ETV Bharat / sukhibhava

ലൈംഗിക ബന്ധത്തില്‍ നിന്ന് നീണ്ട ഇടവേളയെടുക്കരുത് ; 8 ആരോഗ്യ പ്രശ്‌നങ്ങള്‍ വേട്ടയാടാം

author img

By

Published : May 14, 2022, 2:36 PM IST

ചിട്ടയായ ലൈംഗിക ബന്ധം നിങ്ങളെ സന്തോഷിപ്പിക്കുക മാത്രമല്ല ആരോഗ്യം നിലനിർത്തുകയും ചെയ്യും

what happens if you stop having sex  does lack of sex affect physical health  effects of lack of sex  benefits of regular sex  sexual health tips  how sex is good for health  how lack of sex can impact your health  ലൈംഗികത അഭാവം ആരോഗ്യ പ്രശ്‌നങ്ങള്‍  ലൈംഗികത ആരോഗ്യത്തെ മെച്ചപ്പെടുത്തും  ലൈംഗികതയുടെ ഗുണങ്ങള്‍  ലൈംഗിക ബന്ധം ആരോഗ്യത്തെ എങ്ങനെ ബാധിക്കും
ലൈംഗിക ബന്ധത്തില്‍ നിന്നുള്ള ഇടവേള; 8 ആരോഗ്യ പ്രശ്‌നങ്ങള്‍

പങ്കാളികള്‍ക്കിടയിലെ ശാരീരികവും മാനസികവുമായ അടുപ്പത്തിന് ലൈംഗിക ബന്ധത്തിന് നിര്‍ണായക സ്ഥാനമുണ്ട്. അടുപ്പത്തിന് പുറമേ മാനസിക പിരിമുറുക്കം കുറയ്ക്കുക, ഹൃദയാരോഗ്യം മെച്ചപ്പെടുത്തുക, രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുക, പുരുഷന്മാരിലെ അർബുദ സാധ്യത കുറയ്ക്കുക തുടങ്ങി ഒരുപാട് ഗുണങ്ങള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ ലഭിക്കുന്നുണ്ട്. ചിട്ടയായ ലൈംഗിക ബന്ധം നിങ്ങളെ സന്തോഷിപ്പിക്കുക മാത്രമല്ല ആരോഗ്യം നിലനിർത്തുകയും ചെയ്യും.

തിരക്കേറിയ ജീവിത ശൈലി, ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ പങ്കാളികളിലൊരാള്‍ക്കുള്ള വിമുഖത തുടങ്ങി ലൈംഗിക ബന്ധത്തില്‍ നിന്ന് ഇടവേളയെടുക്കാന്‍ പല കാരണങ്ങളുണ്ടാകാം. എന്നാല്‍ ലൈംഗിക ബന്ധത്തിൽ നിന്ന് നീണ്ട ഇടവേളയെടുക്കുന്നത് ആരോഗ്യത്തെ ബാധിക്കുമെന്നാണ് വിദഗ്‌ധര്‍ പറയുന്നത്. ലൈംഗിക ബന്ധത്തില്‍ നിന്ന് ഇടവേളയെടുക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നുവെന്നതിനുള്ള എട്ട് കാരണങ്ങള്‍ ഇതാ-

1. ഹൃദയത്തെ ബാധിക്കുന്നു : വളരെക്കാലം ലൈംഗിക ബന്ധത്തിൽ ഏർപ്പെടാതിരിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. ശരീരത്തിലെ അധിക കലോറി പുറന്തള്ളാനുള്ള മികച്ച മാർഗം എന്നതിലുപരി, ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഈസ്ട്രജൻ, പ്രൊജസ്ട്രോൺ എന്നീ ഹോര്‍മോണുകള്‍ തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിര്‍ത്തുകയും അതുവഴി ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

