ETV Bharat / state

ശബരിമലയിൽ ദർശന സമയം നീട്ടി; തീരുമാനം ഭക്തരുടെ അഭ്യർഥന മാനിച്ചെന്ന് ദേവസ്വം ബോർഡ്

author img

By ETV Bharat Kerala Team

Published : Dec 10, 2023, 7:58 PM IST

Darshan time extended at Sabarimala temple  Sabarimala temple  Darshan time  Darshan time at Sabarimala temple  ശബരിമല  ദർശനസമയം  ശബരിമലയിൽ ദർശനസമയം നീട്ടി  ദേവസ്വം ബോർഡ്  Travancore Devaswom Board  ദർശന സൗകര്യം ഒരുക്കി  Darshan facility is provided at Sabarimala
Sabarimala temple

Darshan time at Sabarimala temple: ദർശനത്തിനായി എത്തിക്കൊണ്ടിരിക്കുന്ന അയ്യപ്പ ഭക്തരുടെ ക്രമാതീതമായ തിരക്ക് കണക്കിലെടുത്താണ് ദർശനസമയം വർധിപ്പിക്കാൻ ദേവസ്വം ബോർഡ് തീരുമാനിച്ചത്.

പത്തനംതിട്ട : ശബരിമലയിൽ ദർശന സമയം നീട്ടി. ഉച്ചയ്‌ക്ക്‌ ശേഷം ഒരു മണിക്കൂർ കൂടി നീട്ടിയാണ് ദർശന സമയം കൂട്ടിയത്. പുലർച്ചെ 3 മണിക്ക് തുറക്കുന്ന ക്ഷേത്ര നട ഉച്ചക്ക് 1 മണിക്ക് അടയ്ക്കും. വൈകുന്നേരം 3 മണിക്ക് തുറക്കുന്ന നട ഹരിവരാസനം പാടി രാത്രി 11 മണിക്ക് അടയ്ക്കും (Darshan time extended at Sabarimala temple). ദേവസ്വം ബോർഡ് തീരുമാനം അയ്യപ്പ ഭക്തരുടെ അഭ്യർഥന മാനിച്ചെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് (Travancore Devaswom Board) പ്രസിഡൻ്റ് പിഎസ് പ്രശാന്ത്‌ പറഞ്ഞു.

ശബരിമല ക്ഷേത്രനട ഇന്ന് വൈകുന്നേരം 3 മണി മുതൽ തുറന്നാണ് ദർശന സമയം ദിവസവും ഒരു മണിക്കൂർ വീതം വർധിപ്പിച്ചത്. ശബരീശ ദർശനത്തിനായി എത്തിക്കൊണ്ടിരിക്കുന്ന അയ്യപ്പഭക്തരുടെ ക്രമാതീതമായ തിരക്ക് കണക്കിലെടുത്താണ് ദർശനസമയം വർധിപ്പിക്കാൻ ദേവസ്വം ബോർഡ് തീരുമാനിച്ചത്. ശബരിമലയിലെത്തുന്ന മുഴുവൻ അയ്യപ്പ ഭക്തർക്കും ദർശന സൗകര്യം ഒരുക്കി കൊടുക്കണമെന്നതാണ് ദേവസ്വം ബോർഡിൻ്റെയും സർക്കാരിൻ്റെയും നിലപാട്.

ദർശന സമയം വർധിപ്പിക്കണമെന്ന അയ്യപ്പ ഭക്തരുടെ ആവശ്യം ദേവസ്വം ബോർഡ് രേഖാമൂലം ക്ഷേത്ര തന്ത്രി കണ്‌ഠരര് മഹേഷ് മോഹനരെ അറിയിച്ചു. ദർശന സമയം വർധിപ്പിക്കുന്ന കാര്യം ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണനും തന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ദേവസ്വം ബോർഡിൻ്റെയും സർക്കാരിൻ്റെയും ദേവസ്വം മന്ത്രിയുടെയും കോടതിയുടെയും ആവശ്യം കണക്കിലെടുത്ത് ദർശനസമയം വർധിപ്പിക്കാൻ തന്ത്രി തീരുമാനമെടുക്കുകയായിരുന്നു. തുടർന്ന് ഇന്ന് മുതൽ വൈകുന്നേരം 3 മണി മുതൽ ക്ഷേത്ര നട തുറക്കാമെന്ന് തന്ത്രി അറിയിച്ചു.

തീരുമാനത്തിനു പിന്നാലെ 3 മണിക്ക് മേൽശാന്തി പിഎൻ മഹേഷ് നമ്പൂതിരി ക്ഷേത്രനട തുറന്ന് ഭക്തർക്ക് ദർശനത്തിനായുള്ള സൗകര്യം ഒരുക്കി നൽകുകയായിരുന്നു. ഒരു മണിക്കൂർ ദർശനസമയം വർധിപ്പിച്ചതോടെ ദിവസവും 18 മണിക്കൂർ ഭക്തർക്ക് ദർശനത്തിനായി ലഭിക്കും. ഭക്തരുടെ അഭ്യർഥനയും ദേവസ്വം ബോർഡിൻ്റെ ആവശ്യവും പരിഗണിച്ച് സാഹചര്യത്തിനൊത്ത് തീരുമാനം കൈകൊണ്ട് ദർശനസമയം വർധിപ്പിച്ചു നൽകിയ ക്ഷേത്രതന്ത്രി കണ്‌ഠരര് മഹേഷ് മോഹനർക്ക് ദേവസ്വം ബോർഡ് പ്രസിഡൻ്റ് നന്ദി അറിയിച്ചു.

ഭക്തർക്കു വേണ്ടി ദേവസ്വം ബോർഡിനൊപ്പം നിന്ന മേൽശാന്തിമാർക്കും മറ്റ് ശാന്തിക്കാർക്കും ദേവസ്വം ബോർഡ് നന്ദി രേഖപ്പെടുത്തി. ദിവസവും രാത്രി 11 മണിക്ക് ഹരിവരാസനം പാടി ക്ഷേത്രനട അടയ്ക്കും.

ശബരിമലയില്‍ തിരക്ക് വര്‍ധിച്ചതോടെ തീര്‍ഥാടനം സുഗമമാക്കാന്‍ തിരുപ്പതി ദര്‍ശനത്തിന് സമാനമായ ഡൈനാമിക് ക്യൂ സംവിധാനം ഏര്‍പ്പെടുത്തി. ക്യൂ കോംപ്ലക്‌സില്‍ നിന്നും യാത്ര തുടരാനാകുന്ന ഏകദേശ സമയം പ്രദര്‍ശിപ്പിക്കുന്ന പുത്തന്‍ സംവിധാനവും ക്രമീകരിച്ചിട്ടുണ്ട്. സന്നിധാനത്തേക്ക് ഭക്തര്‍ കൂട്ടമായി എത്തുന്നതാണ് തിരക്ക് നിയന്ത്രണ വിധേയമാക്കാന്‍ കഴിയാത്തതിന്‌ കാരണം. സന്നിധാനത്ത് എത്തുന്ന ഭക്തര്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതിനും തീര്‍ഥാടകര്‍ പാലിക്കേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോ എന്നത്‌ ഉറപ്പുവരുത്തുന്നതിനുമായി പൊലീസ് ഉദ്യോഗസ്ഥരുടെ മൂന്നാം ബാച്ച് ചുമതലയേറ്റു.

ALSO READ: ശബരിമലയിലേക്ക് ഭക്തജന പ്രവാഹം; വെർച്വൽ ക്യൂ ബുക്കിങ് പരിധി കുറച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.