ETV Bharat / state

ഭക്ഷണം മോശമാണോ? പരാതി ഓണ്‍ലൈനായി നല്‍കാം, സംസ്ഥാനത്ത് ഗ്രിവൻസ് പോര്‍ട്ടല്‍ യാഥാര്‍ഥ്യമായി

author img

By

Published : Mar 23, 2023, 12:54 PM IST

grievance portal by food safety department  food safety department launches grievance portal  Kerala food safety department  grievance portal  ഭക്ഷണത്തെ കുറിച്ച് പരാതി  ഗ്രിവന്‍സ് പോര്‍ട്ടല്‍ യാഥാര്‍ഥ്യമായി  ഗ്രിവന്‍സ് പോര്‍ട്ടല്‍  ഭക്ഷ്യ സുരക്ഷ വകുപ്പിന്‍റെ ഗ്രിവന്‍സ് പോര്‍ട്ടല്‍  ആരോഗ്യ മന്ത്രി വീണ ജോര്‍ജ്  ഭക്ഷ്യ വിഷബാധ
ഗ്രിവന്‍സ് പോര്‍ട്ടല്‍ യാഥാര്‍ഥ്യമായി

ഹോട്ടലുകളില്‍ നിന്നും മറ്റും വാങ്ങുന്ന ഭക്ഷണത്തെ കുറിച്ച് പരാതി ഉണ്ടെങ്കില്‍ ഇനി ഓണ്‍ലൈന്‍ ആയി നല്‍കാനാകും. ഭക്ഷ്യ സുരക്ഷ വകുപ്പിന്‍റെ ഗ്രിവന്‍സ് പോര്‍ട്ടല്‍ യാഥാര്‍ഥ്യമായി. ആരോഗ്യ മന്ത്രി വീണ ജോര്‍ജ് പോര്‍ട്ടല്‍ ഉദ്‌ഘാടനം ചെയ്‌തു

തിരുവനന്തപുരം: കേരളം സുരക്ഷിത ഭക്ഷണം ലഭിക്കുന്ന ഇടമാക്കുന്നതിന് ഭക്ഷ്യ സുരക്ഷ വകുപ്പിന്‍റെ ഗ്രിവന്‍സ് പോര്‍ട്ടല്‍. ഓൺലൈനായി ഭക്ഷണം സംബന്ധിച്ച് പരാതികളുണ്ടെങ്കിൽ നൽകുന്നതിനും അതിൽ സ്വീകരിച്ച നടപടികൾ അറിയുന്നതിനുമാണ് പോർട്ടൽ. പരാതി സംബന്ധിച്ചുള്ള ഫോട്ടോയും വീഡിയോയും അപ്‌ലോഡ് ചെയ്യാനും പോര്‍ട്ടലില്‍ സൗകര്യം ഉണ്ട്. ഭക്ഷണം കഴിച്ച ഹോട്ടലിന്‍റെ പേരും വിവരങ്ങളുമടക്കം പരാതിയിൽ നൽകാൻ കഴിയും.

മോശം ഭക്ഷണം നൽകുന്ന സ്ഥാപനങ്ങൾക്കെതിരെ വേഗത്തിൽ നടപടി സ്വീകരിക്കാനും പൊതുജനങ്ങൾക്ക് പരാതികൾ നൽകുന്നതിന് സൗകര്യം ഒരുക്കുന്നതിനുമാണ് പുതിയ പോർട്ടൽ. നിലവിൽ ഭക്ഷ്യ സുരക്ഷ വകുപ്പിന്‍റെ ടോൾ ഫ്രീ നമ്പറിൽ പരാതി നൽകാൻ മാത്രമാണ് കഴിഞ്ഞിരുന്നത്. ടോൾ ഫ്രീ നമ്പറുകൾ ഹോട്ടലുകളിൽ പ്രദർശിപ്പിക്കണമെന്ന നിയമവുമുണ്ട്. പുതിയ സംവിധാനത്തിൽ ഫോട്ടോയും വീഡിയോയും അപ് ലോഡ് ചെയ്യാമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. പരാതികളിലെ തർക്കങ്ങൾ ഒഴിവാക്കാൻ ഇതിലൂടെ സാധിക്കും എന്നതാണ് വകുപ്പിന്‍റെ വിലയിരുത്തൽ.

