ETV Bharat / state

കോട്ടയത്ത് വീണ്ടും പന്നിപ്പനി; 181 പന്നികളെ ദയാവധം നടത്തി, മുന്‍കരുതലുകള്‍ ശക്തമാക്കി

author img

By

Published : Nov 3, 2022, 8:00 PM IST

swine flue  swine flue in kottayam  swine flue updates  latest news in kottayam  latest news today  euthanasia in pigs  pig fever  latest news today  പന്നിപ്പനി  കോട്ടയത്ത് വീണ്ടും പന്നിപ്പനി  പന്നികളെ ദയാവധം നടത്തി  ആർപ്പൂക്കര  മുളക്കുളം  കോട്ടയം ഏറ്റവും പുതിയ വാര്‍ത്ത  കോട്ടയത്ത് പന്നിപ്പനി  ഇന്നത്തെ പ്രധാന വാര്‍ത്ത
കോട്ടയത്ത് വീണ്ടും പന്നിപ്പനി; 181 പന്നികളെ ദയാവധം നടത്തി സംസ്‌കരിച്ചു

കോട്ടയം ജില്ലയിലെ ആർപ്പൂക്കര, മുളക്കുളം പഞ്ചായത്തുകളിൽ പന്നിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജില്ല കലക്‌ടറുടെ ഉത്തരവ് പ്രകാരം 181 പന്നികളെ ദയാവധം നടത്തി സംസ്‌കരിച്ചു.

കോട്ടയം: കോട്ടയം ജില്ലയിലെ ആർപ്പൂക്കര, മുളക്കുളം പഞ്ചായത്തുകളിലെ രണ്ട് സ്വകാര്യ പന്നി ഫാമുകളില്‍ ആഫ്രിക്കൻ പന്നിപ്പനി ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഈ ഫാമുകളിലെ 181 പന്നികളെ ദയാവധം നടത്തി സംസ്‌കരിച്ചു. ജില്ലയിൽ മുൻകരുതൽ നടപടികൾ ശക്തമാക്കിയതായി ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്‌സണ്‍ കൂടിയായ ജില്ല കലക്‌ടർ ഡോ. പികെ ജയശ്രീ അറിയിച്ചു.

ആർപ്പൂക്കരയില്‍ 31 മുതിർന്ന പന്നികളെയും ആറ് മാസത്തിൽ താഴെയുള്ള 67 പന്നികളെയുമാണ് ദയാവധം നടത്തി സംസ്‌കരിച്ചത്. തുടർന്ന് ഫാമും പരിസരവും അണുവിമുക്തമാക്കി. മുക്കുളത്ത് 50 മുതിർന്ന പന്നികളെയും ആറ് മാസത്തിൽ താഴെയുള്ള 33 പന്നികളെയുമാണ് ദയാവധം നടത്തി സംസ്‌കരിച്ചത്.

ആർപ്പൂക്കരയിൽ ഒക്‌ടോബര്‍ 11നാണ് ആദ്യ കേസ് റിപ്പോർട്ട് ചെയ്‌തത്. ഇന്നലെയാണ് ബെംഗളൂരുവില്‍ നിന്ന് പന്നിപ്പനി സ്ഥിരീകരിച്ചുകൊണ്ടുള്ള പരിശോധന ഫലം പുറത്തുവന്നത്. മുളക്കുളത്തെ ഫാമിൽ ഒക്‌ടോബര്‍ 13നാണ് ആദ്യ കേസ് റിപ്പോർട്ട് ചെയ്‌തത്. മുക്കുളത്തെ പരിശോധന ഫലം ലഭിച്ചത് ഇന്നാണ്.