2. മാനസിക സമ്മർദവും ഉത്കണ്‌ഠയും വർധിപ്പിക്കുന്നു : ലൈംഗിക ബന്ധത്തിൽ ഏര്‍പ്പെടുമ്പോള്‍ എൻഡോർഫിൻ, ഓക്‌സിറ്റോസിൻ തുടങ്ങിയ സന്തോഷ ഹോർമോണുകളുടെ ഉല്‍പാദനം വര്‍ധിക്കുന്നു. ലൈംഗിക ബന്ധത്തില്‍ നിന്ന് ഇടവേള എടുക്കുന്ന വേളയില്‍ ശരീരത്തില്‍ ഈ ഹോർമോണുകളുടെ ഉത്പാ‌ദനം കുറയുന്നു. ഇത് മൂലം സമ്മർദത്തെ നേരിടാൻ നിങ്ങൾക്ക് ബുദ്ധിട്ട് നേരിടുകയും അതുവഴി ഉത്കണ്‌ഠ വർധിക്കുകയും ചെയ്യുന്നു.

3. ഓര്‍മശക്തി കുറയുന്നു : നിങ്ങളുടെ ജീവിതത്തിലെ ലൈംഗികതയുടെ അഭാവം നിങ്ങളുടെ ഓര്‍മശക്തിയേയും ബാധിക്കും. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് നിർത്തുമ്പോൾ ഒരാൾക്ക് ഓര്‍മ സംബന്ധിച്ച പ്രശ്‌നങ്ങള്‍ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ചില പഠനങ്ങളില്‍ പറയുന്നുണ്ട്. 50 നും 89 നും ഇടയിൽ പ്രായമുള്ളവരില്‍ ലൈംഗിക ബന്ധം ഓര്‍മശക്തി മെച്ചപ്പെടുത്താന്‍ സഹായിയ്ക്കുമെന്നാണ് വിദഗ്‌ധര്‍ പറയുന്നത്.

4. ലൈംഗിക താല്‍പര്യം കുറയ്ക്കും : ദീര്‍ഘനാള്‍ ലൈംഗിക ബന്ധത്തില്‍ നിന്ന് വിട്ടു നില്‍ക്കുന്നത് ലൈംഗികതയോടുള്ള താല്‍പര്യം കുറയ്ക്കാന്‍ ഇടയാക്കും. പതിവായി ലൈംഗിക ബന്ധത്തില്‍ ഏർപ്പെട്ടാല്‍ മാത്രമേ നിങ്ങളുടെ ലൈംഗിക താല്‍പര്യം അഥവാ ലൈംഗികാസക്തി വർധിപ്പിക്കാൻ സാധിയ്ക്കൂ.

5. രോഗപ്രതിരോധ ശേഷി കുറയ്ക്കും : ലൈംഗിക ബന്ധത്തില്‍ ഏർപ്പെടുന്നവർക്ക് രോഗപ്രതിരോധ ശേഷി മെച്ചപ്പെട്ട നിലയിലായിരിയ്ക്കും. ഇമ്മ്യൂണോഗ്ലാബിന്‍ എ എന്ന ആന്‍റിബോഡിയുടെ ഉത്പാദനം വര്‍ധിക്കുന്നതാണ് ഇതിന് കാരണം. എന്നാല്‍ ലൈംഗിക ബന്ധത്തില്‍ വിട്ട് നില്‍ക്കുന്നവരില്‍ രോഗപ്രതിരോധ ശേഷി താരതമ്യേനെ കുറവായിരിയ്ക്കും.

