യൂത്ത് കോൺഗ്രസ് വ്യാജ ഇലക്ഷൻ ഐഡി കാർഡ്; കേസെടുത്ത് പൊലീസ്

യൂത്ത് കോൺഗ്രസ് വ്യാജ ഇലക്ഷൻ ഐഡി കാർഡ്; കേസെടുത്ത് പൊലീസ്
fake id card in youth congress election police takes cases: യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ വ്യാപകമായി വ്യാജ തിരിച്ചറിയല്‍ രേഖ ഹാജരാക്കിയ സംഭവത്തില്‍ മ്യൂസിയം പൊലീസ് കേസെടുത്തു
തിരുവനന്തപുരം : യൂത്ത് കോൺഗ്രസ് സംഘടന തെരഞ്ഞെടുപ്പിൽ വ്യാജ ഇലക്ഷൻ ഐഡി കാർഡ് ഉപയോഗിച്ചെന്ന ആരോപണത്തിൽ കേസെടുത്ത് തിരുവനന്തപുരം മ്യൂസിയം പൊലീസ് (youth congress fake id card case). അന്വേഷണത്തിനായി ഡിസിപിയുടെ നേതൃത്വത്തില്‍ ഒരു സംഘത്തെ നിയോഗിച്ചിട്ടുണ്ട്. മ്യൂസിയം എസ്എച്ച്ഒയ്ക്കാണ് അന്വേഷണച്ചുമതല.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറും ഡിവൈഎഫ്ഐയും ഇന്നലെ ഇത് സംബന്ധിച്ച് ഡിജിപിക്ക് പരാതി നൽകിയിരുന്നു. ഇലക്ഷൻ ഐഡി കാർഡ് ഉപയോഗിച്ച് 7,30,000 ത്തിന്‍റെ അടുത്ത് വോട്ട് രേഖപ്പെടുത്തിയ സംഘടന തെരഞ്ഞെടുപ്പിൽ രണ്ട് ലക്ഷത്തിനടുത്ത് വോട്ട് അസാധുവായി.
ഇത് എന്ത് കൊണ്ട് എന്നാണ് പൊലീസ് പരിശോധിക്കുന്നത്. ഐടി ആക്‌ട് (case against youth congress leaders as per IT act) പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഐപിസി 465, 468, 471 എന്നീ വകുപ്പുകൾ ആണ് ചുമത്തിയിരിക്കുന്നത്. എന്നാൽ ഇലക്ഷൻ നടത്തിയത് സുതാര്യമായിട്ടാണെന്നും ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു എന്ന് യൂത്ത് കോൺഗ്രസ് ഭാരവാഹികൾ അറിയിച്ചു.
കേരളത്തിലെ യൂത്ത് കോണ്‍ഗ്രസ് ചരിത്രത്തില്‍ കലഹവും തമ്മില്‍ത്തല്ലും തെരുവ് യുദ്ധവുമില്ലാത്ത ആദ്യ തെരഞ്ഞെടുപ്പിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ സംസ്ഥാന പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടത്. സംസ്ഥാന കോണ്‍ഗ്രസിലെ പരമ്പരാഗത ശാക്തിക ചേരികളായ എ,ഐ ഗ്രൂപ്പുകളുടെ അവസാന ഏറ്റുമുട്ടല്‍ കൂടിയായി വിശേഷിപ്പിക്കുന്ന തെരഞ്ഞെടുപ്പാണിത്.
നിലവിലെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പിലിന്‍റെ ആശിര്‍വാദത്തോടെ എ ഗ്രൂപ്പ് നോമിനിയായാണ് രാഹുല്‍ കളത്തിലിറങ്ങിയത്. അബിന്‍ വര്‍ക്കിയെ രമേശ് ചെന്നിത്തലയുടെ ഐ ഗ്രൂപ്പും പിന്തുണച്ചു. സംസ്ഥാന കോണ്‍ഗ്രസില്‍ നിലവിലെ ശക്‌തമായ ഗ്രൂപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്ന കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എന്നിവര്‍ സ്വന്തം സ്ഥാനാര്‍ഥികളെ മത്സര രംഗത്തിറക്കാതെ നിഷ്‌പക്ഷ നിലപാട് സ്വീകരിച്ചതും ഈ തെരഞ്ഞെടുപ്പിന്‍റെ സവിശേഷതയാണ്.
ഇക്കൊല്ലം മെയ് മാസത്തില്‍ ആരംഭിച്ച യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്കാണ് ഈ മാസം 14ലെ ഫലപ്രഖ്യാപനത്തോടെ തിരശീല വീണത്. ഇതോടൊപ്പം നടന്ന ജില്ല, നിയോജകമണ്ഡലം, മണ്ഡലം തെരഞ്ഞെടുപ്പ് ഫലങ്ങളും യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യ നേതൃത്വം പുറത്തുവിട്ടിട്ടുണ്ട്.. എതിര്‍ സ്ഥാനാര്‍ഥി അബിന്‍ വര്‍ക്കിയെയാണ് രാഹുല്‍ പരാജയപ്പെടുത്തിയത്. ആകെ രേഖപ്പെടുത്തിയ 5,11,498 വോട്ടുകളില്‍ രാഹുലിന് 2,21,986 വോട്ടും അബിന്‍ വര്‍ക്കിക്ക് 1,68,588 വോട്ടുകളുമാണ് ലഭിച്ചത്.
