളം തുടർച്ചയായി സമരം നടത്തുകയും ചെയ്‌തു. സമരത്തെത്തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം സ്‌തംഭിച്ചു.

Ayodhya Dham train  bjp  അയോധ്യധാം ട്രെയിന്‍  ബിജെപി  തീർഥാടകരെ ഭീഷണിപ്പെടുത്തി
Threat to pilgrims in Ayodhya Dham train: One arrested in Gadag

കർണാടക : അയോധ്യയിൽ നിന്ന് ട്രെയിനിൽ മടങ്ങുകയായിരുന്ന തീർഥാടകരെ ഭീഷണിപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റില്‍. ഹുബ്ബള്ളി റെയിൽവേ സോണിലെ ജീവനക്കാരനാണ് അറസ്റ്റിലായ പ്രതി. പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തതായും, പ്രതി കുറ്റം സമ്മതിച്ചതായും ബല്ലാരി റെയിൽവേ പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

ബല്ലാരി റെയിൽവേ പൊലീസ് സ്‌റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്‌ത കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ബാക്കിയുള്ള പ്രതികൾക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു (Threat to pilgrims in Ayodhya Dham train: One arrested in Gadag).

വ്യാഴാഴ്‌ചയാണ് (22-02-2024) കേസിനാസ്‌പദമായ സംഭവം. അയോധ്യ ശ്രീരാമക്ഷേത്ര ദർശനത്തിനെത്തിയ നൂറുകണക്കിന് തീർഥാടകർ മൈസൂർ-അയോധ്യ ധാം ട്രെയിനിൽ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. വിജയനഗർ ജില്ലയിലെ ഹൊസപേട്ട് റെയില്‍വേ സ്റ്റേഷനിൽ ട്രെയിൻ നിര്‍ത്തിയപ്പോള്‍ അയോധ്യ തീർഥാടകർക്കായി റിസർവ് ചെയ്‌തിരിക്കുന്ന കോച്ചിൽ മൂന്ന് യുവാക്കൾ കയറാന്‍ ശ്രമിക്കുകയും തീർഥാടകർ യുവാക്കളെ തടയുകയുകയും ചെയ്‌തു.

ഇത് അയോധ്യ തീർഥാടകർക്കായി റിസർവ് ചെയ്‌ത കോച്ചാണെന്നും അതിൽ കയറരുതെന്നും തീർഥാടകർ യുവാക്കളോട് പറഞ്ഞു. എന്നാൽ തീർഥാടകർ പറയുന്നത് കേൾക്കാതെ യുവാക്കൾ കോച്ചില്‍ അതിക്രമിച്ച് കയറുകയും ഇവരുമായി വാക്കുതർക്കമുണ്ടാവുകയും, തീർഥാടകരെ ഭീഷണിപ്പെടുത്തുകയും ചെയ്‌തു.

ഉടന്‍ റെയില്‍വേ പൊലീസില്‍ പരാതിപ്പെട്ടെങ്കിലും പൊലീസ് നടപടിയൊന്നും എടുക്കാതെ യുവാക്കളെ പറഞ്ഞയച്ചു. ഇത് ശ്രദ്ധയിൽപ്പെട്ട തീർഥാടകർ റെയിൽവേ പൊലീസിനോട് രോഷാകുലരാകുകയും പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് ഒരു മണിക്കൂറോളം തുടർച്ചയായി സമരം നടത്തുകയും ചെയ്‌തു. സമരത്തെത്തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം സ്‌തംഭിച്ചു.

8.15ന് ഹൊസാപേട്ടിൽ എത്തിയ ട്രെയിൻ 10 മണിക്കാണ് ബല്ലാരിയിലേക്ക് യാത്ര പുറപ്പെട്ടത്. അയോധ്യ ധാം ട്രെയിൻ ഹൊസാപേട്ട് റെയിൽവേ സ്റ്റേഷനിൽ രണ്ട് മണിക്കൂറോളം പിടിച്ചിടേണ്ടി വന്നു. വിവരമറിഞ്ഞ് വിജയനഗർ എസ്‌പി ശ്രീഹരിബാബു, ഹൊസപേട്ട് സബ് ഡിവിഷൻ പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി തീർഥാടകരെ അനുനയിപ്പിച്ചു. കൂടാതെ ഹിന്ദു അനുകൂല സംഘടനകളുടെയും ബിജെപി പ്രവർത്തകരുടെയും പൊലീസിന്‍റെയും ശ്രമഫലമായി ട്രെയിൻ സർവീസ് പുനരാരംഭിച്ചു.

തീർഥാടകരെ ഭീഷണിപ്പെടുത്തിയ കേസിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി രംഗത്തുവന്നു. ഗഡാഗിന് സമീപം വച്ച് കേസിലെ ഒരു പ്രതിയെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്‌തതിന് പിന്നാലെയാണ് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി മുൻ ദേശീയ ജനറൽ സെക്രട്ടറി സി ടി രവി രംഗത്തെത്തിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.