ETV Bharat / state

പ്രിയ വര്‍ഗീസിന് നിയമന ഉത്തരവ് കൈമാറി കണ്ണൂര്‍ സർവകലാശാല ; 15 ദിവസത്തിനകം ജോലിയില്‍ പ്രവേശിക്കാൻ നിർദേശം

author img

By

Published : Jul 4, 2023, 3:29 PM IST

പ്രിയ വര്‍ഗീസിനെ കണ്ണൂര്‍ സർവകലാശാലയുടെ നീലേശ്വരം ക്യാമ്പസിൽ മലയാളം വിഭാഗത്തില്‍ അസോസിയേറ്റ് പ്രൊഫസറായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് സർവകലാശാല കൈമാറി

Priya Varghese  Priya Varghese appointment letter  Kannur University  appointment order to Priya Varghese  പ്രിയ വര്‍ഗീസിന് നിയമന ഉത്തരവ്  പ്രിയ വര്‍ഗീസ്  കണ്ണൂര്‍ സർവകലാശാല  പ്രിയ വര്‍ഗീസിനെ അസോസിയേറ്റ് പ്രൊഫസറായി നിയമിച്ചു
പ്രിയ വര്‍ഗീസിന് നിയമന ഉത്തരവ്

കണ്ണൂര്‍ : കണ്ണൂര്‍ സര്‍വകലാശാലയുടെ മലയാള വിഭാഗത്തില്‍ അസോസിയേറ്റ് പ്രൊഫസറായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് അധികൃതര്‍ പ്രിയ വർഗീസിന് കൈമാറി. നീലേശ്വരം ക്യാമ്പസിലാണ് പ്രിയ വര്‍ഗീസിന് നിയമനം. കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് നിയമനം സംബന്ധിച്ച ഉത്തരവ് സര്‍വകലാശാല പ്രിയയ്‌ക്ക് കൈമാറിയത്.

15 ദിവസത്തിനകം ജോലിയില്‍ പ്രവേശിക്കാനാണ് നിര്‍ദേശം. പ്രിയ വര്‍ഗീസിന് മതിയായ യോഗ്യത ഉണ്ടെന്ന ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നിയമന ഉത്തരവ് നല്‍കിയത്. അസോസിയേറ്റ് പ്രൊഫസര്‍ തസ്‌തികയിലേക്ക് അപേക്ഷിക്കുന്നതിന് 2018 ലെ ചട്ട പ്രകാരമുള്ള അധ്യാപന പരിചയം പ്രിയ വര്‍ഗീസിന് ഇല്ലെന്ന് യുജിസി ഹൈക്കോടതിയിൽ മുന്‍പ് പറഞ്ഞിരുന്നു. എന്നാല്‍ ഈ വാദം ഹൈക്കോടതി തള്ളുകയും നിയമനം ശരിവയ്ക്കു‌കയുമായിരുന്നു.

2018ലെ യുജിസി ചട്ട പ്രകാരം അസോസിയേറ്റ് പ്രൊഫസർ തസ്‌തികയിലേക്ക് അപേക്ഷിക്കാനുള്ള അധ്യാപന പരിചയം എട്ട് വര്‍ഷമാണ്. എയ്‌ഡഡ് കോളജില്‍ ജോലിക്ക് പ്രവേശിച്ച ശേഷം പ്രിയ വര്‍ഗീസ് ഫാക്കല്‍റ്റി ഡെവലപ്മെന്‍റ് പ്രോഗ്രാം പ്രകാരം മൂന്ന് വര്‍ഷം പിഎച്ച്‌ഡി ഗവേഷണം നടത്തിയ കാലയളവും കണ്ണൂര്‍ സര്‍വകലാശാലയില്‍ സ്റ്റുഡന്‍റ് ഡീന്‍ ആയി ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്‌ത രണ്ട് വര്‍ഷവും ചേര്‍ത്താണ് അധ്യാപന പരിചയം കാണിച്ചിരിക്കുന്നത്. അേതസമയം ഗവേഷണ കാലയളവും സ്റ്റുഡന്‍റ് ഡീന്‍ ആയി ജോലി ചെയ്‌ത കാലയളവും അധ്യാപന പരിചയത്തില്‍ കണക്കാക്കാനാവില്ലെന്നാണ് യുജിസി വാദം.

അതേസമയം ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനാണ് യുജിസി തീരുമാനം. വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ നിയമോപദേശം ലഭിച്ചതിന് പിന്നാലെ യുജിസിയുടെ നിയമവിഭാഗം കൂടിയാലോചനകള്‍ തുടങ്ങി. ഒരു മാസത്തിനകം അപ്പീല്‍ നല്‍കാനാണ് നീക്കം. ഹൈക്കോടതി വിധി സ്റ്റേ ചെയ്യാന്‍ യുജിസി ആവശ്യപ്പെട്ടേക്കും.

വിവാദമായി നിയമനം : മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ കെ കെ രാഗേഷിന്‍റെ ഭാര്യ പ്രിയ വർഗീസിനെ മതിയായ യോഗ്യതയില്ലാതെയാണ് കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസറായി തെരഞ്ഞെടുത്തത് എന്ന ആരോപണമാണ് വിവാദത്തിൽ എത്തിനിന്നത്. യുജിസി വ്യവസ്ഥ അനുസരിച്ചുള്ള അധ്യാപനപരിചയം പ്രിയക്ക് ഇല്ലെന്നതായിരുന്നു പ്രധാന ആരോപണം. 2012ൽ തൃശൂർ കേരളവർമ കോളജിൽ മലയാളം അസിസ്റ്റന്‍റ് പ്രൊഫസറായി നിയമനം ലഭിച്ച പ്രിയ വർഗീസ് സർവീസിലിരിക്കെ മൂന്ന് വർഷത്തെ അവധിയിൽ ഗവേഷണം നടത്തി പിഎച്ച്ഡി നേടിയിരുന്നു.

also read : അസോ. പ്രൊഫസർ നിയമനം; പ്രിയ വർഗീസിന് യോഗ്യതയില്ലെന്ന ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവ് റദ്ദാക്കി ഡിവിഷൻ ബഞ്ച്

2018ലെ യുജിസി നിയമ പ്രകാരം അസോസിയേറ്റ് പ്രൊഫസർ, പ്രൊഫസർ, നിയമനങ്ങൾക്ക് ഗവേഷണ ബിരുദം നേടുന്നതിന് വിനിയോഗിച്ച കാലയളവ് അധ്യാപന പരിചയമായി കണക്കുകൂട്ടാൻ പാടില്ലെന്ന് വ്യവസ്ഥയുണ്ട്. ഉദ്യോഗാർഥികളിൽ ഏറ്റവും കുറവ് റിസർച്ച് സ്കോർ പ്രിയ വർഗീസിന് ആയിരുന്നിട്ടും അഭിമുഖത്തിൽ ഉയർന്ന മാർക്ക് ലഭിച്ചു. ഇത് പ്രിയക്ക് ഒന്നാം റാങ്ക് കിട്ടാൻ കാരണമായെന്നും ആക്ഷേപമുയര്‍ന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.