ETV Bharat / state

ട്രെയിനിലെ തീവയ്‌പ്പ്: കൂടുതൽ വിവരങ്ങൾ പറയാനാകില്ലെന്ന് എഡിജിപി എംആർ അജിത് കുമാർ

author img

By

Published : Apr 4, 2023, 4:28 PM IST

എഡിജിപി അജിത് കുമാർ ആണ് ട്രെയിനിൽ തീവയ്പ്പ് കേസ് അന്വേഷിക്കുന്ന 18 അംഗ സംഘത്തിന് നേതൃത്വം നൽകുന്നത്.

ട്രെയിനിലെ തീവയ്‌പ്പ്  എഡിജിപി എം ആർ അജിത് കുമാർ  ADGP MR Ajith Kumar  എലത്തൂർ തീവണ്ടി തീവയ്‌പ്പ്  CALICUT TRAIN FIRE CASE  Elathoor train fire incident  ആര്‍പിഎഫ്  എന്‍ഐഎ  പൊലീസ്
എഡിജിപി എം ആർ അജിത് കുമാർ

ട്രെയിനിലെ തീവയ്‌പ്പിൽ അന്വേഷം പ്രാഥമിക ഘട്ടത്തിൽ

കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവയ്‌പ്പ് കേസിൽ കസ്റ്റഡി ഉൾപ്പെടെയുള്ള കാര്യങ്ങളെ കുറിച്ച് ഇപ്പോൾ പറയാനാവില്ലെന്ന് എഡിജിപി എംആർ അജിത് കുമാർ. മാധ്യമ വാർത്തകളിലും പ്രതികരിക്കാനില്ല. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്. പ്രത്യേക അന്വേഷണ സംഘം യോഗം ചേർന്ന് അന്വേഷണ പുരോഗതി വിലയിരുത്തിയെന്നും അദ്ദേഹം വ്യക്‌തമാക്കി.

അന്വേഷണം നടക്കുന്നതിന് അനുസരി‍ച്ച് മാത്രമേ കൂടുതൽ വിവരങ്ങൾ നൽകാൻ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്‌തമാക്കി. കൂടുതൽ വിവരങ്ങൾ അന്വേഷണ ശേഷം പറയാം. ഡിപ്പാർട്ട്മെന്‍റ് അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ടെന്നും പരമാവധി വിവരങ്ങൾ ശേഖരിച്ച് വരികയാണെന്നും എഡിജിപി പറഞ്ഞു.

ട്രെയിനിൽ തീവയ്പ്പ് കേസ് അന്വേഷിക്കുന്ന 18 അം​ഗ സംഘത്തിന് എഡിജിപി അജിത് കുമാർ ആണ് നേതൃത്വം നൽകുന്നത്. മലപ്പുറം ക്രൈം ബ്രാഞ്ച് എസ്‌പി വിക്രമനാണ് അന്വേഷണ ഉദ്യോ​ഗസ്ഥൻ. ഇത് കൂടാതെ ക്രൈം ബ്രാഞ്ച്, ലോക്കൽ പൊലീസ്, ആന്‍റി ടെററിസ്റ്റ് സ്ക്വാഡ് എന്നിവയിൽ നിന്നും അന്വേഷണ മികവുള്ള ഉദ്യോ​ഗസ്ഥരെയാണ് അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഡിവൈഎസ്‌പി ബൈജു പൗലോസ്, കോഴിക്കോട് ടൗൺ അസിസ്റ്റന്‍റ് കമ്മിഷണർ ബിജുരാജ്, താനൂർ ഡിവൈഎസ്‌പി ബെന്നി എന്നിവരാണ് സംഘത്തിലുള്ളത്. ഇത് കൂടാതെ റെയിൽവേ ഇൻസ്പെക്‌ടർമാർ, ലോക്കൽ സബ് ഇൻസ്പെക്‌ടർമാർ എന്നിവരെയെല്ലാം ഈ ടീമിൽ‌ ഉൾപ്പെടുത്തിയിട്ടുണ്ട്.

നേരത്തെ എന്‍ഐഎ ഉദ്യോഗസ്ഥര്‍ കണ്ണൂരിലെത്തി ആക്രമണം ഉണ്ടായ ട്രെയിന്‍ കംപാര്‍ട്ട്മെന്‍റുകളില്‍ പരിശോധന നടത്തിയിരുന്നു. ഇന്ന് രാവിലെ ആര്‍പിഎഫ് ഐജി ടിഎം ഈശ്വരറാവുവിന്‍റെ നേതൃത്വത്തിലുള്ള സംഘവും ബോഗികള്‍ പരിശോധിച്ചിരുന്നു. അക്രമങ്ങൾ തടയാൻ ട്രെയിനുകളിൽ സുരക്ഷ വർധിപ്പിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കിയിരുന്നു.

ആക്രമണം ആസൂത്രിതമോ? ഞായറാഴ്‌ച രാത്രിയാണ് ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് ട്രെയിനിലെ യാത്രക്കാരുടെ ശരീരത്തിലേക്ക് അജ്ഞാതന്‍ പെട്രോൾ തളിച്ചശേഷം തീക്കൊളുത്തിയത്. സംഭവത്തിൽ 9 പേർക്ക് പരിക്കേറ്റു. ട്രെയിനിൽ തീ പടർന്നതോടെ യാത്രക്കാരിൽ ഒരാൾ അപായച്ചങ്ങല വലിച്ച് ട്രെയിൻ നിർത്തി. ഇതോടെ അക്രമി ട്രെയിനിൽ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.

ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് മൂന്ന് പേരുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ നിന്ന് കണ്ടെത്തിയത്. മട്ടന്നൂർ സ്വദേശി റഹ്‌മത്ത് (43), ഇവരുടെ അനുജത്തിയുടെ മകൾ സഹറ (2), നൗഫീഖ് (41) എന്നിവരാണ് മരിച്ചത്. ട്രെയിനിൽ തീ പടർന്നപ്പോൾ രക്ഷപ്പെടാനായി പുറത്തേക്ക് ചാടിയവരാകാം മരിച്ചതെന്നാണ് പ്രാഥമിക നിഗമനം.

പ്രതിക്കായി തെരച്ചിൽ ഊർജിതം: പിന്നാലെ യാത്രക്കാരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയുടെ രേഖാചിത്രം തയ്യാറാക്കി പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. അതേസമയം കേസിലെ പ്രതിയെന്ന് സംശയിക്കുന്നയാൾ ഉത്തർപ്രദേശിൽ ഇന്ന് പിടിയിലായതായും റിപ്പോർട്ടുകളുണ്ട്. യുപി എടിഎസിന്‍റെയും കേരള പൊലീസിന്‍റെയും സംയുക്ത അന്വേഷണത്തില്‍ ഇയാള്‍ ബുലന്ദ്ഷഹറില്‍ നിന്ന് അറസ്റ്റിലായതായാണ് വിവരം.

എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ അന്വേഷണസംഘം ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല. നോയിഡ സ്വദേശി ഷഹറൂഖ് സെയ്‌ഫിയാണ് ആക്രമണം നടത്തിയതെന്നാണ് പോലീസ് നേരത്തെ സൂചന നല്‍കിയിരുന്നത്. ഈ മാസം ഒന്നാം തീയതി മുതൽ ഇയാളുടെ ഫോൺ സ്വിച്ച്ഡ് ഓഫ് ആയിരുന്നുവെന്നും രാജ്യത്തിന്‍റെ പലയിടങ്ങളിലും ഇയാൾ യാത്ര ചെയ്‌തതായും പൊലീസിന് വിവരം ലഭിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.