ETV Bharat / state

കാസര്‍കോട് കനത്ത മഴ ; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

author img

By

Published : Jul 4, 2023, 6:06 PM IST

ചൊവ്വാഴ്‌ച ഉച്ചയ്ക്ക്‌ നൽകിയ മുന്നറിയിപ്പ് പ്രകാരം അതിതീവ്ര മഴയ്ക്കുള്ള റെഡ് അലർട്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയ്ക്ക് നൽകിയിട്ടുണ്ട്

school holidays  kasargode  rain  kasargode rain  rain updations  weather  weather updations  kasargode rain news  കാസര്‍കോട്  അതിശക്തമായ മഴ  മഴ  വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  റെഡ് അലർട്ട്  കേന്ദ്ര കാലാവസ്ഥ വകുപ്പ്  കാസർകോട്  വെള്ളക്കെട്ടുകള്‍
കാസര്‍കോട് അതിശക്തമായ മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കാസർകോട് : ജില്ലയിലെ മിക്ക പ്രദേശങ്ങളിലും അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്‌ച(5.07.2023) അവധി പ്രഖ്യാപിച്ചു. ചൊവ്വാഴ്‌ച ഉച്ചയ്ക്ക്‌ നൽകിയ മുന്നറിയിപ്പ് പ്രകാരം അതിതീവ്ര മഴയ്ക്കുള്ള റെഡ് അലർട്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയ്ക്ക് നൽകിയിട്ടുണ്ട്. നാളെയും അതിശക്തമായ മഴ തുടരുമെന്നാണ് സൂചന.

ഈ സാഹചര്യത്തിൽ മുൻകരുതൽ എന്ന നിലയിൽ ജില്ലയിലെ സ്‌റ്റേറ്റ് , സിബിഎസ്ഇ, ഐസിഎസ്‌സി സ്‌കൂളുകൾ കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും കൂടി ജില്ല കലക്‌ടര്‍ കെ. ഇമ്പശേഖര്‍ അവധി പ്രഖ്യാപിച്ചു. അവധി മൂലം നഷ്‌ടപ്പെടുന്ന പഠനസമയം ക്രമീകരിക്കാൻ വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കേണ്ടതാണെന്നും അറിയിച്ചു. കോളജുകൾക്ക് നാളത്തെ അവധി ബാധകമല്ല.

കാസര്‍കോട് ജില്ലയില്‍ വെള്ളക്കെട്ടുകള്‍ രൂക്ഷം : അതേസമയം, ജില്ലയില്‍ ദേശീയപാത നിർമാണം പുരോഗമിക്കുന്ന ഇടങ്ങളിൽ പലയിടത്തും ശക്തമായ മഴയിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. ഇതോടെ വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും കടന്നുപോകാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. പ്രതിസന്ധി പരിഹരിക്കുവാൻ ജില്ല കലക്‌ടര്‍ അടിയന്തര നിർദേശം നൽകിയിട്ടുണ്ട്.

ദേശീയപാത വഴിയുള്ള ഇരുചക്ര വാഹന യാത്ര പരമാവധി ഒഴിവാക്കേണ്ടതാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. തുടര്‍ച്ചയായ ദിവസങ്ങളില്‍ ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഉരുൾപൊട്ടൽ ഭീഷണിയുള്ള മലയോരമേഖലയിലെ റോഡുകളിലൂടെ രാത്രി ഏഴ് മണി മുതൽ രാവിലെ ഏഴ് മണി വരെ അടിയന്തര യാത്രകൾ അല്ലാത്തവ ഒഴിവാക്കേണ്ടതാണെന്ന് ജില്ല കലക്‌ടര്‍ അറിയിച്ചു.

ജില്ലയിൽ കൺട്രോൾ റൂമുകളും തുറന്നിട്ടുണ്ട്. മറ്റ് അനിഷ്‌ട സംഭവങ്ങൾ ഒന്നും റിപ്പോർട്ട്‌ ചെയ്‌തിട്ടില്ല. തീരദേശമേഖലയിൽ കടലേറ്റവും രൂക്ഷമാണ്.

മരം കടപുഴകി വീണ് വിദ്യാര്‍ഥി മരിച്ചു: കഴിഞ്ഞ ദിവസം, കാസര്‍കോട് പുത്തിഗെയിൽ സ്‌കൂള്‍ വളപ്പിലെ മരം കടപുഴകി വീണ് വിദ്യാർഥിനി മരിച്ചിരുന്നു. അംഗഡിമൊഗർ ജി എച്ച് എസ് എസ് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനി ആയിഷത്ത് മിൻഹയാണ് (11) മരിച്ചത്. അംഗഡിമൊഗറിലെ ബി എം യൂസഫ് - ഫാത്തിമ സൈനബ ദമ്പതികളുടെ മകളാണ് ആയിഷത്ത്.

സ്‌കൂള്‍ വിട്ടശേഷം കുട്ടി വീട്ടിലേക്ക് മടങ്ങവെയാണ് അപകടം സംഭവിച്ചത്. കനത്ത മഴയിൽ, സ്‌കൂള്‍ ഗ്രൗണ്ടിനോട് ചേർന്നുനിന്നിരുന്ന മരം കടപുഴകി വീണ് കുട്ടിയുടെ മേല്‍ പതിക്കുകയായിരുന്നു. ഉടൻ തന്നെ കുട്ടിയെ കുമ്പളയിലെ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അന്വേഷണത്തിന് ഉത്തരവിട്ടു. അഞ്ച് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്‌ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആയിഷത്ത് മിൻഹയുടെ മരണത്തിൽ മന്ത്രി അതീവ ദുഃഖം രേഖപ്പെടുത്തുകയും ചെയ്‌തു.

കേസെടുത്ത് ബാലാവകാശ കമ്മിഷന്‍: സ്‌കൂളുകളുടെ സമീപത്ത് അപകടകരമായ തരത്തിൽ മരങ്ങൾ ഉണ്ടെങ്കിൽ അവ വെട്ടിമാറ്റണമെന്ന് നേരത്തെ തന്നെ നിർദേശം നൽകിയിരുന്നുവെന്നും സ്‌കൂളുകൾ ഈ നിർദേശം കർശനമായി പാലിക്കണമെന്നും മന്ത്രി അറിയിച്ചു. നിർദേശം നൽകിയിട്ടും ഇത്തരമൊരു സംഭവം ഉണ്ടായത് എങ്ങനെയെന്ന് അന്വേഷിക്കണമെന്ന് മന്ത്രി ഉത്തരവില്‍ നിര്‍ദേശിച്ചു.

മാത്രമല്ല, അപകടത്തിൽ രിഫാന എന്ന കുട്ടിക്ക് തലയ്‌ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. സംഭവത്തില്‍ ബാലാവകാശ കമ്മിഷന്‍ കേസെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.