ETV Bharat / bharat

ഹൈദരാബാദിലെ കനത്ത മഴ : ഏഴ് മരണം കൂടി, ആകെ ജീവഹാനി 14 ആയി - heavy rains in Hyderabad

author img

By ETV Bharat Kerala Team

Published : May 9, 2024, 12:08 PM IST

ഹൈദരാബാദില്‍ കനത്ത മഴയില്‍ നിർമാണത്തിലിരുന്ന കെട്ടിടത്തിന്‍റെ ഭിത്തി തകർന്ന് ഏഴുപേർ മരണപ്പെട്ടിരുന്നു. വിവിധ അപകടങ്ങളിൽ ഏഴ് മരണം കൂടി റിപ്പോർട്ട് ചെയ്‌തിരിക്കുകയാണ്.

14 PEOPLE DIED IN HEAVY RAINS  HYDERABAD RAINS  ഹൈദരാബാദിൽ കനത്ത മഴ  THREE DIED DUE TO ELECTRIC SHOCK
heavy rain in Hyderabad (Source: ETV Bharat Network)

ഹൈദരാബാദ് : നഗരത്തിൽ ചൊവ്വാഴ്‌ച (മെയ് 07) രാത്രിയുണ്ടായ കനത്ത മഴയെ തുടർന്നുണ്ടായ വ്യത്യസ്‌ത അപകടങ്ങളിൽ 14 പേർ മരിച്ചു. പൊലീസും നാട്ടുകാരും നൽകിയ വിവരങ്ങൾ പ്രകാരം ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള 10 തൊഴിലാളികള്‍ മരണപ്പെട്ടവരിൽ ഉൾപ്പെടുന്നു.

ചൊവ്വാഴ്‌ച രാത്രി ബാച്ചുപള്ളിയിലെ കൗസല്യ കോളനിയിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിന്‍റെ ഭിത്തി തൊട്ടടുത്തുള്ള ഷെഡിലേക്ക് തകർന്നുവീണ് ഏഴുപേർ മരണപ്പെട്ടിരുന്നു. ഷെഡിൽ താമസിച്ചിരുന്ന തൊഴിലാളികളും കുടുംബവുമാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ മറ്റ് നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്.

റൈസ് ഡെവലപ്പേഴ്‌സ് കൺസ്‌ട്രക്ഷൻസാണ് അഞ്ച് നിലകളുള്ള ഈ കെട്ടിടം നിർമിക്കുന്നത്. ഇവിടെ നേരത്തെ 10-15 അടി വരെ ഉയരത്തിൽ കോമ്പൗണ്ട് ഭിത്തി നിർമിച്ചിരുന്നു. പിന്നീട് 30-40 അടിയായി ഉയർത്തിയതോടെ മഴവെള്ളത്തിൽ അടിത്തറ ദുർബലമാവുകയും ഇടിഞ്ഞുവീഴുകയുമായിരുന്നു. ഛത്തീസ്‌ഗഡ് ദമ്പതികളായ രാമുയാദവ് (44), ഗീതാബാൽ (40), മകൻ ഹിമാൻഷു (4), ഒഡിഷയിലെ ശങ്കദേബ് ഗൗഡ് (18), ശ്രീപതി മാജി (23), മഹാരാഷ്‌ട്ര ദമ്പതികളായ ബിന്ദ്രേഷ് ഭവാനി ചൗഹാൻ (30), ഖുഷി (20) എന്നിവരാണ് മരണപ്പെട്ടത്.

കെട്ടിട നിർമാണത്തിലെ അനാസ്ഥയ്‌ക്ക് ഉത്തരവാദികളായ ഏഴുപേർക്കെതിരെ കേസെടുത്തതായി കുക്കട്‌പള്ളി എസിപി ശ്രീനിവാസ് റാവുവും ബാച്ചുപള്ളി ഇൻസ്‌പെക്‌ടർ ഉപേന്ദർ റാവുവും അറിയിച്ചു. അതേസമയം മൊയ്‌നാബാദ് മണ്ഡലം ചിന്നമംഗലാറിലെ ജഹേറ ബീഗം (47), ഹയാത്‌നഗർ മുദിരാജ് കോളനിയിലെ താമസക്കാരിയായ അഞ്ജലിയുടെ മകൻ ശിവശങ്കർ (5), രംഗ റെഡ്ഡി ജില്ലയിലെ അബ്‌ദുള്ളപൂർമെട്ടിലെ ഷെയ്ഖ് പർവേസ് (40), ബിഹാർ സ്വദേശി ധർമേന്ദ്ര കുമാർ യാദവ് (33), എന്നിവരക്കെൂടാതെ മറ്റ് മൂന്നുപേരും വിവിധ സംഭവങ്ങളിലായി കൊല്ലപ്പെട്ടു.

