ETV Bharat / state

Fever death| സംസ്ഥാനത്ത് വീണ്ടും പനി മരണം; മരിച്ചത് തിരുവനന്തപുരം സ്വദേശി

author img

By

Published : Jul 1, 2023, 12:04 PM IST

കേരളത്തില്‍ പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. സംസ്ഥാനത്ത് ഇതുവരെ 71 പനി മരണം. വിവിധ വകുപ്പുകളെ സംയോജിപ്പിച്ച് പ്രതിരോധ പ്രവര്‍ത്തനം ശക്തിപ്പെടുത്താനൊരുങ്ങി സര്‍ക്കാര്‍.

Fever death in Kerala  Fever death  സംസ്ഥാനത്ത് വീണ്ടും പനി മരണം  മരിച്ചത് തിരുവനന്തപുരം സ്വദേശി  പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു  സര്‍ക്കാര്‍  തിരുവനന്തപുരം വാര്‍ത്തകള്‍  തിരുവനന്തപുരം ജില്ല വാര്‍ത്തകള്‍  തിരുവനന്തപുരം പുതിയ വാര്‍ത്തകള്‍  kerala news updates  latest news in kerala
മരിച്ച കിരണ്‍ ബാബു (26)

തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിച്ച് വീണ്ടും ഒരു മരണം കൂടി. തിരുവനന്തപുരം കല്ലറ സ്വദേശിയായ ആര്‍.ബി വില്ലയില്‍ കിരണ്‍ ബാബുവാണ് (26) മരിച്ചത്. പനി ബാധിച്ച് ഒരാഴ്‌ചയായി കിരണ്‍ ചികിത്സയിലായിരുന്നു. എന്നാല്‍ പനി മൂര്‍ച്ഛിച്ചതോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി ചികിത്സയില്‍ തുടരുന്നതിനിടെ ഇന്നലെ (ജൂണ്‍ 30) രാത്രിയോടെയായിരുന്നു മരണം.

സംസ്ഥാനത്ത് 36 പേരാണ് ഇതുവരെ ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. 71 പനി മരണങ്ങളാണ് സര്‍ക്കാറിന്‍റെ ഔദ്യോഗിക രേഖയിലുള്ളത്. എന്നാല്‍ ഈ കണക്ക് ശരിയല്ലെന്ന് വിമര്‍ശനമുയര്‍ന്നതിനെ ആരോഗ്യ മന്ത്രി തള്ളുകയും ചെയ്‌തു. ഔദ്യോഗികമായി പനി കണക്കുകള്‍ പുറത്ത് വിടുന്നത് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയവരുടെ എണ്ണം മാത്രമാണ്. സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടുന്നവരുടെ വിവരം സര്‍ക്കാറിന്‍റെ പക്കലില്ലെന്നും വിമര്‍ശനം.

ജൂണ്‍ മാസത്തില്‍ ചികിത്സ തേടിയവര്‍ 3 ലക്ഷത്തിന് അടുത്ത്: സംസ്ഥാനത്ത് ജൂണ്‍ മാസത്തില്‍ പനി ബാധിച്ച് ചികിത്സ തേടിയവരുടെ എണ്ണം മൂന്ന് ലക്ഷത്തിനടുത്താണ്. 2,93,424 പേരാണ് കഴിഞ്ഞ 30 ദിവസത്തിനിടെ ചികിത്സ തേടിയത്. കഴിഞ്ഞ 15 ദിവസത്തിലധികമായി പതിനായിരത്തിന് മുകളിലാണ് പനി ബാധിതരുടെ എണ്ണം.

അവധി ദിവസമായ ഞായറാഴ്‌ച മാത്രമാണ് ആശുപത്രികളിലെ ഒപിയില്‍ എത്തുന്നവരുടെ എണ്ണം കുറയുന്നത്. ഇന്നലെ 1965 പേരാണ് പനിക്ക് ചികിത്സ തേടിയത്. മഴക്കാല പൂര്‍വ്വ ശുചീകരണത്തിലടക്കമുള്ള പോരായ്‌മയാണ് പനി വ്യാപനം രൂക്ഷമാകാന്‍ കാരണമെന്ന് വിമര്‍ശനമുണ്ട്.

