സംക്രമ വാണിഭ നിറവ് ; പഴമയുടെ 'പൊരുളുകള്‍' അറിയാന്‍ പാക്കിലേക്ക് പോകാം

By

Published : Aug 4, 2023, 9:40 AM IST

thumbnail

കോട്ടയം:പാക്കനാരുടെ സ്‌മരണയില്‍ നടക്കുന്ന പാക്കില്‍ സംക്രമ വാണിഭത്തിന് ജനപങ്കാളിത്തമേറുന്നു. പാക്കില്‍ ധര്‍മശാസ്‌താ ക്ഷേത്രത്തിന് എതിര്‍വശത്തെ മൈതാനത്ത് പ്രവര്‍ത്തിക്കുന്ന നാട്ടുചന്തയിലേക്ക് പരമ്പരാഗത ഉത്പന്നങ്ങള്‍ തേടി ദിനംപ്രതി നിരവധി പേരാണ് എത്തുന്നത്. കര്‍ക്കടക മാസം തീരുന്നതോടെ അവസാനിക്കുന്ന വാണിഭ ചന്തയില്‍ നൂറിലധികം സ്റ്റാളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കര്‍ക്കടകത്തിലെ സംക്രമ വാണിഭം പാക്കില്‍ നിവാസികളുടെ ജീവിതവുമായി ഇഴചേര്‍ന്നുള്ളതുമാണ്. ഒരു ജനതയുടെ കാര്‍ഷിക - സാംസ്കാരിക പാരമ്പര്യത്തിന്‍റെ ശേഷിപ്പ് കൂടിയാണ് ഈ നാട്ടുവിപണി. ഇവിടേക്ക് എത്തുന്നവരില്‍, പരമ്പരാഗത ഉത്പന്നങ്ങള്‍ക്കാണ് ആവശ്യക്കാര്‍ ഏറെ. കാര്‍ഷിക ഉപകരണങ്ങള്‍, പരമ്പരാഗത വീട്ടുപകരണങ്ങള്‍, ആധുനിക ഗാര്‍ഹിക ഉത്പന്നങ്ങള്‍ എന്നിവയെല്ലാം ഇവിടെ സുലഭമാണ്. ഈറ്റയില്‍ നെയ്‌തെടുത്ത കുട്ട, മുറം, വട്ടി എന്നിവയ്‌ക്കും ചൂല്, ചിരവ, തഴപ്പായ, കയര്‍ ഉത്പന്നങ്ങള്‍, മണ്‍ചട്ടി, കല്‍ചട്ടി, മണ്‍കലം, കൂജ, അരക്കല്ല്, ഉലക്ക എന്നിങ്ങനെയുള്ള പരമ്പരാഗത വീട്ടുപകരണങ്ങള്‍ക്കും ഡിമാന്‍ഡുണ്ട്. കൂടാതെ വെട്ടുകത്തി, പിച്ചാത്തി, അരിവാൾ, കോടാലി, തൂമ്പ, തൂമ്പക്കൈ എന്നിവയും വിപണിയില്‍ ലഭ്യമാണ്. മധുരപലഹാരങ്ങള്‍, ഭക്ഷ്യോത്പന്നങ്ങള്‍ എന്നിവയുടെ സ്റ്റാളുകളും നാട്ടുചന്തയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍, അലങ്കാര ചെടികള്‍ വൃക്ഷത്തൈകള്‍ എന്നിവയാണ് വിപണിയിലെത്തുന്ന സ്‌ത്രീകളെയും കുട്ടികളെയും ആകര്‍ഷിക്കുന്നത്. ചിന്തിക്കടകളും ഇവിടെയുണ്ട്. വാണിഭത്തിന്‍റെ അവസാന ദിവസങ്ങളില്‍ ഇനിയും കൂടുതല്‍ ആളുകള്‍ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.