ETV Bharat / state

'കടമെടുപ്പ് പരിധി 2017ന് മുന്‍പുള്ള അവസ്ഥയിലേക്ക് പുനഃസ്ഥാപിക്കണം': പ്രധാനമന്ത്രിക്ക് നിവേദനം നല്‍കാന്‍ മന്ത്രിസഭായോഗ തീരുമാനം

author img

By

Published : Jan 4, 2023, 3:28 PM IST

Kerala government to give memorandum to pm  സംസ്ഥാനത്തിന്‍റെ കടമെടുപ്പ് പരിധി  പൊതുമേഖല സ്ഥാപനങ്ങള്‍ എടുക്കുന്ന കടം  മന്ത്രിസഭായോഗം  കേരള സര്‍ക്കാര്‍ മന്ത്രിസഭാ യോഗ തീരുമാനം  കടമെടുപ്പ് പരിധിയില്‍ കേരള സര്‍ക്കാര്‍  Kerala cabinet decision  Kerala government on borrowing limit set by center
സംസ്ഥാന മന്ത്രിസഭ

സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങള്‍ എടുക്കുന്ന കടം സംസ്ഥാന സര്‍ക്കാറിന്‍റെ കടമായി കണക്കാക്കുന്ന രീതി ശരിയല്ല എന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാറിനുള്ളത്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്‍റെ കടമെടുപ്പ് പരിധി 2017നു മുന്‍പുള്ള അവസ്ഥയിലേക്ക് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് നിവേദനം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സംസ്ഥാനത്തിന്‍റെ തനി കടമെടുപ്പ് പരിധി കണക്കാക്കുമ്പോള്‍ പൊതുകണക്കിനത്തില്‍ നീക്കിയിരിപ്പായി വരുന്ന തുകയെ സംസ്ഥാനത്തിന്‍റെ പൊതു കടത്തിലുള്‍പ്പെടുത്താന്‍ 2017ല്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഭരണഘടനയുടെ അനുച്ഛേദം 293(3)നെ തെറ്റായി വ്യാഖ്യാനിച്ചാണ് ഇത്തരമൊരു തീരുമാനമെന്നാണ് സംസ്ഥാന സര്‍ക്കാറിന്‍റെ നിലപാട്.

പൊതുമേഖല കമ്പനികള്‍, കോര്‍പ്പറേഷനുകള്‍, പ്രത്യേക ഉദ്ദേശ സ്ഥാപനങ്ങള്‍ എന്നിവ സംസ്ഥാന ബജറ്റ് വഴിയോ അവര്‍ക്കായി നിശ്ചയിച്ചു നല്‍കിയ സംസ്ഥാനത്തിന്‍റെ നികുതി, സെസ്, ഏതെങ്കിലും തരത്തിലുള്ള സംസ്ഥാന വരുമാനം എന്നിവയിലേതെങ്കിലും ഒന്നുവഴിയോ തിരിച്ചടയ്ക്കുന്ന വായ്‌പകള്‍ സംസ്ഥാനം എടുത്ത കടമായി കണക്കാക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യവസ്ഥ ചെയ്‌തിട്ടുള്ളത്. സംസ്ഥാന സര്‍ക്കാരിന്‍റെ കീഴിലുള്ള പൊതുമേഖല സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ ഗ്യാരന്‍റികളുടെ പിന്‍ബലത്തില്‍ എടുക്കുന്ന വായ്‌പകള്‍ സംസ്ഥാന സര്‍ക്കാരിന്‍റെ നേരിട്ടുള്ള ബാധ്യതകളല്ല മറിച്ച് അവയെ സംസ്ഥാനത്തിന്‍റെ ആകസ്‌മിക ബാധ്യതയായി മാത്രമേ കണക്കാക്കാന്‍ കഴിയൂ എന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്.

കിഫ്ബി, കെ.എസ്.എസ്.പി.എല്‍ എന്നിവയുടെ എല്ലാ കടമെടുപ്പുകളും സംസ്ഥാനത്തിന്‍റെ പൊതു കടത്തിലാണ് കേന്ദ്രം ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങള്‍, സമാന സ്ഥാപനങ്ങള്‍ എന്നിവ എടുക്കുന്ന വായ്‌പകള്‍ക്കാകട്ടെ ഈ തത്വം ബാധകമാക്കിയിട്ടുമില്ല. ഫെഡറല്‍ തത്വങ്ങളുടെ ലംഘനമായ ഈ നടപടി സംസ്ഥാനത്തിന്‍റെ വികസനത്തിനു തടസമാണ്.

ഈ സാഹചര്യത്തിലാണ് 2017നു മുന്‍പത്തെ കടമെടുപ്പ് പരിധി പുനസ്ഥാപിക്കണമെന്ന ആവശ്യം സംസ്ഥാനം മുന്നോട്ടു വയ്ക്കുന്നത്. ഇതുള്‍പ്പെടെ ഫെഡറല്‍ തത്വങ്ങള്‍ക്ക് നിരക്കാത്തതും സംസ്ഥാനം അഭിമുഖീകരിക്കുന്നതുമായ പ്രധാന പ്രശ്‌നങ്ങള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്താനും മന്ത്രിസഭായോഗം തീരുമാനിച്ചു.

ബിനു സോമന്‍റെ കുടുംബത്തിന് സഹായം: മോക്ഡ്രില്ലിനിടെ മണിമലയാറില്‍ മുങ്ങി മരിച്ച ബിനു സോമന്‍റെ നിയമപരമായ അവകാശികള്‍ക്ക് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയില്‍ നിന്ന് നാല് ലക്ഷം രൂപ അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.