ETV Bharat / sukhibhava

Kitchen Tidyness: 'അടുക്കളയിലെ ടവലിനെ' കരുതിയിരിക്കണം; ടീ ടവലുകള്‍ അപകടകാരികളായ ബാക്‌ടീരിയകളുടെ വിളനിലമെന്ന് പഠനം

author img

By

Published : Jun 24, 2023, 2:23 PM IST

പഠന വിധേയമാക്കിയ ഭൂരിഭാഗം ടീ ടവലുകളിലും സ്‌റ്റാഫൈലോകോക്കസ് ഓറിയസിന്‍റെ സാന്നിധ്യം ഗവേഷക സംഘം കണ്ടെത്തിയിരുന്നു

Bacteria  Hygiene  Fungi  Viruses  Infections  Cleaning  Food Hygiene  Sickness  Kitchen  Dirty tea towels  Dirty tea towels in kitchen  Dirty tea towels in kitchen and Bacteria  towels in kitchen and Bacteria latest Study  harmful bacteria  Kitchen Tidyness  കരുതിയിരിക്കണം അടുക്കളയിലെ ടവലിനെ  ടീ ടവലുകള്‍  ബാക്‌ടീരിയ  സ്‌റ്റാഫൈലോകോക്കസ്  ഗവേഷകസംഘം  അടുക്കള
'അടുക്കളയിലെ ടവലിനെ' കരുതിയിരിക്കണം; ടീ ടവലുകള്‍ അപകടകാരികളായ ബാക്‌ടീരിയകളുടെ വിളനിലമെന്ന് പഠനം

ലെസ്‌റ്റര്‍ (യുകെ): ഒരു വീടിനെ സംബന്ധിച്ച് ഏറ്റവുമധികം പ്രവര്‍ത്തനക്ഷമമായിരിക്കുന്ന ഭാഗം അതിന്‍റെ അടുക്കള തന്നെയാണ്. പാചകവും പച്ചക്കറികളുടെയും പഴവര്‍ഗങ്ങളുടെയും ശുചീകരണവുമെല്ലാമായി അടുക്കളയില്‍ മിക്കപ്പോഴും ജലത്തിന്‍റെ സാന്നിധ്യവും ഒഴിച്ചുകൂടാനാവാത്തതാണ്. ഈ നനഞ്ഞ പ്രതലവും മറ്റും രോഗാണുക്കൾക്കും ബാക്‌ടീരിയകൾക്കും മികച്ച പ്രജനന കേന്ദ്രം തന്നെയാണെന്നതിലും തര്‍ക്കമില്ല.

അടുക്കളയിലെ ഈ ജലസാന്നിധ്യം രോഗാണുക്കള്‍ക്ക് അനുകൂല സാഹചര്യമാണ് ഒരുക്കി നല്‍കുന്നതെന്ന് പൂര്‍ണ ബോധ്യമുള്ളതിനാല്‍ തന്നെ അടുക്കള ഉപയോഗിക്കുന്നവര്‍ ഇവ പരമാവധി ശുചീകരിച്ച് മുന്നോട്ടുപോകാറുമുണ്ട്. എന്നാല്‍ ഇതുകൂടാതെ അണുബാധകള്‍ക്ക് ഏറെ സൗകര്യമുള്ള അന്തരീക്ഷം ഒരുക്കുന്നത് പ്രധാനമായും അടുക്കളയിലെ ക്ലീനിങ് ടവലാണെന്ന പഠനവുമായി എത്തിയിരിക്കുകയാണ് ഒരു കൂട്ടം ഗവേഷകര്‍.