ചൊവ്വാഴ്‌ച രാത്രി പച്ചക്കറി വാങ്ങാൻ എത്തിയ ജഹേറ ബീഗത്തിന്‍റെ മേൽ സ്വാഗത കമാനം പൊട്ടി വീഴുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. വൈദ്യുതാഘാതമേറ്റാണ് അഞ്ചുവയസുകാരൻ ശിവശങ്കർ ഉൾപ്പടെ മൂന്നുപേർ മരണപ്പെട്ടത്.

വൈദ്യുതാഘാതമേറ്റ് മൂന്ന് മരണം : ഹയാത്‌നഗറിലെ അഞ്ജലി തൻ്റെ മൂന്ന് മക്കളെയും കൂട്ടി സ്വച്ഛ് ഓട്ടോയിൽ പെദ്ദംബർപേട്ട് മുനിസിപ്പൽ പ്രദേശത്ത് മാലിന്യം ശേഖരിക്കാനായി എത്തിയപ്പോഴാണ് മകൻ അപകടത്തിൽപ്പെട്ടത്. ചൊവ്വാഴ്‌ച രാത്രിയുണ്ടായ ശക്തമായ കാറ്റിൽ കുണ്ട്ലൂർ സൺറൈസ് കോളനി റോഡ് മൂന്നിൽ വൈദ്യുതി ലൈൻ പൊട്ടിവീണിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട അഞ്ജലി സമീപത്തുള്ള നിർമാണ തൊഴിലാളികളെ വിളിച്ചുവരുത്താൻ പോയി. ഇതിനിടെ ഓട്ടോയിൽ നിന്നിറങ്ങിയ മകൻ ശിവശങ്കർ വൈദ്യുത കമ്പിയിൽ അറിയാതെ സ്‌പർശിക്കുകയായിരുന്നു.

രംഗ റെഡ്ഡി ജില്ലയിലെ അബ്‌ദുള്ളപൂർമെട്ടിലെ ഷെയ്‌ഖ് പർവേസിന് പഞ്ചർ ഷോപ്പിന് പുറത്തുള്ള ട്യൂബ് ലൈറ്റ് പുറത്തെടുക്കുന്നതിനിടെയാണ് വൈദ്യുതാഘാതമേറ്റത്. ബിഹാർ സ്വദേശി ധർമേന്ദ്ര കുമാർ യാദവ് ചന്ദനഗറിലെ ഗംഗാരാമിൽ വച്ച് ചായവണ്ടിയിൽ നിന്നും വൈദ്യുതാഘാതമേറ്റ് മരണപ്പെടുകയായിരുന്നു.

മുസാറാംബാഗ് മെട്രോ സ്റ്റേഷന് സമീപം ചൊവ്വാഴ്‌ച രാത്രി മഴയിൽ അജ്ഞാതനെ (45) ബോധരഹിതനായി കണ്ടെത്തിയിരുന്നു. രാവിലെ വിവരം കിട്ടി പൊലീസ് എത്തി പരിശോധിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

തൊഴിലാളികൾ ഖനിയിൽ വീണ് മരിച്ചു : ഒഡിഷ സ്വദേശികളായ ചന്ദ്ര പാണ്ഡയും (38) മനോജ് ദാസും (45) പത്തുവർഷം മുമ്പാണ് നഗരത്തിലെത്തിയത്. ചൊവ്വാഴ്‌ച വൈകുന്നേരത്തോടെ കനത്ത മഴയിൽ വെള്ളം കയറിയ ബീഗംപേട്ടിലെ ഖനിയിൽ വീണാണ് ഇരുവരും മരണപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.

നടുക്കം രേഖപ്പെടുത്തി മുഖ്യമന്ത്രി രേവന്ത് റെഡ്ഡി : ബാച്ചുപള്ളിയിൽ മതിൽ ഇടിഞ്ഞ് ഏഴ് പേർ മരിച്ച സംഭവത്തിൽ നടുക്കം രേഖപ്പെടുത്തി മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. അപകടത്തിൻ്റെ വിശദാംശങ്ങൾ അദ്ദേഹം മേലുദ്യോഗസ്ഥരോട് ആരാഞ്ഞു. മരിച്ചവരുടെ കുടുംബങ്ങൾക്കൊപ്പം സർക്കാർ നിൽക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. പരിക്കേറ്റവർക്ക് മെച്ചപ്പെട്ട ചികിത്സ നൽകാനും സംഭവത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.

ALSO READ: ഹൈദരാബാദില്‍ കനത്ത മഴയില്‍ ഭിത്തി തകര്‍ന്നു ; നാല് വയസുള്ള കുഞ്ഞടക്കം ഏഴ് മരണം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.