ETV Bharat / state

'മറ്റാരേക്കാളും വയനാടിന് രാഹുലിനെ അറിയാം'; വേട്ടയാടാന്‍ കാരണം ഇഷ്‌ടമില്ലാത്തത് ചോദിച്ചതിനാലെന്ന് പ്രിയങ്ക ഗാന്ധി

author img

By

Published : Apr 11, 2023, 9:22 PM IST

പാര്‍ലമെന്‍റില്‍ നിന്നും അയോഗ്യനാക്കപ്പെട്ടതിന് ശേഷം മണ്ഡലത്തിലെത്തിയ രാഹുല്‍ ഗാന്ധിക്ക് നല്‍കിയ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി

rahul gandhis wayanad event  priyanka gandhi statement  പ്രിയങ്ക ഗാന്ധി  രാഹുല്‍ ഗാന്ധി  വയനാട് ഇന്നത്തെ വാര്‍ത്ത
പ്രിയങ്ക ഗാന്ധി

പ്രിയങ്ക ഗാന്ധി സംസാരിക്കുന്നു

വയനാട്: മറ്റാരേക്കാളും വയനാടിന് രാഹുൽ ഗാന്ധിയെ അറിയാമെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. നിശബ്‌ദനാക്കാൻ ശ്രമിക്കുന്ന ഏത് ശക്തിക്ക് മുന്‍പിലും രാഹുൽ ധീരനായി നിൽക്കും. എംപി സ്ഥാനത്തുനിന്നും രാഹുല്‍ അയോഗ്യനാക്കപ്പെട്ടതിനെ തുടര്‍ന്ന് കൽപറ്റയിൽ കോൺഗ്രസ് സംഘടിപ്പിച്ച 'സത്യമേവ ജയതേ' പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ.

പ്രധാനമന്ത്രിയും മന്ത്രിമാരും എംപിമാരും രാഹുലിനെ വേട്ടയാടുന്നു. ഭരണകൂടത്തിന് ഇഷ്‌ടമില്ലാത്ത ചോദ്യങ്ങൾ ഉയര്‍ത്തുന്നതാണ് വേട്ടയ്ക്ക് കാരണം. അദാനിയെ സംരക്ഷിക്കാനാണ് സർക്കാരിന്‍റെ എല്ലാ സംവിധാനങ്ങളും ശ്രമിക്കുന്നത്. സാധാരണക്കാർക്കായി പ്രവർത്തിക്കാൻ പ്രധാനമന്ത്രിക്കും സർക്കാരിനും സമയമില്ല. മോദി പലതരം വസ്ത്രങ്ങൾ ധരിക്കുന്നു എന്നല്ലാതെ രാജ്യത്തിന് മാറ്റമുണ്ടാക്കാൻ കഴിയുന്നില്ല.

ALSO READ | അയോഗ്യനാക്കപ്പെട്ടാലും ജയിലിലടച്ചാലും ഞാന്‍ വയനാടിന്‍റെ ജനപ്രതിനിധിയാണ്: രാഹുല്‍ ഗാന്ധി

'കോൺഗ്രസ് പ്രസ്ഥാനം ഒരു വ്യക്തിയുടെ പ്രശ്‌നം ഉയർത്തിപ്പിടിച്ച് വരികയാണെന്ന് ബിജെപി മന്ത്രിമാർ പറയുന്നു. എന്നാൽ, ഒരു വ്യക്തിയുടെ സംരക്ഷണത്തിന് വേണ്ടി ഭരണകൂടം മുഴുവൻ രംഗത്തുവന്നു. അത് ഗൗതം അദാനിയാണ്. ഈ രാജ്യത്തിന്‍റെ സമ്പത്ത് മുഴുവൻ സ്വകാര്യ വ്യക്തിക്ക് എഴുതിക്കൊടുക്കുന്നു. ദിനംപ്രതി കോടികൾ സമ്പാദിക്കുന്നയാളെ സംരക്ഷിക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത്. എന്നാൽ, തുച്ഛമായ വേതനത്തിന് ജോലി ചെയ്യുന്നവർക്ക് വേണ്ടി നിലകൊള്ളാൻ സർക്കാർ തയ്യാറല്ല'.

