ETV Bharat / state

FULL TEXT | ഇഡി റിപ്പോർട്ട് തെറ്റെങ്കിൽ കോടതിയെ സമീപിക്കൂവെന്ന് കുഴൽനാടൻ, ഉപദേശം തത്‌കാലം വേണ്ടെന്ന് മുഖ്യമന്ത്രി ; സഭയിൽ വാക്‌പോര്

author img

By

Published : Feb 28, 2023, 6:09 PM IST

LIFE MISSION BRIBERY CASE  Verbal war in kerala Assembly  Pinarayi Vijayan vs Mathew Kuzhalnadan  മാത്യു കുഴൽനാടൻ  പിണറായി വിജയൻ  കേരള നിയമസഭ  നിയമസഭയിൽ പോരടിച്ച് മുഖ്യമന്ത്രിയും കുഴൽനാടനും  Pinarayi Vijayan  Mathew Kuzhalnadan  സ്വപ്‌ന സുരേഷ്  നിയമസഭയിൽ മുഖ്യമന്ത്രി  സഭയിൽ വാക്‌പോര്  കുഴല്‍നാടന്‍  ലൈഫ് മിഷൻ  പി രാജീവ്
നിയമസഭയിൽ മുഖ്യമന്ത്രിയും മാത്യു കുഴൽനാടനും വാക്‌പോര്

ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ടാണ് ഇരുവരും സഭയിൽ ഏറ്റുമുട്ടിയത്. നിയമസഭയില്‍ മാത്യു കുഴല്‍നാടനും പിണറായിയും നേരിട്ട് ഏറ്റുമുട്ടുന്നത് മൂന്നാം തവണ. പ്രകോപിതനായ മുഖ്യമന്ത്രി കുഴൽനാടന്‍റെ വിമര്‍ശനങ്ങളെ നേരിട്ടത് രൂക്ഷമായ പദപ്രയോഗങ്ങളിലൂടെ.

നിയമസഭയിൽ മുഖ്യമന്ത്രിയും മാത്യു കുഴൽനാടനും വാക്‌പോരില്‍

തിരുവനന്തപുരം : നിയമസഭയില്‍ പ്രതിപക്ഷത്തുനിന്നുള്ള ചോദ്യങ്ങള്‍ക്കും സബ്‌മിഷനും ശ്രദ്ധക്ഷണിക്കലിനുമൊക്കെ മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കാറുണ്ടെങ്കിലും അംഗങ്ങള്‍ ഉന്നയിക്കുന്ന വിമര്‍ശനങ്ങള്‍ അവഗണിക്കാറാണ് പതിവ്. നേരിട്ട് മുഖ്യമന്ത്രി വാദപ്രതിവാദത്തിലേര്‍പ്പെടാറുള്ളത് പ്രതിപക്ഷ നേതാവ് വിഡി സതീശനുമായി മാത്രമാണ്. എന്നാല്‍ ഇത്തവണ മാത്യു കുഴല്‍നാടനുമായി മുഖ്യമന്ത്രി സഭയില്‍ നേരിട്ട് ഏറ്റുമുട്ടി.

ഇത് മൂന്നാം തവണയാണ് ഇരുവരും സഭയിൽ നേര്‍ക്കുനേര്‍ വരുന്നത്. ഇന്ന് ലൈഫ് മിഷന്‍ കോഴ കേസ് അടിയന്തര പ്രമേയ നോട്ടിസായി കൊണ്ടുവന്ന മാത്യു കുഴല്‍നാടന്‍, ഇഡി അറസ്റ്റ്‌ ചെയ്‌ത ശിവശങ്കറിന്‍റെ റിമാന്‍ഡ് റിപ്പോര്‍ട്ട് ആയുധമാക്കി മുഖ്യമന്ത്രിയെ കടന്നാക്രമിച്ചതോടെ അദ്ദേഹം പ്രകോപിതനാവുകയായിരുന്നു.

റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്ന, സ്വപ്‌ന സുരേഷും ശിവശങ്കറും തമ്മിലുള്ള വാട്‌സ്‌ആപ്പ് ചാറ്റില്‍, ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും ശിവശങ്കറും, സ്വപ്‌ന സുരേഷും, യുഎഇ കോണ്‍സല്‍ ജനറലും തമ്മില്‍ കൂടിക്കാഴ്‌ച നടത്തിയെന്ന് പറയുന്നത് നിഷേധിക്കാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ എന്ന് മാത്യു കുഴൽനാടൻ വെല്ലുവിളിക്കുകയായിരുന്നു.

മുഖ്യമന്ത്രി : സര്‍, സര്‍, പച്ചക്കള്ളമാണ്, എന്നെ കണ്ടിട്ടുമില്ല ഞാന്‍ അവരുമായി സംസാരിച്ചിട്ടുമില്ല - അദ്ദേഹം എഴുന്നേറ്റ് മറുപടി നല്‍കി.

മാത്യു കുഴല്‍നാടന്‍ : പച്ചക്കള്ളമാണെങ്കില്‍ റിമാന്‍ഡ് റിപ്പോര്‍ട്ടിനെതിരെ കോടതിയെ സമീപിക്കാന്‍ തയ്യാറാകണം. കോടതിയില്‍ മുഖ്യമന്ത്രിക്കെതിരെ തെറ്റായ കാര്യം ഇഡി ഫയല്‍ ചെയ്‌തിട്ടുണ്ടെങ്കില്‍ അങ്ങ് കോടതിയെ സമീപിക്കണം.

മുഖ്യമന്ത്രി : എന്നോട് അദ്ദേഹം ചോദിച്ചു നിഷേധിക്കുന്നുണ്ടോ എന്ന്. അതിനാണ് ഞാന്‍ മറുപടി നല്‍കിയത്. അദ്ദേഹം ആ കൊടുത്ത ഏജന്‍സിയുടെ വക്കീലായിട്ടാണ് ഇവിടെ വന്നിട്ടുള്ളതെങ്കില്‍ അത്‌ ആ രീതിയില്‍ പറഞ്ഞോളണം. ഞാന്‍ പറയേണ്ട കാര്യം ഞാന്‍ പറഞ്ഞു. എന്നോട് ചോദിച്ച ചോദ്യത്തിനാണ് ഞാന്‍ മറുപടി പറഞ്ഞത്.

സ്‌പീക്കര്‍ : ശ്രീ മാത്യു, നിങ്ങള്‍ ചോദിച്ച ചോദ്യം മുഖ്യമന്ത്രി നിഷേധിച്ചുകഴിഞ്ഞു. ഇനി ആ ഭാഗം പറയേണ്ട കാര്യമില്ല.

മാത്യു കുഴല്‍നാടന്‍ : പറഞ്ഞത് ഞാനെഴുതിയ തിരക്കഥയല്ല. ഈ രാജ്യത്തെ അന്വേഷണ ഏജന്‍സി കോടതിക്ക്‌ കൊടുത്ത തെളിവ് റിപ്പോര്‍ട്ട് ആണ്. അങ്ങയ്‌ക്കെതിരെ തെറ്റായ റിപ്പോര്‍ട്ട് കൊടുത്തിട്ടുണ്ടെങ്കില്‍ കോടതിയില്‍ ചോദ്യം ചെയ്യാന്‍ തയ്യാറാകണം. അങ്ങയ്‌ക്കുറപ്പുണ്ടെങ്കില്‍ ഞങ്ങള്‍ അങ്ങയോടൊപ്പം നില്‍ക്കാം. ഇവയൊന്നും സംഭവിച്ചിട്ടില്ലെങ്കില്‍ എങ്ങനെയാണ് ഒരു മുഖ്യമന്ത്രിയെ കുറിച്ച് കോടതിയില്‍ ഇങ്ങനെ ഒരു റിപ്പോര്‍ട്ട് കൊടുക്കാന്‍ സാധിക്കുക.

