ETV Bharat / state

AI Camera | 'എഐ കാമറയില്‍ വിഐപികളും, പിഴ അടച്ചവര്‍ക്ക് മാത്രം ഇൻഷുറൻസ്, ഹെവി വാഹനങ്ങൾക്ക് സീറ്റ്‌ ബെല്‍റ്റ്': ആന്‍റണി രാജു

author img

By

Published : Aug 3, 2023, 4:46 PM IST

Minister Antony Raju response  Traffic violations and KSRTC  Antony Raju  Traffic violations  AI Camera  നിയമലംഘനങ്ങളുടെ പിഴ അടച്ചുതീര്‍ത്തവര്‍  ഇൻഷുറൻസ്  ഹെവി വാഹനങ്ങൾക്കും സീറ്റ്‌ ബെല്‍റ്റ്  ആന്‍റണി രാജു  പിഴ  ഗതാഗത മന്ത്രി  മന്ത്രി  എഐ കാമറ
'നിയമലംഘനങ്ങളുടെ പിഴ അടച്ചുതീര്‍ത്തവര്‍ക്ക് മാത്രം ഇൻഷുറൻസ്: ആന്‍റണി രാജു

എഐ കാമറകൾ വഴിയുള്ള പരിശോധനയില്‍ കൂടുതൽ നിയമലംഘനങ്ങൾ നടന്നത് കാസർകോട് ജില്ലയിലാണെന്നും ഗതാഗത മന്ത്രി പറഞ്ഞു.

മന്ത്രി ആന്‍റണി രാജു പ്രതികരിക്കുന്നു

തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങൾക്ക് നിലവിലുള്ള പിഴ മുഴുവൻ അടച്ചുതീർത്തവർക്ക് മാത്രമേ ഇൻഷുറൻസ് പുതുക്കി നൽകുവെന്നും ഇതിനായി ഇൻഷുറൻസ് കമ്പനികളുമായി ഉടൻ തന്നെ ചർച്ച നടത്തുമെന്നും ഗതാഗത മന്ത്രി ആന്‍റണി രാജു. സംസ്ഥാനത്ത് സ്ഥാപിച്ച എഐ കാമറകൾ വഴി എംപി ബോർഡ് വച്ച വാഹനങ്ങളുടെ 10 നിയമലംഘനങ്ങളും എംഎൽഎ ബോർഡ് വെച്ച 19 വാഹനങ്ങളുടെ നിയമലംഘനങ്ങളും കണ്ടെത്തിയതായും എഐ കാമറകളുടെ അവലോകന യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ മന്ത്രി അറിയിച്ചു.

ഇതിൽ എംപി ബോർഡ് വച്ച വാഹനങ്ങൾ ഏഴ് തവണയിൽ കൂടുതലും എംഎൽഎ ബോർഡ് വച്ച വാഹനങ്ങൾ നാല് തവണയിൽ കൂടുതൽ നിയമലംഘനം നടത്തി. എംപിമാരുടെയും എംഎൽഎമാരുടെയും വാഹനങ്ങൾ ഉൾപ്പെടെ ആകെ 328 സർക്കാർ വാഹനങ്ങളുടെ നിയമലംഘനങ്ങളാണ് എഐ കാമറകളിലൂടെ കണ്ടെത്തിയത്. കൂടുതൽ നിയമലംഘനങ്ങൾ നടന്നത് കാസർകോട് ജില്ലയിലാണെന്നും മന്ത്രി അറിയിച്ചു.

വലിപ്പച്ചെറുപ്പമില്ലാതെ സീറ്റ്‌ ബെല്‍റ്റ്: 1994 മുതലുള്ള എല്ലാ ഹെവി വാഹനങ്ങൾക്കും സെപ്റ്റംബർ ഒന്ന് മുതൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കി. നേരത്തെ 2005 മുതലുള്ള ഹെവി വാഹനങ്ങൾക്കായിരുന്നു സീറ്റ് ബെൽറ്റ് നിർബന്ധമാക്കിയിരുന്നത്. അന്യസംസ്ഥാന വാഹനങ്ങൾക്കും സീറ്റ് ബെൽറ്റ് നിർബന്ധമാണെന്നും ഡ്രൈവർക്കും കോ ഡ്രൈവർക്കുമാണ് സീറ്റ് ബെൽറ്റ് നിർബന്ധമെന്നും മന്ത്രി പറഞ്ഞു.

