കണ്ണൂര്‍: സ്വകാര്യ ബസ് ഡ്രൈവര്‍ മനേക്കരയിലെ പുതിയ വീട്ടില്‍ ജിജിത്ത് മരിക്കാനിടയായ സംഭവത്തില്‍ പ്രതികളെക്കുറിച്ച് പോലീസിന് വ്യക്തമായ സൂചന ലഭിച്ചു. കഴിഞ്ഞ ശനിയാഴ്‌ച വൈകീട്ട് പുന്നോല്‍ പെട്ടിപ്പാലത്ത് വെച്ച് ജിജിത്ത് ഓടിച്ചിരുന്ന ബസ് ഇടിച്ച് കാല്‍നട യാത്രക്കാരന് പരിക്കേറ്റിരുന്നു.തുടര്‍ന്ന് പ്രകോപിതരായ നാട്ടുകാരില്‍ ചിലര്‍ ജിജിത്തിനെ ആക്രമിച്ചു. സ്വയരക്ഷയ്ക്ക് ഓടിമാറാന്‍ നോക്കിയെങ്കിലും ആക്രമികള്‍ പിന്നാലെ കൂടി ജിജിത്തിനെ മാര്‍ദ്ദിച്ചു. പ്രാണരക്ഷാര്‍ഥം ഓടുന്നതിനിടെ ജിജിത്ത് റെയില്‍വെ ട്രാക്കില്‍ അകപ്പെടുകയും ട്രെയിന്‍ ഇടിച്ച് മരിക്കുകയുമായിരുന്നു (Bus driver died after being hit by train).
വടകര-തലശ്ശേരി റൂട്ടിലെ ഭഗവതി ബസ് ഡ്രൈവറായിരുന്നു കെ. ജിജിത്ത്. പെട്ടിപ്പാലം കോളനിയിലെ മുനീറിനാണ് അപകടത്തില്‍ പരിക്കേറ്റത്. ബസ് തട്ടി നിലത്ത് വീണ് താടിയെല്ല് തകര്‍ന്ന മുനീറിനെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഭയന്നോടിയ ഡ്രൈവറുടെ മൃതദേഹം ഏറെക്കഴിഞ്ഞാണ് റെയില്‍പ്പാളത്തിന്നരികില്‍ നിന്നും കണ്ടെത്തിയത്. അക്രമികള്‍ പിന്നാലെ ഓടിയതിനാലാണ് ജിജിത്ത് റെയില്‍വേ ട്രാക്കിലേക്ക് ഓടിക്കയറിയത്.
സംഭവത്തില്‍ പോലീസ് നാല് പേര്‍ക്കെതിരെ കേസെടുത്തു. പ്രതികള്‍ ഇന്നു തന്നെ അറസ്റ്റിലാകുമെന്നാണ് പൊലീസ് നല്‍കുന്ന സൂചന. ഡ്രൈവറുടെ മരണത്തില്‍ തൊഴിലാളി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. സംഭവത്തില്‍ ന്യൂമാഹി പോലീസ് മൂന്ന് കേസുകള്‍ രജിസ്ട്രര്‍ ചെയ്‌തിട്ടുണ്ട്. ഇതേ ബസിലെ കണ്ടക്‌ടര്‍ നീര്‍വേലി സ്വദേശി വിജേഷിനെ മര്‍ദ്ദിച്ച സംഭവത്തില്‍ നാല് പേര്‍ക്കെതിരെ മറ്റൊരു കേസെടുത്തിട്ടുണ്ട്. പരിക്കേറ്റ മുനീര്‍ വീണ് കിടക്കുന്നതു കണ്ട് കണ്ടക്‌ടര്‍ അടുത്തു ചെന്ന ഉടനെയാണ് നാട്ടുകാര്‍ മര്‍ദ്ദിച്ചത്.
വടകര-തലശ്ശേരി റൂട്ടിലെ ബസ് ഓടിക്കുന്നതിനിടയില്‍ പുന്നോല്‍ പെട്ടിപ്പാലത്തു വെച്ച് ആള്‍ക്കൂട്ട ആക്രമണത്തില്‍ പരിക്കേല്‍ക്കുകയും പ്രാണരക്ഷാര്‍ത്ഥം ഓടിയ ജിജിത്തിനെ പിന്‍തുടര്‍ന്ന് അക്രമികള്‍ മര്‍ദ്ദിച്ച് ആവശനാക്കിയ ശേഷം സമീപത്തെ റെയില്‍പ്പാളത്തില്‍ ഉപേക്ഷിച്ചെന്നുമാണ് ജിജിത്തിന്‍റെ ഭാര്യയുടെ പരാതി.
സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ ആക്‌ടിങ് ചെയര്‍പേഴ്‌സന്‍ കെ. ബൈജുനാഥ് സ്വമേധയാ കേസെടുക്കുകയായിരുന്നു.
പെട്ടിപ്പാലം കോളനി ബസ്സ് സ്‌റ്റോപ്പില്‍ നിര്‍ത്തി യാത്രക്കാരെ കയറ്റുകയായിരുന്ന സ്വകാര്യ ബസ്സിന്‍റെ മുന്‍പിലൂടെയാണ് പരിക്കേറ്റ മുനീര്‍ റോഡ് മുറിച്ച് കടന്ന് എതിര്‍ ദിശയിലേക്ക് പോയത്. നിര്‍ത്തിയിട്ട ബസ്സിനെ മറികടക്കുകയായിരുന്നു ഭഗവതി ബസ്സ്.
ജോലിക്കിടയിലുണ്ടായ അപകടത്തിന്‍റെ പേരില്‍ സ്വകാര്യ ബസ്സ് ജീവനക്കാരെ പീഡിപ്പിച്ചതാണ് കെ. ജിജിത്തിന്‍റെ മരണത്തിനിടയാക്കിയതെന്ന് ഐ.എന്‍.ടി.യു.സി. ആരോപിക്കുന്നു. ഡ്രൈവര്‍ മരിക്കാനിടയായ സംഭവത്തിന് ഉത്തരവാദികളായവരുടെ പേരില്‍ കര്‍ശന നിയമ നടപടികള്‍ കൈക്കൊള്ളണമെന്ന് തലശ്ശേരി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.
ALSO READ: യുവാവ് കുത്തേറ്റ് മരിച്ചു; മദ്യപാനത്തിനിടെ വാക്കേറ്റവും സംഘര്‍ഷവും