ETV Bharat / state

KSRTC suspension| യാത്രക്കാരോട് മോശം പെരുമാറ്റവും ജോലിയില്‍ ക്രമക്കേടും; 5 കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

author img

By

Published : Jun 22, 2023, 8:29 AM IST

ജോലിക്കിടെയുണ്ടായ വിവിധ സംഭവങ്ങളെ തുടര്‍ന്ന് അഞ്ച് കെഎസ്‌ആര്‍ടിസ് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍. ജൂണ്‍ 13നാണ് ജീവനക്കാര്‍ക്കെതിരെ നടപടി എടുത്തത്

Five Employees in KSRTC suspended  KSRTC suspension  യാത്രക്കാരോട് മോശം പെരുമാറ്റവും  ജോലിക്കിടയിലെ ക്രമക്കേടുകളും  5 കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍  കെഎസ്‌ആര്‍ടിസി  കെഎസ്‌ആര്‍ടിസ് സര്‍വീസ്  ചങ്ങനാശ്ശേരി ഡിപ്പോ  യാത്രക്കാരെ വഴിയിലിറക്കി വിട്ടു  യാത്രക്കാരെ പെരുവഴിയിലാക്കി യാത്ര  kerala news updates  latest news in kerala  news live  live news updates
5 കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: യാത്രക്കാരോട് മോശമായി പെരുമാറുകയും ക്രമക്കേട് നടത്തുകയും ചെയ്‌ത വിവിധ സംഭവങ്ങളില്‍ കെഎസ്ആർടിസിയിലെ അഞ്ച് ജീവനക്കാർക്ക് സസ്പെൻഷൻ. പൊൻകുന്നം ഡിപ്പോയിലെ കണ്ടക്‌ടര്‍ ജോമോൻ ജോസ്, വൈക്കം ഡിപ്പോയിലെ കണ്ടക്‌ടര്‍ ബി മംഗൾ വിനോദ്, ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവർ റെജി ജോസഫ്, ആലപ്പുഴ യൂണിറ്റിലെ കണ്ടക്‌ടര്‍ ഇ ജോമോൾ, ചങ്ങനാശ്ശേരി ഡിപ്പോയിലെ ഡ്രൈവർ പി സൈജു എന്നിവരെയാണ് അച്ചടക്ക നടപടിയുടെ ഭാഗമായി സസ്പെൻഡ്‌ ചെയ്‌തത്. ജൂണ്‍ 13നാണ് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്‌തത്.

യാത്രക്കാരെ പെരുവഴിയിലാക്കി യാത്ര: പെന്‍കുന്നം ഡിപ്പോയില്‍ നിന്നും കോട്ടയം, പള്ളിക്കത്തോടിലേക്ക് പുതുതായി ആരംഭിച്ച സര്‍വീസിനിടെ ബസ് തകരാറിലായെന്ന് ചൂണ്ടിക്കാട്ടി മേലധികാരികളുടെ അനുമതിയില്ലാതെ യാത്രക്കാരെ വഴിയില്‍ ഇറക്കി വിട്ടതിനാണ് കണ്ടക്‌ടര്‍ ജോമോൻ ജോസിനെ സസ്‌പെന്‍ഡ് ചെയ്‌തത്. സംഭവം യാത്രക്കാരെ പ്രതിസന്ധിയിലാക്കിയെന്നും കോര്‍പറേഷന് ഇത് നഷ്‌ടമുണ്ടാക്കിയെന്നും പറഞ്ഞാണ് നടപടി.

കണ്ടക്‌ടറുടെ അതിക്രമിച്ച് കയറല്‍: അസിസ്റ്റന്‍റ് ട്രാൻസ്പോർട്ട് ഓഫിസറുടെ മുറിയിൽ അതിക്രമിച്ച് കയറിയെന്ന പരാതിയിലാണ് വൈക്കം ഡിപ്പോയിലെ കണ്ടക്‌ടര്‍ ബി മംഗൾ വിനോദിനെതിരെയുള്ള നടപടി. കെഎസ്‌ആര്‍ടിസിയിലെ മറ്റ് ജീവനക്കാരുടെ മുന്നില്‍ വച്ച് അസിസ്റ്റന്‍റ് ട്രാൻസ്പോർട്ട് ഓഫിസറെ അസഭ്യം വിളിച്ചെന്നും ഇയാള്‍ക്കെതിരെ പരാതിയുണ്ട്. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് മംഗൾ വിനോദിനെ സസ്‌പെന്‍ഡ് ചെയ്‌തത്.

