Wild elephant attack | തുടര്‍ച്ചയായ അഞ്ചാം ദിവസവും പീരുമേട്ടില്‍ തമ്പടിച്ച് കാട്ടാനക്കൂട്ടം ; വിളകള്‍ നശിപ്പിച്ച് വിലസല്‍

By

Published : Jun 12, 2023, 8:31 PM IST

thumbnail

ഇടുക്കി : പീരുമേട്ടിലെ ജനവാസ മേഖലയിൽ തുടർച്ചയായി അഞ്ചാം ദിവസവും കാട്ടാനക്കൂട്ടം ഇറങ്ങി. ഇന്നലെ രാത്രിയിൽ പീരുമേട് സിവിൽ സ്‌റ്റേഷൻ വാർഡിൽ ഐഎച്ച്ആര്‍ഡി സ്‌കൂളിന് സമീപം പി എസ്‌ ഷംസിന്‍റെ പുരയിടത്തിലെ വേലി പൊളിച്ച് എത്തിയ കാട്ടാനക്കൂട്ടം അദ്ദേഹത്തിന്‍റെ വാഴകൃഷി നശിപ്പിച്ചു. കഴിഞ്ഞ അഞ്ച് ദിവസമായി പീരുമേട്ടിലെ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനക്കൂട്ടം പ്രദേശത്ത് തന്നെ തമ്പടിച്ചിരിക്കുകയാണ്.  

എരുമേലി, വണ്ടിപ്പെരിയാര്‍, പീരുമേട് തുടങ്ങിയ റേഞ്ചുകൾക്ക് ആകെ  വനം വകുപ്പിന്‍റെ ഒരു വാഹനവും അഞ്ച് ജീവനക്കാരും മാത്രമാണുള്ളത്. ആയതിനാൽ തന്നെ ജനവാസ മേഖലകളിൽ ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ തുരത്തുന്നതില്‍ പ്രദേശവാസികള്‍ ഏറെ ബുദ്ധിമുട്ടുകയാണ്. കുട്ടിക്കാനത്ത് വനം മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന വന സൗഹൃദ സദസിൽ പ്രദേശത്ത് ഒരു ആര്‍ആര്‍ടി ടീമിനെക്കൂടി അനുവദിക്കും എന്ന് പറഞ്ഞത് നാളിതുവരെയും നടപ്പായിട്ടില്ല.  

പ്രദേശത്ത് വീണ്ടും കാട്ടാനക്കൂട്ടം എത്തിയതോടെ എരുമേലി റേഞ്ചിൽ ഉള്‍പ്പെട്ട മൂഴിയാറിലായിരുന്ന ആര്‍ആര്‍ടി ടീം ഇന്ന് രാവിലെ കാട്ടാനക്കൂട്ടം ഇറങ്ങിയ പ്രദേശത്ത് പട്രോളിങ് നടത്തിയിരുന്നു. 

അതേസമയം, മനുഷ്യ-വന്യജീവി സംഘര്‍ഷം തടയുന്നതിന് വ്യക്തമായ പഠനം നടത്തി പദ്ധതി തയ്യാറാക്കണമെന്ന ആവശ്യമുന്നയിച്ചിരിക്കുകയാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍. വനത്തിന്‍റെ  വ്യാപ്‌തി വര്‍ധിപ്പിച്ച് മനുഷ്യ വന്യജീവി സംഘര്‍ഷം ഇല്ലാതാക്കാന്‍ കഴിയില്ലെന്നും ഇടുക്കിയില്‍ സര്‍ക്കാര്‍ പാട്ടത്തിന് നല്‍കി കരാര്‍ തീര്‍ന്ന ഭൂമികള്‍ തിരിച്ചുപിടിച്ച് ആവാസ വ്യവസ്ഥ വര്‍ധിപ്പിക്കണമെന്നുമാണ് പരിസ്ഥിതി പ്രവര്‍ത്തകരടക്കം ആവശ്യപ്പെടുന്നത്. 

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.