ETV Bharat / state

കീടങ്ങളെ അകറ്റാന്‍ നെല്‍പ്പാടത്ത് ഇനി ഡ്രോണ്‍ പറക്കും; ഹൈടെക്‌ കൃഷിരീതി പരിചയപ്പെടുത്തി കൃഷിവകുപ്പ്

author img

By

Published : Oct 10, 2022, 4:13 PM IST

Drone Farming  idukki Agriculture Department Drone Farming  നെല്‍പ്പാടത്ത് ഇനി ഡ്രോണ്‍ പറക്കും  ഹൈടെക്‌ കൃഷിരീതി പരിചയപ്പെടുത്തി കൃഷിവകുപ്പ്  കൃഷിവകുപ്പ്
കീടങ്ങളെ അകറ്റാന്‍ നെല്‍പ്പാടത്ത് ഇനി ഡ്രോണ്‍ പറക്കും; ഹൈടെക്‌ കൃഷിരീതി പരിചയപ്പെടുത്തി കൃഷിവകുപ്പ്

കളനിയന്ത്രണം, വളപ്രയോഗം തുടങ്ങിയ നിരവധി ആവശ്യങ്ങള്‍ക്കായി ഡ്രോണ്‍ ഉപയോഗിക്കാനാവും. സാമ്പത്തിക, സമയ ലാഭം എന്നിവയ്‌ക്ക് പുറമെ തൊഴിലാളി ക്ഷാമവും മറികടക്കാന്‍ ഡ്രോണ്‍ കൃഷി രീതിയിലൂടെ സാധിക്കും

ഇടുക്കി: ഡ്രോണുകൾ ഉപയോഗിച്ചുള്ള കൃഷി രീതി പരിചയപ്പെടുത്തി കൃഷിവകുപ്പ്. തൊടുപുഴ അഞ്ചിരി പാടശേഖരത്തിലെ കര്‍ഷകര്‍ക്കാണ് ഞായറാഴ്‌ച (ഒക്‌ടോബര്‍ 9) പരീക്ഷണാടിസ്ഥാനത്തിൽ ഡ്രോൺ ഉപയോഗിച്ചുള്ള കൃഷി രീതി പരിചയപ്പെടുത്തിയത്. കാര്‍ഷിക രംഗത്ത് രാജ്യമൊട്ടാകെ നടപ്പാക്കുന്ന അതിനൂതനമായ മാര്‍ഗങ്ങളിലൊന്നാണിത്.

തൊടുപുഴയില്‍ ഡ്രോണുകൾ ഉപയോഗിച്ചുള്ള കൃഷി രീതി പരിചയപ്പെടുത്തി കൃഷിവകുപ്പ്

കളനിയന്ത്രണം, വളപ്രയോഗം, കീടനിയന്ത്രണം, ഏരിയല്‍ സര്‍വേ എന്നിവയില്‍ ഡ്രോണുകളുടെ സാധ്യത ഫലപ്രദമായി ഉപയോഗിക്കാം. കുറഞ്ഞ അളവില്‍ കൂടുതല്‍ കൃഷിയിടങ്ങളിലേക്ക് ചുരുങ്ങിയ സമയത്തില്‍ വിളസംരക്ഷണ ഉപാധികള്‍ പ്രയോഗിക്കുന്നതിന് ഡ്രോണുകള്‍ വഴി സാധ്യമാണ്. കൃഷിയിടത്തിന്‍റെ എല്ലാ ഭാഗത്തും ഒരേ പോലെ ഡ്രോണ്‍ ഉപയോഗിച്ച് കളനാശിനിയും വളവും ഉള്‍പ്പെടെയുള്ളവ സ്‌പ്രേ ചെയ്യാനാവും.

ഡ്രോണിലൂടെ നേടാം അധിക വരുമാനം: തൊഴിലാളികളുടെ ലഭ്യതക്കുറവിനും പരിഹാരമാണ് ഡ്രോണ്‍. തൊഴില്‍ സമയം കുറയ്ക്കുന്നതിന് പുറമേ കൂലിയിനത്തിലും ചെലവ് കുറയ്ക്കാമെന്നതും ഈ സാങ്കേതിക വിദ്യയുടെ നേട്ടമാണ്. ഇതോടൊപ്പം കൃഷിയിടത്തിലാകെ നിരീക്ഷണവും നടത്താം. പരമ്പരാഗത കൃഷിരീതികളില്‍ നിന്നും മാറി കാര്‍ഷികരംഗം സ്‌മാര്‍ട്ടാക്കി മെച്ചപ്പെട്ട വിളവും അധിക വരുമാനവും ലഭ്യമാക്കാന്‍ ഡ്രോണുകള്‍ വഴി സാധ്യമാണെന്ന് കൃഷി വകുപ്പ് അധികൃതര്‍ പറയുന്നു.

നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാന കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയായ സ്‌മാം (സബ്‌മിഷന്‍ ഓണ്‍ അഗ്രികള്‍ച്ചറല്‍ മെക്കനൈസേഷന്‍) പദ്ധതി പ്രകാരം 10 ലക്ഷം വരെ വില വരുന്ന ഡ്രോണുകള്‍ കര്‍ഷകര്‍ക്ക് നാല് മുതല്‍ അഞ്ച് ലക്ഷം രൂപയ്‌ക്ക് വരെ സബ്‌സിഡി ഇനത്തില്‍ ലഭ്യമാക്കും. പദ്ധതിയുടെ പ്രചാരണത്തിന്‍റെ ഭാഗമായി 100 ശതമാനം സബ്‌സിഡിയോടു കൂടി ഡെമോണ്‍സ്ട്രേഷനുകള്‍ കൃഷിയിടങ്ങളില്‍ നടപ്പാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.