മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശ ടൂറിന്; 'അപാര തൊലിക്കട്ടി തന്നെ' എന്ന് വിഡി സതീശന്‍

By

Published : Apr 4, 2023, 5:19 PM IST

thumbnail

തിരുവനന്തപുരം: ചരിത്രത്തിൽ ഇതുവരെ ഇല്ലാത്ത സാമ്പത്തിക പ്രതിസന്ധിയിൽ സംസ്ഥാനം നട്ടം തിരിയുമ്പോൾ സർക്കാർ കോടികളുടെ ധൂർത്ത് നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ലോക മലയാള സമ്മേളനത്തിനായി മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശത്തിന് പോകാനൊരുങ്ങുന്നതില്‍ പ്രതികരിച്ച് സംസാരിക്കുകയായിരുന്നു വിഡി സതീശന്‍. മുഴുവന്‍  മേഖലയിലും സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണ്. 

തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ട് സർക്കാർ വെട്ടി കുറച്ചു. പദ്ധതി വിഹിതം പോലും ഇതുവരെ നൽകിയിട്ടില്ല. നെൽ കർഷകർക്കും റബ്ബർ കർഷകർക്കും ഒരു ആനുകൂല്യവും നൽകുന്നില്ല. പട്ടിണിക്കാരന്‍റെ  ക്ഷേമ പെൻഷൻ പോലും വിതരണം ചെയ്യുന്നില്ല. ഡീസൽ അടിക്കാൻ പണമില്ലാത്തതിനാൽ  പൊലീസ് ജീപ്പുകൾ സ്റ്റേഷനിൽ തന്നെ കിടക്കുകയാണെന്നും വിഡി സതീശന്‍ കുറ്റപ്പെടുത്തി. 

10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഒരു ചെക്കും സർക്കാർ തലത്തിൽ മാറുന്നില്ല. കടമെടുത്തിട്ടും എടുത്തിട്ടും തീരാത്ത പ്രതിസന്ധിയിലേക്ക് കേരളം കൂപ്പുകുത്തുകയാണ്. എന്നാൽ ഇതൊന്നും പരിഗണിക്കാതെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സർക്കാർ രണ്ടാം വാർഷികം ആഘോഷമാക്കാൻ കോടികൾ ചെലവഴിക്കുകയാണ് സര്‍ക്കാര്‍. 

125 കോടി രൂപയാണ് രണ്ടാം വാർഷികത്തിനായി സർക്കാർ ചെലവഴിക്കുന്നത്. മുഖ്യമന്ത്രിക്ക് വേണ്ടിയുള്ള പിആർ വർക്ക് മാത്രമാണ് ഈ ആഘോഷങ്ങളൊന്നും ഇങ്ങനെ ചെയ്യാൻ ഇപ്പോഴത്തെ മുഖ്യമന്ത്രിക്ക് അല്ലാതെ മറ്റാർക്കും തൊലിക്കട്ടി ഉണ്ടാകില്ലെന്നും സതീശൻ കുറ്റപ്പെടുത്തി. ജനങ്ങൾ പട്ടിണിയിലും മരുന്ന് വാങ്ങാൻ പോലും പണമില്ലാത്ത അവസ്ഥയിലുമാണ്. ഇതിനിടയിലാണ് ലോക മലയാള സമ്മേളനം എന്ന പേരിൽ അമേരിക്കയിലേക്കും  സൗദി അറേബ്യയിലേക്കും മുഖ്യമന്ത്രിയും മന്ത്രിമാരും ടൂർ പോകാൻ ഒരുങ്ങുന്നത്. 

ഇത് ഈ സർക്കാറിന് മാത്രം ചെയ്യാൻ കഴിയുന്ന കാര്യമാണ്. എന്തും ചെയ്യാം എന്ന ധാർഷ്ട്യമാണ് ഈ സർക്കാറിനുള്ളത്. സാധാരണക്കാർക്ക് നേരെ ഇത്രത്തോളം ജപ്‌തി നടപടി ഉണ്ടായ ഒരു കാലം കേരളത്തിൽ ഉണ്ടായിട്ടില്ല. ഇതിൽ ഒരു നടപടിയും സ്വീകരിക്കാതെ സർക്കാർ ജനങ്ങളുടെ മുഖത്ത് നോക്കി കൊഞ്ഞനം കുത്തുകയാണെന്നും സതീശൻ പറഞ്ഞു. 

കോണ്‍ഗ്രസ് സംഘടന പ്രശ്‌നങ്ങളിലും ട്രെയിനിലെ തീവയ്‌പ്പിലും പ്രതികരണം: കോൺഗ്രസിലെ സംഘടന പ്രശ്‌നങ്ങളിൽ താൻ അഭിപ്രായം പറയില്ല. അത് കെപിസിസി പ്രസിഡന്‍റ് തന്നെ വ്യക്തമാക്കുമെന്നും സതീശൻ പറഞ്ഞു. ആലപ്പുഴ കണ്ണൂർ എക്‌സിക്യുട്ടീവ് എക്‌സ്‌പ്രസ് ട്രെയിനിൽ ഉണ്ടായ തീവയ്‌പ്പില്‍  സമഗ്രമായ അന്വേഷണം നടത്തണം. കേന്ദ്ര-സംസ്ഥാന ഏജൻസികൾ സംയുക്തമായി അന്വേഷിച്ച് ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ പുറത്ത് കൊണ്ടുവരണമെന്നും സതീശൻ ആവശ്യപ്പെട്ടു. 

ട്രെയിനിലെ തീവയ്‌പ്പും അന്വേഷണവും:  ഇക്കഴിഞ്ഞ ഞായറാഴ്‌ചയാണ് കോഴിക്കോട്  ട്രെയിനില്‍ പെട്രോള്‍ ഒഴിച്ച് യാത്രക്കാര്‍ തീ കൊളുത്തിയത്. സംഭവത്തില്‍ മൂന്ന് പേര്‍ മരിക്കുകയും ചെയ്‌തു. യാത്രക്കാരിലൊരാള്‍ ട്രെയിനിലെ അപായ ചങ്ങല വലിച്ചതോടെ പ്രതി രക്ഷപ്പെടുകയും ചെയ്‌തു. 

സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ഇതിന്‍റെ ഭാഗമായി പ്രതിയുടെ രേഖ ചിത്രം പൊലീസ് പുറത്ത് വിട്ടിരുന്നു. ഇയാള്‍ക്കായി ഉത്തര്‍പ്രദേശിലേക്കും റെയില്‍വേ പൊലീസ് അന്വേഷണം വ്യാപിച്ചു. അതേസമയം കേസ് അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്ന് എഡിജിപി പറഞ്ഞു. 

വിഷയത്തില്‍ പഴുതുകളടച്ചുള്ള അന്വേഷണമാണ് നടക്കുന്നതെന്നും  രഹസ്യമായി വിഷയത്തില്‍  അന്വേഷണം പുരോഗമിക്കുന്നുണ്ടെന്ന് എഡിജിപി അറിയിച്ചു. 

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.