ഉദയത്തിന് മുന്നേ അസ്‌തമിച്ച് 'വിനോദ താരം'; മതപരമായ ചടങ്ങുകൾ ഒഴിവാക്കി നടൻ വിനോദ് തോമസിന്‍റെ മൃതദേഹം സംസ്‌കരിച്ചു
കോട്ടയം: അന്തരിച്ച നടൻ വിനോദ് തോമസിന്‍റെ മൃതദേഹം സംസ്‌കരിച്ചു. ഇന്ന് ഉച്ചയ്ക്ക്
കോട്ടയം മുട്ടമ്പലം വൈദ്യുത ശ്‌മശാനത്തിലായിരുന്നു സംസ്‌കാരം. വിനോദിന്‍റെ ബന്ധുക്കളും സുഹൃത്തുക്കളും സംസ്ക്കാര ചടങ്ങിൽ പങ്കെടുത്തു. വിനോദിന്‍റെ ആഗ്രഹ പ്രകാരം മതപരമായ ചടങ്ങുകൾ ഒഴിവാക്കിയിരുന്നു (Actor Vinod thomas funeral In Kottayam). ശനിയാഴ്‌ചയാണ് പാമ്പാടിയിലെ ബാറിന് സമീപത്ത് വച്ച് വിനോദിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കാറിന്‍റെ എസിയിൽ നിന്നുള്ള കാർബൺ മോണോക്സൈഡ് ശ്വസിച്ചാണ് മരണം സംഭവിച്ചതെന്നാണ് പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട്. അതേസമയം സംഭവത്തിൽ തുടരന്വേഷണത്തിലാണ് പൊലീസ്. കോട്ടയം മീനടം സ്വദേശിയായ വിനോദ് 'നത്തോലി ഒരു ചെറിയ മീനല്ല', 'അയ്യപ്പനും കോശിയും' 'ഒരു മുറൈ വന്ത് പാര്‍ത്തായ', 'ഹാപ്പി വെഡ്ഡിങ്', 'ജൂണ്‍', 'അയാള്‍ ശശി' തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 47 ആം വയസിലാണ് വിനോദിന്‍റെ അപ്രതീക്ഷിതമായ വിടവാങ്ങൽ. സ്വന്തമായി എഴുതിയ കഥയുടെ പ്രീപ്രൊഡക്ഷൻ കഴിഞ്ഞ് സിനിമയുടെ ചിത്രീകരണത്തിലേക്ക് കടക്കാൻ ഒരുങ്ങുന്നതിനിടെയാണ് വിനോദ് തോമസിന്‍റെ മരണം. പൃഥ്വിരാജിനൊപ്പം വിലായത്ത് ബുദ്ധയിൽ അഭിനയിച്ചു വരികയായിരുന്നു താരം.