ETV Bharat / state

എസ്‌എസ്എ‌ല്‍സി ഹാള്‍ ടിക്കറ്റ് മറന്ന് വച്ചു; വിദ്യാര്‍ഥികള്‍ക്ക് കൈത്താങ്ങായി കേരള പൊലീസ്

author img

By

Published : Mar 18, 2023, 5:12 PM IST

Updated : Mar 18, 2023, 7:42 PM IST

മറന്ന് വച്ച എസ്‌എസ്‌എല്‍സി വിദ്യാര്‍ഥികളുടെ ഹാള്‍ ടിക്കറ്റുമായി 12 കിലോമീറ്റര്‍ താണ്ടി പൊലീസ് ഉദ്യോഗസ്ഥന്‍. യാത്രക്കിടെ കയറിയ കാസര്‍കോട്ടെ ഹോട്ടലിലാണ് ബാഗ് മറന്ന് വച്ചത്. ആശങ്കയിലിരുന്ന വിദ്യാര്‍ഥികള്‍ക്ക് കൈതാങ്ങായി കേരള പൊലീസ്.

Kerala Police  കേരള പൊലീസ്  വിദ്യാര്‍ഥികള്‍ക്ക് കൈതാങ്ങായി കേരള പൊലീസ്  എസ്‌എസ്‌എല്‍സി  എസ്‌എസ്‌എല്‍സി ഹാള്‍ ടിക്കറ്റ്  Hall ticket  വിദ്യാര്‍ഥികള്‍ക്ക് കൈതാങ്ങായി കേരള പൊലീസ്  കേരള പൊലീസ്  കണ്ണൂര്‍ വാര്‍ത്തകള്‍  kerala news updates  latest news in kerala  news live kerala
വിദ്യാര്‍ഥികള്‍ക്ക് കൈതാങ്ങായി കേരള പൊലീസ്

കണ്ണൂര്‍: എസ്‌എസ്‌എല്‍സി വിദ്യാര്‍ഥികള്‍ ഹോട്ടലില്‍ മറന്ന് വച്ച ഹാള്‍ ടിക്കറ്റുമായി പൊലീസ് ഉദ്യോഗസ്ഥര്‍ ബൈക്കില്‍ താണ്ടിയത് 12 കിലോമീറ്റര്‍.കേരള പൊലീസിന്‍റെ കൈത്താങ്ങില്‍ പരീക്ഷ എഴുതിയത് പഴയങ്ങാടി മാട്ടൂൽ ഇർഫാനിയ ജൂനിയർ അറബിക് കോളജിലെ അഞ്ച് വിദ്യാര്‍ഥികള്‍. വിദ്യാര്‍ഥികളായ മുഹമ്മദ് സഹൽ, കെ.കെ അൻഷാദ്, എം.അനസ്, ഒ.പി ഷഹബാസ്, എം.പി നിഹാൽ എന്നിവരാണ് ഹോട്ടലില്‍ ഹാള്‍ ടിക്കറ്റ് മറന്ന് വച്ച് പോയത്. സ്‌ട്രൈക്കർ ഫോഴ്‌സിലെ സിവിൽ പൊലീസ് ഓഫിസർമാരായ അരുൺ, മുകേഷ് എന്നിവരാണ് ഹാള്‍ ടിക്കറ്റുമായി സ്‌കൂളിലേക്ക് പറന്നെത്തിയത്.

ചട്ടഞ്ചാൽ മലബാർ ഇസ്‍ലാമിക് സ്‌കൂളില്‍ എസ്‌എസ്‌എല്‍സി രസതന്ത്രം പരീക്ഷ എഴുതാനെത്തിയതായിരുന്നു വിദ്യാര്‍ഥികള്‍. മാവേലി എക്‌സ്‌പ്രസിന് കാസര്‍കോട് വന്നിറങ്ങി പുതിയ ബസ് സ്റ്റാന്‍റിലെത്തിയ വിദ്യാര്‍ഥികള്‍ ചായ കുടിയ്‌ക്കാനായി ഹോട്ടലില്‍ കയറി. ചായ കുടിക്കുന്നതിനിടെ ചട്ടഞ്ചാൽ ഭാഗത്തേക്കുള്ള ബസ് വരികയും തിരക്ക് പിടിച്ച് അതിലേക്ക് ഓടി കയറുകയുമായിരുന്നു.

