ETV Bharat / state

Ksrtc Emergency Care Kit യാത്രക്കാർക്ക് 'കെയർ' ഒരുക്കി കെഎസ്‌ആർടിസി, CARe പദ്ധതി എന്താണെന്നറിയാം

author img

By ETV Bharat Kerala Team

Published : Oct 20, 2023, 3:15 PM IST

ksrtc-emergency-care-kit
ksrtc-emergency-care-kit

CARe Ksrtc Emergency Care Kit പുത്തൻ പരിഷ്കാരങ്ങളിലൂടെ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുകയാണ് കെഎസ്ആർടിസി. യാത്രക്കാർക്ക് 'കെയർ' നൽകാൻ CARe പദ്ധതിക്ക് തുടക്കം. ജീവനക്കാർക്ക് ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിനും സിപിആർ അടക്കമുള്ള പ്രാഥമിക ചികിത്സ നൽകുന്നതിനുള്ള പരിശീലനവും.

യാത്രക്കാർക്ക് 'കെയർ' ഒരുക്കി കെഎസ്‌ആർടിസി, CARe പദ്ധതി എന്താണെന്നറിയാം

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ യാത്ര മധ്യേ ആളുകൾക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടാകുന്ന സംഭവങ്ങൾ നമുക്കറിയാവുന്നതാണ്. എന്നാൽ അത്തരം ആരോഗ്യപരമായ പ്രശ്നങ്ങളുണ്ടായാൽ ഇനി ടെൻഷൻ അടിക്കേണ്ട. പ്രാഥമിക ജീവൻ രക്ഷാപ്രവർത്തനങ്ങൾക്ക് ആവശ്യമായ എല്ലാ ഉപകരണങ്ങളും അടങ്ങുന്ന എമർജൻസി കെയർ കിറ്റും സിപിആർ അടക്കമുള്ള പ്രാഥമിക ചികിത്സ നൽകുന്നതിന് ജീവനക്കാരും സുസജ്ജരാണ്. യാത്രക്കാർക്ക് 'കെയർ' നൽകാൻ CARe എന്ന പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുകയാണ് കെഎസ്ആർടിസി.

SEMl (Society for Emergency Medicine India) എന്ന ഡോക്ടർമാർ അടങ്ങുന്ന സന്നദ്ധ സംഘടനയാണ് 'കെയർ' പദ്ധതിക്ക് പിന്തുണ നൽകുന്നത്. ഹൃദയമിടിപ്പ് ക്രമാതീതമായി കൂടിയതാണ് കാരണമെങ്കിൽ നെഞ്ചിൽ കൃത്യമായി ഷോക്ക് കൊടുത്തു രോഗിയെ രക്ഷിക്കാൻ ഉപയോഗിക്കുന്ന AED (ഓട്ടോമാറ്റഡ് എക്സ്റ്റേണൽ ഡെഫിബ്രിലേറ്റർ), പോർട്ടബിൾ ഓക്സിജൻ സിലിണ്ടർ, ഫോൾഡബിൾ സ്ട്രെച്ചർ, കെർവിക്കൽ കോളർ, സ്പ്ലിന്‍റ്സ് അടക്കമുള്ള പ്രാഥമിക ജീവൻ രക്ഷാപ്രവർത്തനങ്ങൾക്ക് ആവശ്യമായ എല്ലാ ഉപകരണങ്ങളും അടങ്ങുന്ന എമർജൻസി കെയർ കിറ്റ് ബസ്സുകളിലും ബസ് സ്റ്റേഷനുകളിലും സജ്ജമാക്കിയിട്ടുണ്ട്.

50 ജീവനക്കാർക്ക് ഈ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിനും സിപിആർ അടക്കമുള്ള പ്രാഥമിക ചികിത്സ നൽകുന്നതിനുള്ള പരിശീലനവും നൽകി. സ്വിഫ്റ്റിലെ 20 ജീവനക്കാർക്കും കെഎസ്ആർടിസിയിലെ 30 ജീവനക്കാർക്കുമാണ് പരിശീലനം നൽകിയത്. ആദ്യഘട്ടത്തിൽ സ്വിഫ്റ്റിന്‍റെ രണ്ട് ഹൈബ്രിഡ് എസി സീറ്റർ കം സ്ലീപ്പർ ബസുകളിലാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. ക്രമേണ മറ്റു ബസ്സുകളിലും ഈ സേവനം ലഭ്യമാക്കും.

രണ്ട് ലക്ഷം രൂപയോളമാണ് എമർജൻസി കെയർ കിറ്റിന് ചെലവായ തുക. പരിശീലനം ലഭിച്ച ജീവനക്കാർക്ക് 'എമർജൻസി ലൈഫ് സപ്പോർട്ട് ട്രെയിൻഡ്' എന്ന ബാഡ്ജും നൽകും. തമ്പാനൂർ ബസ് ടെർമിനലിൽ എമർജൻസി കെയർ കിറ്റ് സ്ഥാപിച്ചിട്ടുണ്ട്. കെയർ പദ്ധതി ഒരാഴ്ചക്കുള്ളിൽ കോഴിക്കോട്, കോട്ടയം, പാലക്കാട് ജില്ലകളിലേക്കും വ്യാപിപ്പിക്കും. ഘട്ടം ഘട്ടമായി ഇത് എല്ലാ ഡിപ്പോയിലും വ്യാപിപ്പിക്കും. പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിനു ശേഷം, ഒരാൾക്ക് ഹൃദയാഘാതം ഉണ്ടായാൽ നൽകേണ്ട പ്രാഥമിക ചികിത്സയെ കുറിച്ചുള്ള (സിപിആർ) ഡെമോയും അവതരിപ്പിച്ചു.

പുത്തൻ പരിഷ്കാരങ്ങളിലൂടെ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുകയാണ് കെഎസ്ആർടിസി. ഇത് വഴി യാത്രക്കാരെ കെഎസ്ആർടിസിയിലേക്ക് ആകർഷിക്കാനാണ് മാനേജ്മെന്‍റ് ലക്ഷ്യമിടുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.