രോഗവ്യാപന ശേഷി തടയാനുള്ള മാനദണ്ഡങ്ങള്‍ ഇങ്ങനെ: രോഗം സ്ഥിരീകരിച്ച പന്നി ഫാമുകൾക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശം രോഗബാധിത പ്രദേശമായും പത്ത് കിലോമീറ്റർ ചുറ്റളവ് രോഗ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചിട്ടുണ്ട്. രോഗബാധിത പ്രദേശങ്ങളിൽ നിന്ന് പന്നി മാംസം വിതരണം, വിതരണം ചെയ്യുന്ന കടകളുടെ പ്രവർത്തനം എന്നിവ നിർത്തിവച്ച് ഉത്തരവായി. ഇവിടെനിന്ന് പന്നികൾ, പന്നി മാംസം, തീറ്റ എന്നിവ ജില്ലയിലെ മറ്റ് പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതും മറ്റിടങ്ങളിൽ നിന്ന് രോഗബാധിത മേഖലയിലേക്ക് കൊണ്ടുവരുന്നതും നിർത്തിവയ്ക്കാനും ഉത്തരവായി.

പന്നിപ്പനി സ്ഥിരീകരിച്ച പന്നി ഫാമിലെയും അതിന്‍റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ പന്നികളെയും മാനദണ്ഡങ്ങൾ പാലിച്ച് ഉന്മൂലനം ചെയ്‌ത് സംസ്‌കരിക്കാനുള്ള നടപടി സ്വീകരിക്കാൻ ജില്ലാ മൃഗസംരക്ഷണ ഓഫിസർക്ക് നിർദേശം നൽകിയിട്ടുണ്ട്. പന്നിപ്പനി രോഗം സ്ഥിരീകരിച്ച പന്നി ഫാമുകളിൽ നിന്നും മറ്റ് പന്നി ഫാമുകളിലേക്ക് കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ പന്നികളെ കൊണ്ടുപോയിട്ടുണ്ടോയെന്ന് അന്വേഷിക്കും.

രോഗം സ്ഥിരീകരിച്ച തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിൽ പൊലീസ്, മൃഗസംരക്ഷണ വകുപ്പ്, വില്ലേജ്, തദേശസ്ഥാപന സെക്രട്ടറിമാർ എന്നിവർ ചേർന്ന് ദ്രുതകർമസേന രൂപീകരിച്ചു. ജില്ലയിലെ മറ്റിടങ്ങളിൽ വൈറസ് കണ്ടെത്തുന്ന സാഹചര്യത്തിൽ ബന്ധപ്പെട്ട വെറ്ററിനറി ഓഫിസറെ അറിയിച്ച് വ്യാപനം തടയാൻ മൃഗസംരക്ഷണ ഓഫിസർമാർക്ക് നിർദേശം നൽകിയതായും ജില്ല കലക്‌ടർ വ്യക്തമാക്കി.

കോട്ടയം, ഏറ്റുമാനൂർ, വൈക്കം നഗരസഭകളും അയ്‌മനം, നീണ്ടൂർ, അതിരമ്പുഴ, തിരുവാർപ്പ്, കുമരകം, ഉഴവൂർ, കുറവിലങ്ങാട്, കാണക്കാരി, മറവൻതുരുത്ത്, തലയാഴം, മാഞ്ഞൂർ, കല്ലറ, വെച്ചൂർ, ചെമ്പ്, വെള്ളൂർ, ഞീഴൂർ, തലയോലപ്പറമ്പ്, കടുത്തുരുത്തി, ഉദയനാപുരം ഗ്രാമപഞ്ചായത്തുകളും നിരീക്ഷണ മേഖലയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

മൃഗസംരക്ഷണ വകുപ്പിന്‍റെ ടാസ്‌ക് ഫോഴ്‌സ് അംഗങ്ങളായ ഡോ. ഫിറോസ്, ഡോ. ജേക്കബ് മാത്യു, ഡോ. സജി തോപ്പിൽ, ഡോ. ബിനോയ് ജോസഫ്, ഡോ. ബിന്ദു രാജ്, ഡോ. ശരത് കൃഷ്‌ണൻ, ഡോ. സുനിൽ ബി, ഡോ. ബിനു ജോസിലിൻ, ഡോ. ജിംസി ജോസഫ്, ലൈവ് സ്റ്റോക് ഇൻസ്പെക്‌ടര്‍ രജനി എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകി. ജില്ല എപ്പിഡിമിയോളജിസ്റ്റ് ഡോ. രാഹുൽ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.