ബസ് 12 കിലോമീറ്റര്‍ പിന്നിട്ട് ചട്ടഞ്ചാലില്‍ ഇറങ്ങിയപ്പോഴാണ് ബാഗ് എടുത്തില്ലെന്ന് മനസിലായത്. 9.30നാണ് രസതന്ത്രം പരീക്ഷ ആരംഭിക്കുക. വിദ്യാര്‍ഥികള്‍ സ്‌കൂളിലെത്തിയപ്പോള്‍ ഒന്‍പത് മണി കഴിഞ്ഞിരുന്നു. തിരിച്ച് പോകുന്നത് വിദ്യാര്‍ഥികളെ സംബന്ധിച്ചിടത്തോളം അസാധ്യമായിരുന്നു. ഹാള്‍ ടിക്കറ്റില്ലാതെ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയെഴുതാനും കഴിയില്ല. ഇതോടെ ആശങ്കയിലായി വിദ്യാര്‍ഥികള്‍.

പ്രതീക്ഷയോടെ പൊലീസ് സ്റ്റേഷനിലേക്ക്: ഹാള്‍ ടിക്കറ്റ് പാതി വഴിയില്‍ മറന്ന് വച്ച വിദ്യാര്‍ഥികള്‍ക്ക് എന്ത് ചെയ്യണമെന്ന് അറിയാതെ കുഴഞ്ഞിരിക്കുമ്പോഴാണ് പൊലീസിന്‍റെ സഹായം തേടാമെന്ന ചിന്ത വന്നത്. മറിച്ചൊന്നും ചിന്തിക്കാതെ അഞ്ച് പേരും കൂടി മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷനിലേക്ക് ഓടി കിതച്ചെത്തി കാര്യം പറഞ്ഞു. കൂട്ടത്തില്‍ പലരും പൊലീസ് സ്റ്റേഷനിലേക്ക് കാലെടുത്ത് വയ്ക്കുന്നത് തന്നെ ഇതാദ്യമായാണ്.

കൈവിടാതെ പൊലീസ്: വിദ്യാര്‍ഥികളുടെ കാര്യങ്ങള്‍ വിശദമായി തിരക്കിയതിന് ശേഷം സീനിയർ സിവിൽ പൊലീസ് ഓഫിസർ പ്രദീപൻ, സി.പി.ഒ ശ്രീജിത്ത് എന്നിവർ കൺട്രോൾ റൂമിലേക്ക് വിവരം നല്‍കുകയും അവിടെ നിന്ന് സ്‌ട്രൈക്കർ ഫോഴ്‌സിലെ ഓഫിസർ പി.വി നാരായണന് വിവരം കൈമാറുകയും ചെയ്‌തു. വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് വിദ്യാര്‍ഥികള്‍ ചായ കുടിക്കാനെത്തിയ ഹോട്ടലിലെത്തി ബാഗ് വാങ്ങിച്ച് സ്ട്രൈക്കര്‍ ഫോഴ്‌സിലെ ഉദ്യോഗസ്ഥര്‍ ചട്ടഞ്ചലിലേക്ക് ബുള്ളറ്റില്‍ ചീറിപാഞ്ഞെത്തുകയായിരുന്നു.

പൊലീസ് സ്റ്റേഷനില്‍ വച്ച് ഹാള്‍ ടിക്കറ്റ് വിദ്യാര്‍ഥികള്‍ക്ക് കൈമാറി.തുടര്‍ന്ന് മേല്‍പറമ്പ് പൊലീസ് സ്റ്റേഷനില്‍ നിന്ന് വിദ്യാര്‍ഥികളെ പൊലീസ് വാഹനത്തില്‍ സ്‌കൂളിലെത്തിച്ചു.

മനം നിറഞ്ഞ് പരീക്ഷ ഹാളിലേക്ക്: പൊലീസിന്‍റെ സഹായം ലഭിച്ചതോടെ ആശങ്കയ്‌ക്ക് പകരം മനസ് നിറയെ സന്തോഷത്തോടെ വിദ്യാര്‍ഥികള്‍ പരീക്ഷ ഹാളിലേക്ക് പ്രവേശിച്ചു. പരീക്ഷ എഴുതി പുറത്തിറങ്ങിയ വിദ്യാര്‍ഥികള്‍ വീണ്ടും മേല്‍പറമ്പ് പൊലീസ് സ്റ്റേഷനിലേക്ക് തിരിച്ചു. കേരള പൊലീസിന്‍റെ സമയോചിതമായ ഇടപെടലിന് നന്ദി പറഞ്ഞ് ഉദ്യോഗസ്ഥര്‍ക്ക് മധുരവും നല്‍കിയാണ് വിദ്യാര്‍ഥികള്‍ പഴയങ്ങാടിയിലേക്ക് തിരികെ മടങ്ങിയത്.

also read: പരീക്ഷ സമ്മര്‍ദം കുറയ്ക്കാൻ മധുരം നല്‍കി പൂര്‍വ വിദ്യാര്‍ഥികള്‍

Last Updated : Mar 18, 2023, 7:42 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.