6. യോനിയുടെ ആരോഗ്യം : സ്‌ത്രീകളില്‍ ദൈർഘ്യമേറിയ ലൈംഗിക ഇടവേള യോനി വരള്‍ച്ചയ്ക്ക് കാരണമാകുന്നു. ലൈംഗിക ബന്ധത്തില്‍ ഏർപ്പെടാതിരിക്കുന്ന സ്‌ത്രീകള്‍ക്ക് ലൈംഗിക ഉത്തേജനം ഉണ്ടാകാനും സ്വയം ലൂബ്രിക്കേറ്റ് ചെയ്യാനും കൂടുതൽ സമയമെടുക്കും. പതിവായുള്ള ലൈംഗിക ബന്ധം അല്ലെങ്കിൽ സ്വയംഭോഗം രക്തയോട്ടം മെച്ചപ്പെടുത്തുന്നതിനാൽ യോനി കലകളെ ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ സഹായിയ്ക്കുന്നു.

7. ശാരീരിക വേദന : ലൈംഗിക ബന്ധത്തിലൂടെ മാനസികവും ശാരീരികവുമായ ആരോഗ്യം നിലനിര്‍ത്തുന്നതിനൊപ്പം ശാരീരിക വേദനകള്‍ക്കും ആശ്വാസം നല്‍കുന്നു. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ എൻഡോർഫിന്‍ എന്ന ഹോര്‍മോണ്‍ ശരീരം കൂടുതല്‍ ഉത്‌പാദിപ്പിക്കുന്നു. വേദനയും സമ്മര്‍ദവും ഇല്ലാതാക്കാന്‍ സഹായിയ്ക്കുന്ന ഹോര്‍മോണാണ് എന്‍ഡോര്‍ഫിന്‍. തലവേദന, പുറം വേദന, കാല് വേദന എന്നിവ കുറയ്ക്കാൻ ലൈംഗിക ബന്ധം സഹായിക്കും. സന്ധി വേദനയ്ക്കും സ്‌ത്രീകളില്‍ ആർത്തവ വേദനയ്ക്കും ഗുണം ചെയ്യുമെന്നും വിദഗ്‌ധര്‍ പറയുന്നു.

8. പ്രോസ്റ്റേറ്റ് കാന്‍സറിനുള്ള സാധ്യത : ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന പുരുഷന്മാരില്‍ പ്രോസ്റ്റേറ്റ് കാൻസർ വരാനുള്ള സാധ്യത കുറവാണെന്ന് ചില പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. മാസത്തിൽ 4-7 തവണ സ്ഖലനം ചെയ്യുന്ന പുരുഷന്മാരെ അപേക്ഷിച്ച് മാസത്തിൽ ശരാശരി 21 തവണയിൽ കൂടുതൽ സ്ഖലനം ഉണ്ടാകുന്ന പുരുഷന്മാർക്ക് പ്രോസ്റ്റേറ്റ് ക്യാൻസർ വരാനുള്ള സാധ്യത കുറവാണെന്നാണ് 30,000 പുരുഷന്മാരിൽ നടത്തിയ ഒരു പഠനം പറയുന്നത്. എന്നാല്‍ ഒന്നിലധികം പങ്കാളികളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് അല്ലെങ്കിൽ സുരക്ഷിതമല്ലാത്ത ലൈംഗിക രീതികൾ പ്രോസ്റ്റേറ്റ് ക്യാൻസറിനുള്ള സാധ്യത വർധിപ്പിക്കും.

ലൈംഗിക ബന്ധം കൊണ്ട് നിരവധി ഗുണങ്ങളുണ്ടെങ്കിലും അതുകൊണ്ട് മാത്രം ഒരാള്‍ക്ക് ആരോഗ്യമുണ്ടാകണമെന്നില്ല. അതിനോടൊപ്പം ആരോഗ്യകരമായ ഭക്ഷണക്രമവും ജീവിതശൈലിയും അനിവാര്യമാണ്. ഓരോ വ്യക്തിക്കും അവരുടേതായ ലൈംഗിക താല്‍പര്യങ്ങളുണ്ടാകാം. ലൈംഗിക ബന്ധത്തില്‍ നിന്ന് വിട്ട് നില്‍ക്കണമോ വേണ്ടയോ എന്നത് ഓരോ വ്യക്തിയുടേയും തീരുമാനമാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.