മുഖ്യമന്ത്രി : എനിക്കത്തരം ഉപദേശം വേണമെങ്കില്‍ ഞാന്‍ അദ്ദേഹത്തെ സമീപിച്ചോളാം. ഇപ്പോള്‍ എനിക്ക് കാര്യങ്ങള്‍ തീരുമാനിക്കാന്‍ എന്‍റേതായ, ഗവണ്‍മെന്‍റിന്‍റേതായ സംവിധാനങ്ങളുണ്ട്. അതുവച്ചുകൊണ്ടുതന്നെയാണ് ഞാന്‍ പോകുന്നത്. ഇദ്ദേഹത്തെപ്പോലൊരാളുടെ ഉപദേശത്തിനനുസരിച്ച് നീങ്ങേണ്ട ആവശ്യം ഇപ്പോള്‍ തത്കാലമില്ല.

മാത്യു കുഴല്‍നാടന്‍ : അതുമാത്രമല്ല സര്‍, ഞാന്‍ ആ ഭാഗം ഒഴിവാക്കാം. ഇനിയും അങ്ങ് നിഷേധിക്കേണ്ട വേറൊരു കാര്യം വരും. അങ്ങയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി അങ്ങയോടൊപ്പം നടന്ന ശിവശങ്കര്‍ വാട്‌സ്‌ആപ്പ് സന്ദേശത്തില്‍ പറയുന്നു സ്വപ്‌നയ്ക്ക് ഒരു ജോലി ശരിയാക്കി കൊടുക്കണമെന്ന് മുഖ്യമന്ത്രി തന്നോട് പറഞ്ഞിട്ടുണ്ടെന്ന്.

മുഖ്യമന്ത്രി : സര്‍ വീണ്ടും എന്നോട് ചോദ്യം വന്നിരിക്കുകയാണ്. അദ്ദേഹം ഈ സഭയില്‍ വരുന്നതിനുമുന്‍പ് തന്നെ ഇത്തരം കാര്യങ്ങളില്‍ വ്യക്തത ഉണ്ടായി കഴിഞ്ഞതാണ്. ആ കാര്യത്തില്‍ ഞാനുമായി ആരും ഒരു ഘട്ടത്തിലും സംസാരിച്ചിട്ടില്ല. ഈ നിയമനം സര്‍ക്കാരിനറിയാവുന്ന കാര്യമല്ല. അതിന്‍റെ മേലെയാണ് നടപടികളിലേക്കുപോയത്. എന്തും വിളിച്ചുപറയാവുന്ന അവസരമായി അദ്ദേഹം ഇതെടുത്തുകൊണ്ടിരിക്കുകയാണ്.

മന്ത്രി പി രാജീവ് : അദ്ദേഹം ഈ വാട്‌സ്‌ആപ്പ് ചാറ്റുകള്‍ മേശപ്പുറത്തുവയ്ക്കണം. അദ്ദേഹം സാക്ഷ്യപ്പെടുത്തി മേശപ്പുറത്തുവയ്ക്കണം.

മാത്യു കുഴല്‍നാടന്‍ : ഞാന്‍ മന്ത്രിയുടെ വെല്ലുവിളി ഏറ്റെടുക്കുകയാണ്. ഈ റിമാന്‍ഡ് റിപ്പോര്‍ട്ട് നിയമപരമായി അങ്ങ് അനുവദിക്കുമെങ്കില്‍ ഈ സഭയുടെ മേശപ്പുറത്തുവയ്ക്കാം. നിയമമന്ത്രിയുടെ വെല്ലുവിളി ഞാന്‍ ഏറ്റെടുക്കാം. റിമാന്‍ഡ് റിപ്പോര്‍ട്ട് നിയമസഭാരേഖകളുടെ ഭാഗമാകട്ടെ.

പി രാജീവ് : അദ്ദേഹം ഉദ്ധരിക്കുന്ന വാട്‌സ്‌ആപ്പ് ചാറ്റുകളുടെ ആധികാരികത അദ്ദേഹം ഉറപ്പുവരുത്തണം. അദ്ദേഹം ഇഡിയുടെ വക്കീലാണെങ്കില്‍ കോടതിയില്‍ ഇഡിക്കുവേണ്ടി വാദിക്കണം.