കണക്കുകള്‍ കാര്യം പറയുന്നു: ജൂൺ അഞ്ച് മുതൽ ഓഗസ്റ്റ് രണ്ട് വരെ 3242277 നിയമ ലംഘനങ്ങളാണ് എഐ കാമറ വഴി കണ്ടെത്തിയത്. ഇതിൽ 1583367 എണ്ണമാണ് പ്രൊസസ് ചെയ്‌തത്. 589394 എണ്ണമാണ് ഐടിഎംഎസിലേക്ക് കൈമാറിയത്. 382580 ഇ ചെലാനുകളാണ് ഇതുവരെ ജനറേറ്റ് ചെയ്‌തതെന്നും തപാൽ വഴി 323604 ചെലാനുകളാണ് ഇതുവരെ അയച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ ചെല്ലാൻ ജനറേറ്റ് ചെയ്‌തത് വഴി പിഴയായി കണക്ക് കൂട്ടിയിരിക്കുന്ന തുക 25.81 കോടി രൂപയാണ്. 3.37 കോടി രൂപയാണ് ഇതുവരെ പിഴ തുകയായി ലഭിച്ചത്. എഐ കാമറ സ്ഥാപിച്ചതിന് ശേഷം വാഹനാപകടത്തിൽ മരിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞുവെന്നും മന്ത്രി ആന്‍റണി രാജു പറഞ്ഞു.

കഴിഞ്ഞ വർഷം ജൂലൈയിൽ അപകടങ്ങളിൽ പരിക്കേറ്റവരുടെ എണ്ണം 3,992 ആയിരുന്നെങ്കിൽ 2023 ജൂലൈയിൽ വാഹനാപകടത്തിൽ പരിക്കേറ്റവരുടെ എണ്ണം 3316 ആയി കുറഞ്ഞു. കഴിഞ്ഞ വർഷം ജൂലൈയിൽ 3316 വാഹനാപകടങ്ങളാണ് ഉണ്ടായതെങ്കിൽ ഈ വർഷം ജൂലൈയിൽ ഇത് 1201 ആയി കുറഞ്ഞു. മോട്ടോർ വാഹന വകുപ്പും കെൽട്രോളും തമ്മിൽ സമഗ്ര കരാർ ഉണ്ടാക്കുന്നതിനായി ആഗസ്റ്റ് എട്ടിന് മുൻപ് തന്നെ വ്യക്തത വരുത്തുമെന്നും തുടർന്നുണ്ടാകുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ വ്യവസായ മന്ത്രിയും താനും പങ്കെടുത്ത് കൊണ്ട് മോട്ടോർ വാഹന വകുപ്പ് ഗതാഗത വകുപ്പ് എന്നിവരുമായി ചർച്ച നടത്തി ഈ മാസം തന്നെ സമഗ്ര കരാറിന് അന്തിമ രൂപം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

കെഎസ്‌ആര്‍ടിസിയില്‍ പ്രതികരണം: നിയമലംഘനങ്ങൾ പ്രോസസ് ചെയ്യുന്നതിലെ കാലതാമസം പരിഹരിക്കുന്നതിനായി മൾട്ടിപ്പിൾ ലോഗിൻ ഐഡിയുടെ എണ്ണം വർധിപ്പിച്ചു. ഇനിയും ഇത് വർധിപ്പിക്കും. കെഎസ്ആർടിസിക്ക് കെഎഎസ് ഉദ്യോഗസ്ഥരെ അവശ്യപ്പെട്ടിട്ടുണ്ടെന്നും നൽകാമെന്ന് സർക്കാർ തലത്തിൽ തീരുമാനമെടുത്തുവെന്നും അദ്ദേഹം പറഞ്ഞു. കെഎഎസ് ഉദ്യോഗസ്ഥരെ ലഭ്യമാക്കിയാലേ കെഎസ്ആർടിസിയുടെ വിഭജനം നടപ്പാക്കാനാകൂവെന്നും മുഖ്യമന്ത്രി ഇക്കാര്യത്തിൽ ഇടപെടുന്നുണ്ടെന്നും ആന്‍റണി രാജു അറിയിച്ചു. കെഎസ്ആർടിസി ജീവനക്കാർക്ക് ഓണം ബോണസ് നൽകുന്ന കാര്യത്തില്‍ സംസ്ഥാന സർക്കാർ തന്നെ ഇക്കാര്യത്തിൽ പൊതുവായ തീരുമാനമെടുത്തിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.