ഹര്‍ത്താല്‍ നിയമവിരുദ്ധം ; സമരസമിതിക്ക് നോട്ടിസ് നൽകി ശാന്തൻപാറ പൊലീസ്

By

Published : Mar 30, 2023, 10:58 PM IST

thumbnail

ഇടുക്കി : 'മിഷന്‍ അരിക്കൊമ്പൻ' സ്റ്റേ ചെയ്‌തതില്‍ പ്രതിഷേധിച്ച്‌ ഇടുക്കിയില്‍ നടത്തിയ ജനകീയ ഹര്‍ത്താല്‍ നിയമ വിരുദ്ധമെന്ന് പൊലീസ്. ഹര്‍ത്താല്‍ നടത്താന്‍ ഉദ്ദേശിക്കുന്നവര്‍ ഏഴു ദിവസം മുന്‍പ് നോട്ടിസ് നല്‍കണമെന്ന ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് പൊലീസ് ഹര്‍ത്താല്‍ അനുകൂലികള്‍ക്ക് നോട്ടിസ് നല്‍കിയിരിക്കുന്നത്.

2019 ജനുവരി ഏഴിനാണ് ഇത്‌ സംബന്ധിച്ച്‌ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഇത്‌ പ്രകാരം ഹര്‍ത്താല്‍ ആഹ്വാനം ചെയ്‌ത സംഘടനകള്‍ മുന്‍കൂര്‍ നോട്ടിസ് നൽകിയിട്ടില്ലാത്തതിനാല്‍ ഇടുക്കിയിലെ ഹര്‍ത്താല്‍ പ്രഖ്യാപനം നിയമവിരുദ്ധമാണെന്ന് ശാന്തന്‍പാറ പൊലീസ് ഇന്‍സ്‌പെക്‌ടർ നല്‍കിയ നോട്ടിസില്‍ പറയുന്നു. 

ഈ ദിവസം ഹര്‍ത്താല്‍ നടത്തുകയോ ഹര്‍ത്താലിനെ അനുകൂലിക്കുകയോ ചെയ്‌താല്‍ എല്ലാ നഷ്‌ടങ്ങൾക്കും ഉത്തരവാദിത്തം പ്രസ്‌തുത സംഘടനകളുടെ നേതാക്കള്‍ക്കായിരിക്കുമെന്നും, അവരുടെ പേരില്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കുന്നു.

ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളില്‍ നാശം വിതയ്‌ക്കുന്ന അരിക്കൊമ്പനെ പിടികൂടുന്നതുമായി ബന്ധപ്പെട്ട കോടതി പരാമര്‍ശങ്ങളെ തുടര്‍ന്നാണ് ദേവികുളം, ഉടുമ്പൻചോല താലൂക്കുകളിലെ പത്ത് പഞ്ചായത്തുകളില്‍ ജനകീയ സമിതി ആഹ്വാനം ചെയ്‌ത ഹര്‍ത്താല്‍ നടത്തിയത്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയായിരുന്നു ഹര്‍ത്താല്‍.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.