മാത്യു കുഴല്‍നാടന്‍ : എനിക്ക് സ്‌പീക്കറോടുള്ള അഭ്യര്‍ഥന നിയമമന്ത്രിയുടെ വെല്ലുവിളി നമ്മളെല്ലാവരും ഏറ്റെടുക്കണമെന്നാണ്. ഈ റിമാന്‍ഡ് റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്തുവയ്ക്കാന്‍ ചെയര്‍ എന്നെ അനുവദിക്കണം. ഞാന്‍ വായിക്കുന്നത് എന്‍റെ ഭാഗമല്ല, എന്‍റെ തിരക്കഥയല്ല, റിമാന്‍ഡ് റിപ്പോര്‍ട്ടിലെ ഭാഗമാണ്.

പി രാജീവ് : ഇപ്പോള്‍ വച്ചിരിക്കുന്ന ഈ റിമാന്‍ഡ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ഈ സഭയ്ക്കുള്ളില്‍ ചര്‍ച്ച നടക്കാന്‍ പാടില്ല. കോടതിയില്‍വച്ചിരിക്കുന്ന റിമാന്‍ഡ് റിപ്പോര്‍ട്ട് അടിസ്ഥാനപ്പെടുത്തി ഈ സഭയില്‍ ചര്‍ച്ച നടക്കാന്‍ പാടില്ല.

തുടർന്ന് ബഹളത്തെ തുടര്‍ന്ന് സഭ തത്‌കാലത്തേക്ക്‌ നിര്‍ത്തിവച്ചു. അൽപ സമയത്തിന് ശേഷം സഭ വീണ്ടും പുനരാരംഭിച്ചു.

മന്ത്രി പി.രാജീവ് : റിമാന്‍ഡ് റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ അംഗം ഉദ്ധരിച്ചിട്ടുണ്ടെങ്കില്‍ അതൊന്നും സഭാരേഖയില്‍ ഉണ്ടാകാന്‍ പാടില്ല. മറ്റേതെങ്കിലും കാര്യം അദ്ദേഹം പറഞ്ഞിട്ടുണ്ടെങ്കില്‍ അത് അദ്ദേഹത്തിന്‍റെ ഉത്തരവാദിത്തമാണ്.

മാത്യു കുഴല്‍നാടന്‍ : ഞാന്‍ പറയുന്ന കാര്യങ്ങള്‍ അടിസ്ഥാനമില്ലാത്ത കാര്യങ്ങളാണെന്ന് വിളിച്ചുപറയുമ്പോള്‍ അതിനെ സാധൂകരിക്കാന്‍ എനിക്ക് റിമാന്‍ഡ് റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ പറയേണ്ടിവന്നു. 20 കോടി ലൈഫ് മിഷനില്‍ നിന്ന് അടിച്ചുകൊണ്ടുപോയിട്ട് ഇതുവരെ ഈ സര്‍ക്കാരും വകുപ്പും എന്തുചെയ്‌തു. അങ്ങ്‌ ഭരിക്കുന്ന വിജിലന്‍സ് വകുപ്പ് 2020 മുതല്‍ ഈ കേസ് അന്വേഷിച്ചിട്ട് ഒരു തുമ്പ് കണ്ടെത്താനായോ ?. ആര്‍ക്കെങ്കിലുമെതിരെ നടപടിയെടുത്തോ?. അതിന്‍റെ അര്‍ഥം ആസൂത്രിതമായി അഴിമതി നടത്താനായി അങ്ങ് ഗൂഢാലോചന നടത്തി. എന്നിട്ടും അങ്ങ് എന്തുകൊണ്ട് മറുപടി പറയുന്നില്ല.