അപകടം പതിയിരിക്കുന്ന ടീ ടവലുകള്‍: ചൂടുള്ള പാത്രങ്ങളും മറ്റും പിടിക്കുന്നതിനായും അടുക്കളയില്‍ പാചകത്തിന് ഉപയോഗിക്കുന്ന പ്രതലങ്ങള്‍ തുടയ്‌ക്കുന്നതിനുമായി ഉപയോഗിക്കുന്ന ഇത്തരം തുണിത്തരങ്ങള്‍ ടീ ടവലെന്നും, അടുക്കള തുണിയെന്നുമെല്ലാം പലരീതിയില്‍ പറയാറുണ്ട്. ആത്യന്തികമായി ഇവ രോഗാണുക്കൾക്കും ബാക്‌ടീരിയകൾക്കും വഴിയൊരുക്കുമെന്നാണ് പഠനം അടിവരയിടുന്നത്. പാകം ചെയ്യാത്ത പദാര്‍ഥങ്ങളെ കൈകൊണ്ട് തൊടുകയും ഇടപഴകുകയും ചെയ്‌തതിന് ശേഷം നനഞ്ഞ കൈകള്‍ കൊണ്ട് അടുക്കള ഉപകരണങ്ങള്‍ ഉണക്കാന്‍ ഉപയോഗിക്കുന്ന ഈ ടവലുകള്‍ തൊടുന്നത് ബാക്‌ടീരിയകള്‍ വളരാന്‍ സാധ്യത വര്‍ധിപ്പിക്കുമെന്നാണ് പഠന പറയുന്നത്.

അതായത് അസംസ്‌കൃതമായ ചിക്കന്‍ തയ്യാറാക്കാൻ ഉപയോഗിച്ചിരുന്ന ചോപ്പിങ് ബോർഡുകൾ തുടയ്ക്കാൻ ഈ ടീ ടവലുകൾ ഉപയോഗിക്കുന്നതോടെ 90 ശതമാനം സാഹചര്യങ്ങളിലും ഇവ സാല്‍മാണെല്ല ബാക്‌ടീരിയ വളരാന്‍ കാരണമാകുമെന്ന് ഗവേഷകര്‍ കണ്ടെത്തി. അത്തരം ടീ ടവല്‍ ഉപയോഗിക്കുന്നത് വഴി ഈ ബാക്‌ടീരിയ കൈകളിലേക്ക് എത്തുകയും വയറിളക്കം, പനി, വയറുവേദന എന്നിവയ്‌ക്ക് കാരണവുമാകും.

പഠനത്തില്‍ എന്തെല്ലാം: അടുക്കളകളില്‍ ഉപയോഗിച്ച ഇത്തരം 100 ടീ ടവലുകളാണ് ഗവേഷകര്‍ ഈ പഠനത്തിനായി പരിശോധനയ്‌ക്ക് വിധേയമാക്കിയത്. ഇവയില്‍ ഭൂരിഭാഗം ടവലുകളിലും സ്‌റ്റാഫൈലോകോക്കസ് ഓറിയസിന്‍റെ സാന്നിധ്യം കണ്ടെത്തി. സാധാരണായി ചര്‍മത്തില്‍ കണ്ടുവരുന്ന ഈ രോഗാണു വ്രണങ്ങള്‍, സന്ധി സംബന്ധമായ അണുബാധകള്‍, ന്യൂമോണിയ എന്നീ വിവിധ പ്രശ്‌നങ്ങള്‍ക്ക് കാരണമാകാറുണ്ട്. ടീ ടവലിലൂടെ ഇവ അനിയന്ത്രിതമായ അളവില്‍ ശരീരത്തിലെത്തുന്നത് അതിലും വലിയ ശാരീരിക പ്രശ്‌നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും.