യാത്രക്കാര്‍ക്ക് നേരെ അസഭ്യ വര്‍ഷം: മുണ്ടക്കയം ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്‌തിരുന്ന ബസിൽ കയറിയ യാത്രക്കാരെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌ത സംഭവത്തില്‍ ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവർ റെജി ജോസഫിനെ സസ്‌പെന്‍ഡ് ചെയ്‌തത്.

ഫ്രീ യാത്ര: കായംകുളം മുതല്‍ കൊല്ലം വരെ വെറും ഏഴ് യാത്രക്കാരുമായി സര്‍വീസ് നടത്തിയ ബസില്‍ ടിക്കറ്റില്ലാതെ യാത്രക്കാരന് സൗജന്യ യാത്ര അനുവദിച്ച സംഭവത്തിലും സസ്‌പെന്‍ഷന്‍. ആലപ്പുഴ യൂണിറ്റിലെ കണ്ടക്‌ടര്‍ ഇ.ജോമോൾക്ക് എതിരെയാണ് നടപടി. കെഎസ്‌ആര്‍ടിസി നിലവില്‍ ശമ്പള പ്രതിസന്ധിയടക്കം നേടരിട്ട് കൊണ്ടിരിക്കുന്ന സമയത്താണ് ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

ഇവിടെയും വ്യാജ രേഖ: ജോലിയില്‍ അവധി ലഭിക്കാനായി വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി. ചങ്ങനാശ്ശേരി ഡിപ്പോയിലെ ഡ്രൈവർ പി സൈജുവാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് ചമച്ചത്. സംഭവത്തില്‍ അന്വേഷണ വിധേയമായാണ് സൈജുവിനെ സസ്‌പെന്‍ഡ് ചെയ്‌തതെന്ന് മാനേജ്‌മെന്‍റ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

സ്വിഫ്‌റ്റ് ഓൺലൈൻ ബുക്കിങ്ങിന് പുതിയ രീതി: കെഎസ്ആർടിസി സ്വിഫ്റ്റ് ബസുകളുടെ മുഴുവന്‍ സർവീസുകളുടെയും ഓൺലൈൻ ബുക്കിങ് സംവിധാനം ഇന്ന് മുതൽ പുതിയ സംവിധാനത്തിലേക്ക് മാറി. എല്ലാ സ്വിഫ്റ്റ് സർവീസുകളുടെയും ടിക്കറ്റുകൾ www.onlineksrtcswift.com എന്ന വെബ്സൈറ്റിലൂടെയും Ente Ksrtc Neo-oprs എന്ന മൊബൈൽ ആപ്പിലൂടെയും ഇനി മുതൽ യാത്രക്കാർക്ക് ലഭിക്കും.

ഇതിന് പുറമെ ആലപ്പുഴ-ചങ്ങനാശേരി റൂട്ടിൽ നിയന്ത്രണ വിധേയമാക്കിയിരുന്ന കെഎസ്ആർടിസി സർവീസുകൾ പുനരാരംഭിക്കുമെന്നും മാനേജ്മെന്‍റ് ഫേസ്ബുക്ക് കുറിപ്പിൽ അറിയിച്ചു. ആലപ്പുഴ-ചങ്ങനാശേരി റോഡില്‍ നിര്‍മാണ പ്രവർത്തനങ്ങൾ നടക്കുന്നത് മൂലം ഈ റൂട്ടിൽ നിർത്തി വച്ചിരുന്ന സർവീസുകളാണ് കെഎസ്ആർടിസി പുനരാരംഭിക്കുന്നത്. രാവിലെ 7.30, 8.00, 8.30, 9.00, 9.30, 10.00, 10.40, 12.00, ഉച്ചയ്ക്ക് ശേഷം 1.00, 2.00, 3.00, 3.30, 4.00, 4.30, 5.00, 5.30 , 6.20 എന്നിങ്ങനെയാണ് ആലപ്പുഴയിൽ നിന്ന് ചങ്ങനാശേരിയിലേയ്ക്കും അവിടെ നിന്ന് തിരിച്ചുമുള്ള സർവീസുകളുടെ സമയക്രമം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.