'കുടുംബത്തോട് സംസാരിക്കുന്നതുപോലെ': 'വയനാട്ടിലേക്ക് വളരെ വൈകാരികമായുള്ള വരവാണിത്. രാഹുൽ ഗാന്ധിയുടെ ഔദ്യോഗിക വസതി ഇന്നലെ മാറ്റാൻ ആരംഭിച്ചിരുന്നു. രാഹുലിന് ഭാര്യയോ മക്കളോ ഇല്ല. അതിനാല്‍ ഞാൻ സഹായിക്കാൻ അവിടെ എത്തി. ഒരു കസേരയിൽ അദ്ദേഹം തനിച്ചിരിക്കുകയായിരുന്നു. നാളെ വയനാട്ടിലേക്ക് പോവുകയല്ലേ, എനിക്ക് അതേ പ്രാവീണ്യത്തോടെ സംസാരിക്കാൻ സാധിക്കില്ലെന്ന് രാഹുലിനോട് ഞാന്‍ പറഞ്ഞു. എന്നാൽ, കുടുംബത്തോട് സംസാരിക്കുന്നതുപോലെ ലളിതമായി സംസാരിക്കാനാകുമെന്നാണ് രാഹുൽ പറഞ്ഞത്. അതുകൊണ്ട് കുടുംബത്തോട് സംസാരിക്കുന്നതുപോലെയാണ് എനിക്ക് തോന്നുന്നത്' - പ്രിയങ്ക പറഞ്ഞു.

'ഈ ബന്ധം എക്കാലവും തുടരും': പാർലമെന്‍റ് അംഗത്വം ഇല്ലാതായത് വയനാട്ടിലെ ജനങ്ങളുമായുള്ള ബന്ധത്തിന് വിള്ളൽ വീഴ്ത്തില്ലെന്നും ഏത് പാർട്ടിയിലുള്ള ആളായാലും മുന്നണിയിലുള്ള ആളായാലും നമ്മൾ തമ്മിലുള്ള ബന്ധം ദൃഢമായിരിക്കുമെന്നും വേദിയില്‍ രാഹുൽ പറഞ്ഞു. എന്‍റെ വീട് വേണമെങ്കില്‍ 50 തവണ നിങ്ങള്‍ എടുത്തുകൊളളൂ. എനിക്കതില്‍ പ്രശ്‌നമില്ല. പ്രളയത്തില്‍ നൂറുകണക്കിന് വീടുകള്‍ നഷ്‌ടമായ വയനാട്ടുകാരുടെ ഇടയില്‍ നിന്നാണ് ഞാന്‍ വരുന്നത്. അവര്‍ എങ്ങനെ അതിജീവിച്ചുവെന്നത് ഞാന്‍ കണ്ടറിഞ്ഞതാണ്.

അയോഗ്യനാക്കിയതുകൊണ്ട് നമ്മള്‍ തമ്മിലുളള ബന്ധം കൂടുതല്‍ ഊട്ടിയുറപ്പിക്കാനേ ഇടയാക്കൂ. നാലുവര്‍ഷം മുന്‍പ് ഇവിടെ വന്നപ്പോള്‍ തെരഞ്ഞെടുപ്പിന് പതിവില്‍ നിന്നും വ്യത്യസ്‌തമായ പ്രചാരണമായിരുന്നു നടത്തിയത്. കാരണം ഞാന്‍ വന്നത് ഒരു കുടുംബത്തിലേക്കാണ്. എന്നെ നിങ്ങള്‍ സ്വീകരിച്ചത് ഒരു മകനായിട്ടാണ്, ഒരു സഹോദരനായിട്ടാണ്. എനിക്ക് ജീവനുളള കാലം വരെ നിങ്ങളുമായിട്ടുളള ബന്ധം ഉണ്ടാവും.

രാജ്യത്തിനുവേണ്ടിയുളള ജനങ്ങളുടെ ഭദ്രതയെ തകര്‍ക്കുന്ന കാര്യങ്ങള്‍ കണ്ടപ്പോള്‍ ഞാന്‍ അതിനെതിരെ ചോദ്യങ്ങള്‍ ഉന്നയിച്ചു. ഇവിടത്തെ ഭരണാധികാരികള്‍ക്ക് എന്നെ മനസിലായിട്ടില്ല എന്നത് എന്നെ അദ്‌ഭുതപ്പെടുത്തുന്ന കാര്യമാണ്. അദാനി വിഷയത്തില്‍ ഞാന്‍ ചോദിച്ച ചോദ്യത്തിനൊന്നും അവര്‍ക്ക് ഉത്തരമില്ലെന്നും കല്‍പ്പറ്റയിലെ സ്വീകരണ പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.