ETV Bharat / state

Veterinary Surgeon Jacob Alexander : ശ്രാവണിന് ഇനി ആ സ്‌നേഹക്കരുതലില്ല ; വെറ്ററിനറി സർജന്‍ ജേക്കബ് അലക്‌സാണ്ടർ പടിയിറങ്ങുന്നു

author img

By ETV Bharat Kerala Team

Published : Oct 12, 2023, 10:48 PM IST

Veterinary Surgeon Jacob Alexander Leaving Thiruvananthapuram Zoo After Long Service: നീണ്ട 12 വർഷത്തെ സേവനകാലയളവിലെ മറക്കാനാകാത്ത ഓർമ്മകളും അനുഭവങ്ങളും ബാക്കിയാക്കിയാണ് വെറ്ററിനറി സർജൻ ഡോ. ജേക്കബ് അലക്‌സാണ്ടര്‍ തിരുവനന്തപുരം മൃഗശാലയില്‍ നിന്നും പടിയിറങ്ങുന്നത്

Veterinary Surgeon Jacob Alexander  Thiruvananthapuram Zoo  Famous Indian Veterinary Surgeon  How To Become A Veterinary Surgeon  Indian Forest Service New Vacancies  വെറ്ററിനറി സർജന്‍ ജേക്കബ് അലക്‌സാണ്ടർ  ജേക്കബ് അലക്‌സാണ്ടർ പടിയിറങ്ങുന്നു  എങ്ങനെ വെറ്ററിനറി സര്‍ജനാവാം  വനം വകുപ്പിലെ ഒഴിവുകള്‍  ഇന്ത്യയിലെ പ്രമുഖ വെറ്ററിനറി സര്‍ജന്മാര്‍
Veterinary Surgeon Jacob Alexander

വെറ്ററിനറി സർജന്‍ ജേക്കബ് അലക്‌സാണ്ടർ പടിയിറങ്ങുന്നു

തിരുവനന്തപുരം : മൃഗശാലയിൽ 100ൽപരം സ്‌പീഷീസുകളിലായി ആയിരത്തിലധികം ജീവികളുണ്ടെങ്കിലും വെറ്ററിനറി സർജൻ ഡോ. ജേക്കബ് അലക്‌സാണ്ടറിന് ഒരല്‍പം ഇഷ്‌ടക്കൂടുതൽ വെള്ളക്കടുവയായ അഞ്ച് വയസുകാരൻ ശ്രാവണിനോടാണ്. കുട്ടിയായിരിക്കെ 2014ൽ ഡൽഹിയിലെ നാഷണൽ സുവോളജിക്കൽ പാർക്കിൽ നിന്ന് തിരുവനന്തപുരത്തെത്തിച്ച് പാൽ കൊടുത്ത് വളർത്തിയത് മുതൽ ആരംഭിച്ച ബന്ധമാണത്. ഇത്തരത്തിൽ ഒരുപിടി കൗതുകം ഉണർത്തുന്ന അനുഭവങ്ങളുമായി ജേക്കബ് അലക്‌സാണ്ടർ മൃഗശാലയിൽ നിന്ന് നീണ്ട 12 വർഷത്തെ സേവനത്തിന് ശേഷം പടിയിറങ്ങുകയാണ്.

2011 ഒക്ടോബർ 12 നായിരുന്നു ജേക്കബ് അലക്‌സാണ്ടർ മൃഗശാലയിൽ വെറ്ററിനറി സർജനായി ചുമതലയേറ്റത്. 12 വർഷത്തെ സേവനകാലയളവിലെ മറക്കാനാകാത്ത ഓർമ്മകളും അനുഭവങ്ങളും അദ്ദേഹം ഇടിവി ഭാരതുമായി പങ്കുവച്ചു.

മത്സ്യത്തിന് ശസ്ത്രക്രിയ : രാജ്യത്തെ മൃഗശാലകളുടെ ചരിത്രം പരിശോധിച്ചാൽ ഒരു പക്ഷേ ആദ്യമായിട്ടായിരിക്കും ഒരു മത്സ്യത്തിന് ശസ്ത്രക്രിയ നടത്തിയത്. 2021 മാർച്ചിൽ മൊറെ ഈൽ എന്ന അപകടകാരിയായ കടൽ മത്സ്യത്തിനാണ് ജേക്കബ് അലക്‌സാണ്ടറിന്‍റെ നേതൃത്വത്തിൽ മൂന്ന് മണിക്കൂറോളം നീണ്ട ശസ്ത്രക്രിയ നടത്തിയത്. കൂടെയുള്ള മത്സ്യം കടിച്ച് കുടൽമാല ഉൾപ്പടെ പുറത്തുവന്ന നിലയിലായിരുന്നു അത്. ആറ് സെന്‍റിമീറ്റർ നീളത്തിലായിരുന്നു മുറിവ്. വെള്ളത്തില്‍ വച്ചുതന്നെയാണ് ശസ്ത്രക്രിയ നടത്തിയത്. കുടൽമാല അകത്താക്കി 30 തുന്നലുകളിട്ടു. മൃഗശാലയിലെ സേവനകാലയളവിൽ ജേക്കബ് അലക്‌സാണ്ടറിന് ഒരിക്കലും മറക്കാനാകാത്ത സംഭവമാണത്.

