ETV Bharat / sports

ജയത്തോടെ 'ഗുഡ്‌ബൈ' പറയാൻ മുംബൈയും ലഖ്‌നൗവും; മത്സരം വാങ്കഡെയില്‍ - MI vs LSG Match Preview

author img

By ETV Bharat Kerala Team

Published : May 17, 2024, 9:06 AM IST

ഐപിഎല്ലില്‍ ഇന്ന് മുംബൈ ഇന്ത്യൻസ് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് മത്സരം.

IPL 2024  MUMBAI INDIANS  LUCKNOW SUPER GIANTS  മുംബൈ VS ലഖ്‌നൗ
Mumbai Indians vs Lucknow Super Giants match Preview (Source: Etv Bharat)

മുംബൈ : ഐപിഎല്‍ പതിനേഴാം പതിപ്പിനോട് ഗുഡ്‌ബൈ പറയാൻ മുംബൈ ഇന്ത്യൻസും ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സും ഇന്ന് ഇറങ്ങാം. മുംബൈയുടെ ഹോം ഗ്രൗണ്ടായ വാങ്കഡെ സ്റ്റേഡിയത്തില്‍ രാത്രി ഏഴരയ്‌ക്കാണ് മത്സരം. ജയത്തോടെ സീസണ്‍ അവസാനിപ്പിക്കാൻ മുംബൈ ഇറങ്ങുമ്പോള്‍ വമ്പൻ മാര്‍ജിനില്‍ ആതിഥേയരെ തകര്‍ത്ത് വിദൂരമായെങ്കിലും പ്ലേഓഫ് പ്രതീക്ഷ നിലനിര്‍ത്താനാകും സൂപ്പര്‍ ജയന്‍റ്‌സിന്‍റെ ശ്രമം.

പോയിന്‍റ് പട്ടികയിലെ ഏഴാം സ്ഥാനക്കാരാണ് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്. 13 കളിയില്‍ 12 പോയിന്‍റാണ് അവര്‍ക്കുള്ളത്. സീസൺ മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും അവസാന മൂന്ന് മത്സരങ്ങളിലെ തുടര്‍തോല്‍വികളാണ് ലഖ്‌നൗവിന് തിരിച്ചടി സമ്മാനിച്ചത്.

കൊല്‍ക്കത്തയോടും ഹൈദരാബാദിനോടും വഴങ്ങേണ്ടി വന്ന വമ്പൻ തോല്‍വി അവരുടെ നെറ്റ് റണ്‍റേറ്റും നെഗറ്റീവിലേക്ക് എത്തിച്ചു. ഇതോടെയാണ് പ്ലേഓഫിലേക്കുള്ള ലഖ്‌നൗവിന്‍റെ സാധ്യതകള്‍ ഏറെക്കുറെ അസ്‌തമിച്ചത്. ഇന്ന്, മുംബൈ ഇന്ത്യൻസിനെ കൂറ്റൻ മാര്‍ജിനില്‍ തോല്‍പ്പിച്ചാലും ആദ്യ നാലില്‍ ഇടം കണ്ടെത്തുക എന്നത് ലഖ്‌നൗവിന് പ്രയാസമായിരിക്കും.

അതേസമയം, പോയിന്‍റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ മുംബൈ ഇന്ത്യൻസിന് ഇത് അഭിമാനപോരാട്ടമാണ്. സീസണില്‍ കളിച്ച 13 കളിയില്‍ 9-ലും അവര്‍ക്ക് തോല്‍വി വഴങ്ങേണ്ടി വന്നിരുന്നു. ജയത്തോടെ സീസണ്‍ അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആയിരിക്കും മുംബൈ ഇന്ന് സ്വന്തം കാണികള്‍ക്ക് മുന്‍പില്‍ നടത്തുക.

രോഹിത് ശര്‍മ, ഹാര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ്, ജസ്‌പ്രീത് ബുംറ തുടങ്ങിയ വമ്പൻ താരനിര അണിനിരന്നെങ്കിലും ടീമെന്ന നിലയില്‍ ഒത്തിണക്കത്തോടെ കളിക്കാൻ സാധിക്കാതിരുന്നതാണ് മുംബൈ ഇന്ത്യൻസിന് ഇത്തവണ തിരിച്ചടിയായത്. മോശം പ്രകടനം കാഴ്‌ചവച്ചതോടെ ടീം സീസണില്‍ പ്ലേഓഫ് കാണാതെ ആദ്യം തന്നെ പുറത്താകുകയും ചെയ്‌തു. നായകാനായ ഹാര്‍ദികും മറക്കാൻ ആഗ്രഹിക്കുന്ന സീസണ്‍ ആയിരിക്കും ഇത്.

Also Read : ആര്‍സിബിയെ 'എറിഞ്ഞിടാൻ' ധോണി; നെറ്റ്‌സില്‍ പന്തെറിഞ്ഞ് സിഎസ്‌കെ മുൻ നായകൻ - MS Dhoni Bowls In Nets

മുംബൈ ഇന്ത്യൻസ് സാധ്യത ടീം : രോഹിത് ശര്‍മ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്‌റ്റൻ), നേഹല്‍ വധേര, ടിം ഡേവിഡ്, പിയൂഷ് ചൗള, ജെറാള്‍ഡ് കോട്‌സീ, അൻഷുല്‍ കാംബോജ്, ജസ്‌പ്രീത് ബുംറ, നുവാൻ തുഷാര.

ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് സാധ്യത ടീം : കെഎല്‍ രാഹുല്‍ (ക്യാപ്‌റ്റൻ/വിക്കറ്റ് കീപ്പര്‍) കൈല്‍ മയേഴ്‌സ്, മാര്‍കസ് സ്റ്റോയിനിസ്, ദീപക് ഹൂഡ, നിക്കോളസ് പുരാൻ, കൃണാല്‍ പാണ്ഡ്യ, ആയുഷ് ബഡോണി, അര്‍ഷാദ് ഖാൻ, യുദ്‌വീര്‍ സിങ്, രവി ബിഷ്‌ണോയ്, നവീൻ ഉല്‍ ഹഖ്, മൊഹ്‌സിൻ ഖാൻ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.