പോർട്ടലിൽ എങ്ങനെ പരാതിപ്പെടണം?: ആദ്യമായി ഭക്ഷ്യ സുരക്ഷാവകുപ്പിന്‍റെ https://www.eatright.foodsafety.kerala.gov.in/ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ഇതിൽ റിപ്പോര്‍ട്ട് കംപ്ലെയ്‌ന്‍റ്, മൈ കംപ്ലെയ്‌ന്‍റ്സ് എന്നിങ്ങനെ രണ്ട് ഐക്കണുകള്‍ കാണാം. പരാതി നൽകുന്നതിന് ആദ്യമായി രജിസ്റ്റര്‍ ചെയ്യണം. രജിസ്ട്രേഷൻ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന പേജില്‍ മൊബൈല്‍ നമ്പര്‍ നല്‍കി ഒടിപി എടുക്കുക. തുടര്‍ന്ന് പേര്, ഒടിപി എന്നിവ നല്‍കുമ്പോള്‍ കംപ്ലെയ്‌ന്‍റ് രജിസ്റ്റര്‍ ചെയ്യാനുള്ള പേജ് വരും. അതില്‍ ജില്ല, സര്‍ക്കിള്‍, സ്ഥാപനത്തിന്‍റെ പേര്, ലൊക്കേഷന്‍, ലാന്‍ഡ്‌മാര്‍ക്ക്, പരാതി, പരാതിയുടെ വിശദാംശങ്ങള്‍ എന്നിവ നല്‍കണം. തുടര്‍ന്ന് ഫോട്ടോയും വിഡിയോയും അപ്‌ലോഡ് ചെയ്യണം. ഐഡന്‍റിറ്റി വെളിപ്പെടുത്താതിരിക്കാനും പോർട്ടലിൽ സംവിധാനമുണ്ട്. ഇതിനായുള്ള ഓപ്ഷനിൽ നോ ഐക്കണ്‍ ക്ലിക്ക് ചെയ്‌താൽ മതി. അതിനു ശേഷം പരാതി സബ്‌മിറ്റ് ചെയ്യാം. ഹോം പേജിൽ തന്നെയുള്ള മൈ കംപ്ലെയ്‌ന്‍സിലൂടെ പരാതിയിന്‍മേല്‍ സ്വീകരിച്ച നടപടികളും പരാതിക്കാരന് അറിയാനാകും.

ഭക്ഷ്യ വിഷബാധ നിയന്ത്രിക്കാനാകുമോ: ആരോഗ്യ മന്ത്രി വീണ ജോര്‍ജ് ആണ് ഗ്രിവന്‍സ് പോര്‍ട്ടല്‍ ഉദ്‌ഘാടനം ചെയ്‌തത്. സംസ്ഥാനത്ത് ഭക്ഷ്യ വിഷബാധ തുടരെ റിപ്പോര്‍ട്ട് ചെയ്‌ത സാഹചര്യത്തില്‍ നിരവധി നടപടികളുമായാണ് സര്‍ക്കാര്‍ രംഗത്തു വന്നത്. ഗ്രിവൻസ് പോര്‍ട്ടലിന് പുറമെ ഹോട്ടല്‍ ജീവനക്കാര്‍ക്കുള്ള ഹെല്‍ത്ത് കാര്‍ഡും സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിരുന്നു. വൃത്തിയുള്ളതും പുതിയതുമായ ഭക്ഷണം നല്‍കാന്‍ നിര്‍ബന്ധിതരാകുകയാണ് കേരളത്തിലെ ഹോട്ടല്‍, റസ്റ്ററന്‍റ് സ്ഥാപനങ്ങള്‍.

കോട്ടയത്ത് ഭക്ഷ്യ വിഷബാധയേറ്റ് ചികിത്സയില്‍ ഇരിക്കെ നഴ്‌സ് മരിച്ച സംഭവത്തെ തുടര്‍ന്നാണ് സംസ്ഥാനത്ത് ഭക്ഷ്യ വിഷബാധ കൂടുതല്‍ ആശങ്ക ഉണ്ടാക്കിയത്. മുട്ട ചേര്‍ത്ത മയൊണൈസ് പല സാഹചര്യത്തിലും വില്ലനായതും ഏറെ ആശങ്കയുണ്ടാക്കി. കര്‍ശന പരിശോധനയും വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം പാകം ചെയ്‌ത് വിതരണം ചെയ്യുന്നു എന്ന് കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് നേരെ നടപടി സ്വീകരിക്കുകയും ചെയ്യുകയുണ്ടായി.

ജനുവരിയില്‍ കളമശ്ശേരിയില്‍ നിന്ന് 500 കിലോയോളം വരുന്ന പഴകിയ ഇറച്ചി പിടിച്ചെടുത്തത് വലിയ ചര്‍ച്ചയായിരുന്നു. നഗരത്തിലെ ചില ഹോട്ടലുകളിലും തട്ടുകടകളിലും ഷവര്‍മ, അല്‍ഫാം എന്നീ വിഭങ്ങള്‍ ഉണ്ടാക്കുന്നതിനായി എത്തിക്കുന്നത് ഈ ഇറച്ചിയായിരുന്നു. ഗ്രിവന്‍സ് പോര്‍ട്ടല്‍ യാഥാര്‍ഥ്യമായതോടെ സംസ്ഥാനത്ത് മെച്ചപ്പെട്ട ഭക്ഷണം ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.