ഇഷ്‌ടക്കൂടുതൽ ശ്രാവണിനോട്: കുട്ടിയായിരിക്കെ 2014ൽ ഡൽഹിയിലെ നാഷണൽ സുവോളജിക്കൽ പാർക്കിൽ നിന്നാണ് ശ്രാവൺ എന്ന വെള്ള കടുവയെ തിരുവനന്തപുരത്തെത്തിക്കുന്നത്. ഇതിനെ പാൽ കൊടുത്താണ് പിന്നീട് വളർത്തിയത്. ആ സ്നേഹം അത് തിരിച്ചും പ്രകടിപ്പിക്കും. അടുത്ത് വിളിച്ചാൽ വരും. ഉമ്മ തരാൻ പറഞ്ഞാൽ നൽകും. സുഹൃത്തിനെപ്പോലെ ആത്മബന്ധം സ്ഥാപിക്കുന്ന മൃഗങ്ങളും മൃഗശാലയിലുണ്ടെന്നും ജേക്കബ് അലക്‌സാണ്ടർ പറയുന്നു.

മയക്കാതെ ഹിപ്പൊപൊട്ടാമസിന്‍റെ പല്ലെടുത്ത സംഭവം : ജേക്കബ് അലക്‌സാണ്ടറിനെ ഇന്ത്യൻ വെറ്ററിനറി അസോസിയേഷന്‍റെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയ 2013ലെ സംഭവവും കൗതുകകരമാണ്. വേറൊരു ഹിപ്പൊയുമായുണ്ടായ ഏറ്റുമുട്ടലിനെ തുടർന്ന് ഒന്നിന്‍റെ പല്ലിന്‍റെ അലൈൻമെന്‍റ് മാറി. ഇത് പൂർവസ്ഥിതിയിലാക്കാനായിരുന്നു ശസ്ത്രക്രിയ.

സ്വന്തം ജീവൻ പോലും പണയപ്പെടുത്തിയായിരുന്നു ആ ദൗത്യം. മയക്കാത്തതിനാൽ അപകടസാധ്യത ഏറെയായിരുന്നു. എന്നാൽ ഹിപ്പൊ അക്രമിക്കാതെ ചികിത്സ കഴിയുന്നതുവരെ ശാന്തനായി കിടന്നുവെന്നും, അത്ഭുതമായിരുന്നു അതെന്നും അദ്ദേഹം മനസുതുറന്നു.

ഹിമാലയൻ കരടിയും ബ്ലാക്ക് സ്പൈഡേഴ്‌സ് കൊള്ളസംഘത്തിന്‍റെ ആക്രമണവും : 2017 ലാണ് ഹിമാലയൻ കരടികളെ ട്രെയിൻ മാർഗം തിരുവനന്തപുരത്തെത്തിച്ചത്. 8000 കിലോമീറ്ററോളം യാത്ര ചെയ്തായിരുന്നു ഹിമാലയൻ കരടിയായ നകുലിനെയും നികുലിനെയും എത്തിച്ചത്. ആ ട്രെയിൻ യാത്രയ്ക്കി‌ടെ ജേക്കബ് അലക്‌സാണ്ടർ അടങ്ങുന്ന സംഘത്തിന് നേരെ ട്രെയിനിൽ വെച്ച് ആക്രമണമുണ്ടായി.

ബ്ലാക്ക് സ്പൈഡേഴ്‌സ് എന്ന കൊള്ള സംഘമാണ് ഇവരെ ആക്രമിച്ചത്. ആ സംഭവം നേരിയ ഭയത്തോടെയാണ് അദ്ദേഹം ഇപ്പോഴും ഓർക്കുന്നത്. ഒടുവിൽ മയക്കുവെടി വയ്ക്കുന്ന പിസ്‌റ്റൾ സംഘത്തിന് നേരെ ചൂണ്ടിയാണ് ജേക്കബ് അലക്‌സാണ്ടർ അടങ്ങുന്ന സംഘം കഷ്‌ടിച്ച് രക്ഷപ്പെട്ടത്.

12 വർഷക്കാലം തന്‍റെ ജീവിതത്തിന്‍റെ ഭാഗമായിരുന്ന ജീവജാലങ്ങളെ വിട്ട് മൃഗശാലയിൽ നിന്നും പടിയിറങ്ങുമ്പോൾ അദ്ദേഹത്തിന്‍റെ കണ്ണുകൾ നിറയുന്നു. മൃഗസംരക്ഷണ വകുപ്പിലേക്ക് ഡെപ്യൂട്ടി ഡയറക്‌ടറായാണ് അദ്ദേഹം മടങ്ങുന്നത്. മ്യൂസിയത്തിന് സമീപം നന്ദൻകോട് കനകനഗറിലെ പാവൂർ ഹൗസിലായിരുന്നു ജേക്കബ് അലക്‌സാണ്ടറിന്‍റെ ജനനം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.