ജൂലൈ മാസത്തില്‍ പനി ബാധിതരുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടാകുമെന്നാണ് ആരോഗ്യ വകുപ്പിന്‍റെ മുന്നറിയിപ്പ്. പകര്‍ച്ചപ്പനിക്കൊപ്പം ഡെങ്കിപ്പനി, എലിപ്പനി എന്നിവയും വര്‍ധിക്കുകയാണ്. 96 ഡെങ്കിപ്പനി കേസുകളും 6 എലിപ്പനി കേസുകളുമാണ് ഇന്നലെ മാത്രം സ്ഥിരീകരിച്ചിട്ടുണ്ട്. ജൂണ്‍ മാസത്തില്‍ മാത്രം 1876 ഡെങ്കിപ്പനി കേസുകളും 166 എലിപ്പനി കേസുകളുമാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്. ഇന്ന് സര്‍ക്കാറിന്‍റെ ഔദ്യോഗിക രേഖകളില്‍ ഒരു പനി മരണം റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്.

വകുപ്പുകളെ സംയോജിപ്പിച്ചുള്ള പ്രതിരോധം: പകര്‍ച്ചപ്പനി പ്രതിരോധം വിവിധ വകുപ്പുകളെ സംയോജിപ്പിച്ച് നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. പ്രതിരോധ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ ജില്ല കലക്‌ടര്‍മാരുടെ യോഗം ചേര്‍ന്നിരുന്നു. ആരോഗ്യം, റവന്യൂ, പി.ഡബ്ല്യു.ഡി, പൊലീസ് തുടങ്ങി എല്ലാ വിഭാഗങ്ങളെയും ഉള്‍പ്പെടുത്തിയാകും പ്രവര്‍ത്തനം ശക്തിപ്പെടുത്തുക. തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ല കലക്‌ടര്‍മാര്‍ എംഎല്‍എമാരുടെ യോഗം വിളിക്കും.

എല്ലാ വാര്‍ഡുകളിലെയും ജാഗ്രത സമിതികള്‍ കൃത്യമായി പ്രവര്‍ത്തിക്കുവെന്ന് ഉറപ്പ് വരുത്താന്‍ തദ്ദേശ സ്ഥാപനങ്ങള്‍ നടപടി സ്വീകരിക്കണം. സ്വകാര്യ ആശുപത്രികളുടെ യോഗം കലക്‌ടര്‍മാര്‍ വിളിച്ചു ചേര്‍ക്കണം. ദുരിതാശ്വാസ ക്യാമ്പുകളില്‍ പനി ബാധിതര്‍ക്ക് പ്രത്യേക സ്ഥലം കണ്ടെത്തണം. തുടങ്ങിയവയാണ് അടിയന്തരമായി നടപ്പാക്കാന്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ഡെങ്കിപ്പനി പ്രതിരോധത്തില്‍ ഉറവിട നശീകരണത്തിന്‍റെ ഭാഗമായി അടുത്ത വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം. കൊതുക് നശീകരണത്തിനുള്ള ഫോഗിങ് ശാസ്ത്രീയമായി നടത്തണം. തദ്ദേശ സ്ഥാപന തലത്തില്‍ രണ്ടാഴ്‌ചയിലൊരിക്കല്‍ ഉദ്യോഗസ്ഥരുടെ യോഗം ചേരും.

എലിപ്പനി പടരുന്ന സാഹചര്യത്തില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍, ക്ഷീര കര്‍ഷകര്‍ എന്നിവര്‍ ജാഗ്രത പാലിക്കണം. മണ്ണിലോ മലിന ജലത്തിലോ ഇറങ്ങിയാല്‍ നിര്‍ബന്ധമായും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കേണ്ടതാണ്. കൈയ്യുറയും കാലുറയും ഇല്ലാതെ മണ്ണിലോ വെള്ളത്തിലോ ജോലിക്കിറങ്ങരുത്.

തദ്ദേശ സ്ഥാപനങ്ങള്‍ അതുറപ്പാക്കണം. ഇന്‍ഫ്ളുവന്‍സ പ്രതിരോധത്തിനായി കുട്ടികള്‍, പ്രായമായവര്‍, മറ്റ് രോഗമുള്ളവര്‍ മാസ്‌ക് ധരിക്കണം. ആശുപത്രികള്‍ മരുന്നിന്‍റെ ശേഖരം 30 ശതമാനത്തില്‍ കുറയും മുമ്പ് ബന്ധപ്പെട്ടവരെ അറിയിക്കണം. ആരോഗ്യ വകുപ്പ് കണ്ടെത്തിയ ഹോട്ട് സ്പോട്ടുകളില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും സര്‍ക്കാര്‍ തലത്തില്‍ നിന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.