തീരദേശവാസികള്‍ക്ക് ആശ്വാസം ; നായരമ്പലത്ത് ജിയോ ബാഗുകള്‍ സ്ഥാപിക്കുമെന്ന് കലക്‌ടര്‍

By

Published : Jul 5, 2023, 7:17 PM IST

thumbnail

എറണാകുളം : നായരമ്പലത്തെ കടലാക്രമണം ചെറുക്കാന്‍ രണ്ടാഴ്‌ചയ്ക്കു‌ള്ളില്‍ ജിയോ ബാഗുകള്‍ സ്ഥാപിക്കുമെന്ന് ജില്ല കലക്‌ടര്‍ എന്‍.എസ്‌.കെ ഉമേഷ്‌. ജില്ലയില്‍ മഴ കനത്തതോടെ കടല്‍ക്ഷോഭം രൂക്ഷമായ സാഹചര്യത്തില്‍ പ്രതിഷേധവുമായി റോഡ് ഉപരോധിച്ച നായരമ്പലത്തെ ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തകരുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ചെല്ലാനം മാതൃകയിൽ ടെട്രാപോഡുകൾ സ്ഥാപിക്കണമെന്ന ജനങ്ങളുടെ ആവശ്യം പരിഗണിച്ച് ആറ് മാസത്തിനുള്ളിൽ സർക്കാറിന് പദ്ധതി സമർപ്പിക്കും. 

വിഷയത്തില്‍ അനുകൂലമായ തീരുമാനം നടപ്പിലാക്കുമെന്ന് കലക്‌ടര്‍ ഉറപ്പ് നല്‍കിയതായി പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ ഫാദര്‍ ഡെന്നിസ് പറഞ്ഞു. കലക്‌ടറുമായി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്ന് താത്‌കാലികമായി പ്രതിഷേധം അവസാനിപ്പിക്കുകയാണെന്നും കടലാക്രമണത്തിന് രണ്ടാഴ്‌ചയ്ക്കു‌ള്ളില്‍ പരിഹാരമായി ജിയോ ബാഗുകള്‍ സ്ഥാപിച്ചില്ലെങ്കില്‍ വീണ്ടും പ്രതിഷേധം ആരംഭിക്കുമെന്നും ഫാദര്‍ ഡെന്നിസ് പറഞ്ഞു. നായരമ്പലത്ത് കടലാക്രമണ ഭീഷണി നിലനിന്നിട്ടും തീരദേശവാസികള്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറി താമസിച്ചിട്ടില്ല. ക്യാമ്പുകളിലെ ദുരിതം നിറഞ്ഞ ജീവിതത്തേക്കാളും നല്ലത് വീട്ടിലെ വെള്ളത്തില്‍ കഴിയുന്നതാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. 

വൈപ്പിൻ മുനമ്പം സംസ്ഥാന പാതയിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഇതേത്തുടര്‍ന്ന് റോഡിലൂടെയുള്ള ഗതാഗതം നിലച്ചു. റോഡ് ഉപരോധംഅവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട പൊലീസുമായി ജനങ്ങള്‍ വാക്കേറ്റമുണ്ടായി.

തുടര്‍ന്നാണ് വിഷയത്തില്‍ ചര്‍ച്ച നടത്താന്‍ കലക്‌ടര്‍ സ്ഥലത്തെത്തിയത്. ഒന്നര മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ 15 ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തകരാണ് പങ്കെടുത്തത്.  

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.