മുഖ്യമന്ത്രി : പ്രമേയത്തില്‍ വാദങ്ങളോ വ്യാജോക്തികളേ അഭ്യൂഹങ്ങളോ അപകീര്‍ത്തികരമായ പ്രസ്‌താവനകളോ ഉണ്ടാകാന്‍ പാടില്ലെന്നാണ് സ്‌പീക്കര്‍ നേരത്തെ വ്യക്തമാക്കിയത്. ഇപ്പോള്‍ അദ്ദേഹം പറഞ്ഞ വ്യാജോക്തികള്‍, അഭ്യൂഹങ്ങള്‍, അപകീര്‍ത്തികരമായ പ്രസ്‌താവന അങ്ങും(സ്പീക്കര്‍) കേള്‍ക്കുന്നുണ്ടാകുമല്ലോ. ഇതെല്ലാം സഭാരേഖകളില്‍ രേഖപ്പെടുത്തി വച്ചിരിക്കുന്നതാണ്. ഇതിനെല്ലാം വിരുദ്ധമായി എന്തും പറയാമെന്ന നിലയില്‍ അദ്ദേഹം വിളിച്ചുപറയുന്നത് അങ്ങും കേള്‍ക്കുന്നുണ്ടാകുമല്ലോ.

മാത്യു കുഴല്‍നാടന്‍ : എന്നെ ജനം തെരഞ്ഞെടുത്തുവിട്ടത് ഇവര്‍(ഭരണപക്ഷം) ആഗ്രഹിക്കുന്നത് പറയാനല്ല. എന്നെ മൂവാറ്റുപുഴയിലെ ജനങ്ങള്‍ തെരഞ്ഞെടുത്തുവിട്ടത് സാമാന്യജനം പറയാനാഗ്രഹിക്കുന്നത് ഇവരുടെ മുഖത്തുനോക്കി പറയാനാണ്. അല്ലാതെ ഇവരാഗ്രഹിക്കുന്നത് പറയാനല്ല. എന്ത് വ്യാജോക്തിയാണ് ഞാന്‍ പറഞ്ഞത്. ഞാന്‍ പറഞ്ഞത് തെറ്റായിരുന്നെങ്കില്‍ അങ്ങ് കോടതിയില്‍ പോയി റിമാന്‍ഡ് റിപ്പോര്‍ട്ട് തിരുത്തുകയാണ് വേണ്ടത്. അതിന് എന്‍റെ അഭിപ്രായം എടുക്കേണ്ടതില്ല.

മുഖ്യമന്ത്രി : ഒരംഗം ഇവിടെ പറയുന്നതിന് ഞാന്‍ എന്തിന് കോടതിയില്‍ പോകണം. അദ്ദേഹത്തിന്‍റെ നേരെ നോക്കിത്തന്നെയാണ് ഞാന്‍ പറയുന്നത്. ഇവിടെ പറയേണ്ട കാര്യങ്ങള്‍ പറയാന്‍ എനിക്ക് ആര്‍ജ്ജവമുണ്ട്. അതിവിടെ പറയുക തന്നെ ചെയ്യും. എന്താണ് സാര്‍ അദ്ദേഹം പറഞ്ഞുകൊണ്ടിരിക്കുന്നത്.

മാത്യു കുഴല്‍നാടന്‍ : ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ പറയാനുള്ള ആര്‍ജ്ജവം എനിക്കും ഉണ്ട്. അതിവിടെ തന്നെ പറയും. അങ്ങേയ്ക്കുമാത്രമേ ആര്‍ജ്ജവമുള്ളൂ എന്ന് കരുതരുത്. പറയാനുള്ള കാര്യങ്ങള്‍ പറഞ്ഞിട്ടേ പോകൂ. ഞാന്‍ പറഞ്ഞതിന് മറുപടിയുണ്ടെങ്കില്‍ അങ്ങ് (മുഖ്യമന്ത്രി) പറയണം. അങ്ങ് സംസ്ഥാനത്തിന്‍റെ നാഥനാണ്, കേരളത്തിന്‍റെ മുഖ്യമന്ത്രിയാണ്.

പിന്നാലെ കുഴല്‍നാടന്‍റെ മൈക്ക് സ്‌പീക്കര്‍ ഓഫാക്കുന്നു. പിന്നാലെ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.