ETV Bharat / state

സംസ്ഥാനത്ത് ഒരു മാസത്തിനിടെ 20 കൊവിഡ് മരണങ്ങള്‍ ; ഇന്ന് 765 പുതിയ കേസുകള്‍, പ്രതിരോധത്തിനായി സര്‍ജ് പ്ലാന്‍ തയ്യാറാക്കി ജില്ലകള്‍

author img

By

Published : Mar 30, 2023, 8:59 PM IST

covid updates in kerala  സംസ്ഥാനത്ത് ഇന്ന് 765 പുതിയ കൊവിഡ് കേസുകള്‍  സര്‍ജ് പ്ലാന്‍ തയ്യാറാക്കി ജില്ലകള്‍  സര്‍ജ് പ്ലാന്‍  ആശുപത്രികളില്‍ മാസ്‌ക് നിര്‍ബന്ധം  മാസ്‌ക് നിര്‍ബന്ധം  ആരോഗ്യ മന്ത്രി വീണ ജോര്‍ജ്  മന്ത്രി വീണ ജോര്‍ജ്
സംസ്ഥാനത്ത് ഇന്ന് 765 പുതിയ കൊവിഡ് കേസുകള്‍

കേരളത്തില്‍ കൊവിഡ് വ്യാപനത്തില്‍ നേരിയ വര്‍ധന. ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. ആശുപത്രികളില്‍ മാസ്‌ക് നിര്‍ബന്ധം.

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ നേരിയ വര്‍ധന.765 പുതിയ കൊവിഡ് കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്‌തത്. ഇതോടെ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 4000 കടന്നു. ദിനംപ്രതി കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്.

ബുധനാഴ്‌ച സംസ്ഥാനത്ത് 686 പേര്‍ക്കായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്. എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് കൊവിഡ് ബാധിതരുടെ എണ്ണം കൂടുതല്‍. ഈ ജില്ലകളില്‍ അതീവ ജാഗ്രത വേണമെന്നാണ് ആരോഗ്യ വകുപ്പിന്‍റെ നിര്‍ദേശം.

നിര്‍ദേശവുമായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് : സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ മുഴുവന്‍ ജില്ലകള്‍ക്കും ആരോഗ്യ മന്ത്രി നിര്‍ദേശം നല്‍കി. കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ അതിനെ നേരിടുന്നതിനായി എല്ലാ ജില്ലകളും സര്‍ജ് പ്ലാനുകള്‍ തയ്യാറാക്കിയിട്ടുണ്ട്.

സര്‍ജ് പ്ലാന്‍ അനുസരിച്ച് ചികിത്സ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കണം. രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ചികിത്സയ്ക്കും വിശദമായ മാര്‍ഗ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആര്‍സിസി, എംസിസി, ശ്രീചിത്ര, സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ കൊവിഡ് രോഗികള്‍ക്കായി പ്രത്യേകമായി കിടക്കകള്‍ മാറ്റിവയ്ക്കണം. സംസ്ഥാനത്ത് സജ്ജമായ ഐസൊലേഷന്‍ വാര്‍ഡുകളില്‍ കൊവിഡ് രോഗികളെ പ്രവേശിപ്പിച്ച് ചികിത്സ നല്‍കേണ്ടതാണ്. പൂര്‍ത്തിയാക്കാനുള്ള ഐസൊലേഷന്‍ വാര്‍ഡുകള്‍ എത്രയും വേഗം പ്രവര്‍ത്തന സജ്ജമാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സ്വകാര്യ മേഖലയിലെ ആശുപത്രികള്‍ മുമ്പത്തെ പോലെ കൃത്യമായി കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യണം. ആവശ്യകത മുന്നില്‍ കണ്ട് പരിശോധന കിറ്റുകള്‍, സുരക്ഷ സാമഗ്രികള്‍ എന്നിവ സജ്ജമാക്കാന്‍ കെഎംഎസ്‌സിഎല്ലിന് നിര്‍ദേശം നല്‍കി. പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളുള്ളവരും, ഗര്‍ഭിണികളും, പ്രായമായവരും, കുട്ടികളും പ്രത്യേകം ശ്രദ്ധിക്കണം.

60 വയസിന് മുകളിലുള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കണം : ഒരു മാസത്തിനിടെ 20 കൊവിഡ് മരണങ്ങള്‍ ഉണ്ടായിട്ടുള്ളതില്‍ 60 വയസിന് മുകളില്‍ പ്രായമുള്ളവരാണ് അധികവും. ഐസിയുവില്‍ ചികിത്സയിലുള്ളവരിലധികവും പ്രായമുള്ളവരാണ്. അവരില്‍ പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളുള്ളവരാണ് അധികവും. അതിനാല്‍ ഈ വിഭാഗത്തിലുള്ളവര്‍ മാസ്‌ക് കൃത്യമായി ധരിക്കണം. ഇവര്‍ക്ക് കൊവിഡ് രോഗ ലക്ഷണങ്ങളുണ്ടെങ്കില്‍ പരിശോധന നടത്തണം.

ആശുപത്രികളിലും കടുത്ത ജാഗ്രത വേണം : സംസ്ഥാനത്തെ മുഴുവന്‍ ആശുപത്രികളിലും മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ സുരക്ഷ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. ജനിതക പരിശോധനയ്ക്ക് അയച്ചതില്‍ കൂടുതലും ഒമിക്രോണ്‍ വകഭേദമാണ് സംസ്ഥാനത്തെന്നാണ് കണ്ടെത്തിയിട്ടുള്ളത്.

അതി തീവ്രവ്യാപനമാണ് ഒമിക്രോണ്‍ വകഭേദം മൂലമുണ്ടാവുക. അതിനാല്‍ ജനിതക പരിശോധന വര്‍ധിപ്പിക്കും. കൊവിഡ് മൂലമുള്ള മരണം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കാലതാമസം പാടില്ലെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ ഇന്ന് ആരോഗ്യ മന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് പ്രതിരോധത്തിന് സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് നിര്‍ദേശങ്ങള്‍ നല്‍കിയത്. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ആരോഗ്യ വകുപ്പ് ഡയറക്‌ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടര്‍, അഡിഷണല്‍ ഡയറക്‌ടര്‍മാര്‍, ഡെപ്യൂട്ടി ഡയറക്‌ടര്‍മാര്‍, സ്റ്റേറ്റ് മെഡിക്കല്‍ ബോര്‍ഡ് അംഗങ്ങള്‍, ജില്ല മെഡിക്കല്‍ ഓഫിസര്‍മാര്‍, ജില്ല പ്രോഗ്രാം മാനേജര്‍മാര്‍, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍മാര്‍, സൂപ്രണ്ടുമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.