46 അടുക്കുകളെ കേന്ദ്രീകരിച്ച് നടത്തിയ മറ്റൊരു പഠനത്തില്‍, അടുക്കളയിലെ പാചകത്തിനായി ഉപയോഗിക്കുന്ന പ്രതലത്തില്‍ അത്യന്ത്യം അപകടകാരികളായ ബാക്‌ടീരിയകളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഈ പഠനം കൂടി ഉള്‍പ്പെടുത്തിയാല്‍ ഈ പ്രതലങ്ങള്‍ ടീ ടവലുകള്‍ ഉപയോഗിച്ച് വൃത്തിയാക്കുന്നതോടെ എന്‍ററോബാക്‌ടർ ( ശ്വാസകോശ അണുബാധ, ചർമത്തിലെ അണുബാധ, മൂത്രനാളി സംബന്ധമായ അണുബാധ, ഹൃദയം, അസ്ഥി, കണ്ണ് എന്നിവയുമായി ബന്ധപ്പെട്ട അണുബാധകൾ എന്നിവയ്‌ക്ക് കാരണമാകുന്നു), ക്ലെബ്‌സീല്ല (ശ്വാസകോശം, മൂത്രസഞ്ചി, തലച്ചോറ്, രക്തം എന്നിവയുമായി ബന്ധപ്പെട്ടുള്ള ഗുരുതരമായ അണുബാധകള്‍ക്ക് കാരണമാകന്നു), ഇ കോളി (വയറുവേദനയ്ക്കും മൂത്രനാളിയിലെ അണുബാധയ്ക്കും കാരണമാകുന്നു) എന്നിവ ശരീരത്തിലെത്താനും വഴിവയ്‌ക്കുന്നു.

ഇവ കൂടാതെ ഈ പല അടുക്കളകളിലും ശ്വാസകോശ അണുബാധയ്ക്ക് കാരണമാകുന്ന സ്യൂഡോമോണസ് എരുഗിനോസ, കണ്ണിലെ അണുബാധകൾക്കും വ്രണങ്ങള്‍ക്കും കാരണമാകുന്ന ബാസിലസ് സബ്‌റ്റിലിസ് എന്നിവയുടെ സാന്നിധ്യവും കണ്ടെത്തിയിരുന്നു.

എങ്ങനെ മറികടക്കാം: ടീ ടവലിലൂടെ എത്തുന്ന ഇത്തരം അണുബാധകളെ തടയാന്‍ ഈ തുണിത്തരങ്ങള്‍ പതിവായി കഴുകി ഉണക്കി ഉപയോഗിക്കുന്നത് നന്നായിരിക്കും. ഇവ വീണ്ടും നനഞ്ഞാൽ ഉപയോഗിക്കുന്നതിന് മുമ്പ് പൂർണമായും കഴുകിയുണക്കി ഉപയോഗിക്കാനും ഡോക്‌ടര്‍മാര്‍ ശുപാർശ ചെയ്യുന്നു. ടീ ടവലുകൾ ഉപയോഗിക്കുന്നതിലൂടെ തേടിയെത്തുന്ന ഇത്തരം അണുബാധ അപകടസാധ്യത യുകെയിലെ ഡോക്‌ടര്‍മാര്‍ നന്നായി തിരിച്ചറിഞ്ഞിട്ടുണ്ട്.

അതുകൊണ്ടുതന്നെ യുകെയിലെ ആശുപത്രികളിൽ തുണിത്തരങ്ങള്‍ പോലുള്ള ടീ ടവലുകൾ അനുവദനീയമല്ല. പകരം രോഗിയുടെ പാത്രങ്ങളും മറ്റും ശുചീകരിക്കുന്നതിനും ഭക്ഷണം തയ്യാറാക്കുന്നതിനും പ്രതലങ്ങൾ വൃത്തിയാക്കുന്നതിനും ഡിസ്പോസിബിൾ പേപ്പർ ടവലുകളാണ് ഉപയോഗിക്കാറുള്ളത്. മാത്രമല്ല അസംസ്‌കൃത മാംസം ഉൾപ്പെടുന്ന കനത്ത അണുബാധ സാധ്യത നിലനില്‍ക്കുന്ന ഘട്ടങ്ങളില്‍ ഡിസ്പോസിബിൾ തുണിത്തരങ്ങളോ പേപ്പർ ടവലുകളോ ഉപയോഗിക്കുന്നത് ബാക്‌ടീരിയകളുടെ വ്യാപനം തടയാൻ സഹായകമാവും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.